Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് അഞ്ചംഗ കുടുംബത്തെ കാണാനില്ല; റെയിൽവേ സ്‌റ്റേഷൻ വഴി കർണാടകയിലേക്ക് തിരിച്ചുവെന്ന് വിവരം 

കോഴിക്കോട്  - കൂരാച്ചുണ്ടിൽ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ കുടുംബത്തിലെ അഞ്ചുപേരെ കാണാനില്ലെന്ന ഗൃഹനാഥൻ. കൂരാച്ചുണ്ട് എരപ്പാംതോട് താമസിക്കുന്ന മധു ഷെട്ടിയാണ് ഭാര്യ സ്വപ്‌ന, മക്കളായ പൂജശ്രീ (13), കാവ്യശ്രീ (12), സ്വപ്‌നയുടെ സഹോദരിയുടെ മക്കളായ ഭാരതി (18), തേജ് (17) എന്നിവരെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. 
 കഴിഞ്ഞ മാസം 20 മുതൽ കാണാനില്ലെന്നാണ് പരാതിയിലുള്ളത്. സർക്കസുകാരായ മധു ഷെട്ടിയും കുടുബവും കഴിഞ്ഞ പത്ത് വർഷത്തിലധികമായി കൂരാച്ചുണ്ടിലാണ് താമസം. തെങ്ങുകയറ്റവും ലോട്ടറി വില്പനയും ഉൾപ്പെടെയുള്ള ജോലി ചെയ്താണ് മധു കുടുംബം പുലർത്തിയത്. സ്വപ്‌ന സമീപത്തെ വീടുകളിൽ വീട്ടുജോലിയും ചെയ്തിരുന്നു. മൂത്ത മകൾ പൂജശ്രീ ഭിന്നശേഷിക്കാരിയും കാവ്യശ്രീ  അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമാണ്. കാണാതായ ദിവസം അഞ്ച് പേരും നാട്ടിലെ ഒരു ഓട്ടോക്കാരനെ വിളിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോയതായാണ് വിവരം. സംസാരത്തിൽ ഇവർ ബാംഗ്ലൂരിലേക്ക് പോകാനുള്ള ശ്രമമാണെന്ന് തോന്നിയതായി ഓട്ടോ ഡ്രൈവർ പ്രതികരിച്ചു.
 സമീപ വിട്ടുകാരുമായെല്ലാം കുടുംബം നല്ല ബന്ധത്തിലായിരുന്നു. മധു ഷെട്ടിയും ഭാര്യ സ്വപ്നയും തമ്മിൽ വല്ലപ്പോഴും വഴക്കുണ്ടാവാറുണ്ടെന്നും എന്നാൽ  വീട് വിട്ടുപോകാൻ മാത്രമുള്ള പ്രശ്‌നമുള്ളതായി അറിയില്ലെന്നും സമീപവാസികൾ പ്രതികരിച്ചു. ശബരിമല ദർശനത്തിന് പോയി മടങ്ങിയെത്തിയ മധു ഷെട്ടി ഇവരെ കാണാതാകുന്നതിന്റെ തലേ ദിവസം മദ്യപിച്ചതിന്റെ പേരിൽ ചെറിയ വാക്കുതർക്കമുണ്ടായതായും വിവരമുണ്ട്. 
 നിലവിൽ ഇവർ കർണാടകയിൽ ഉള്ളതായി വിവരമുള്ളതിനാൽ ഒരുസംഘം പോലീസ് കർണാടകയിലേക്ക് തിരിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാണെന്നും കൂരാച്ചുണ്ട് പോലീസ് പ്രതികരിച്ചു. ഇവർ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും സിംകാർഡുകൾ നിലവിൽ ആരുടേതും പ്രവർത്തിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു.
 

Latest News