Sorry, you need to enable JavaScript to visit this website.

ചുറ്റുമതില്‍ ഇല്ലാത്ത മൃഗശാല പോലെ വയനാട്; കാടിന്റെ ദുരവസ്ഥയില്‍ വ്യാകുലതയില്ലാതെ ഭരണകൂടം

കല്‍പറ്റ- ആനയും കടുവയും കരടിയും അടക്കം വന്യജീവികള്‍ നഗരങ്ങളിലടക്കം ഇറങ്ങുന്നത് ആവര്‍ത്തിക്കുമ്പോഴും കാടിന്റെ ദുരവസ്ഥയില്‍ വ്യാകുലതയില്ലാതെ ഭരണകൂടം. കാട് കാടല്ലാതാകുന്നതാണ് നാട്ടിലെ വര്‍ധിച്ച വന്യമൃഗ സാന്നിധ്യത്തിനു മുഖ്യകാരണമെന്നു പരിസ്ഥിതി രംഗത്തേതടക്കം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പരിഹാര നടപടികളില്‍നിന്നു വഴുതിമാറുകയാണ് ഭരണചക്രം തിരിക്കുന്നവര്‍. വനത്തിന്റെ നൈസര്‍ഗിക സവിശേഷതള്‍ തിരിച്ചുപിടിക്കുന്നതിനും വന്യജീവികളെ വനത്തില്‍ത്തന്നെ നിര്‍ത്തുന്നതിനും ശാസ്ത്രീയ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അധികാരികള്‍ ഉദാസീനത തുടരുകയാണ്.
ജില്ലയുടെ വനാര്‍തിര്‍ത്തി പ്രദേശങ്ങളില്‍ മനുഷ്യവന്യജീവി സംഘര്‍ഷം ശക്തിപ്രാപിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ ജില്ലയില്‍ 51 പേര്‍ക്കു ജീവഹാനി സംഭവിച്ചതായാണ് വനം വകുപ്പിന്റെ കണക്ക്. കാട്ടാന ആക്രമണത്തില്‍ 41 പേര്‍ മരിച്ചു. കടുവ ഏഴും കാട്ടുപോത്ത് രണ്ടും ആളുകളെ കൊന്നു. കാട്ടുപന്നി ഒരാളെ വകവരുത്തി. ദശാബ്ദത്തിനിടെ നിരവധിയാളുകള്‍ക്കാണ് വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റത്. അധ്വാനിച്ച് രണ്ടുകാലില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്  ഇവരില്‍ പലരും. നാട്ടിലിറങ്ങുന്ന വന്യജീവികള്‍ വരുത്തുന്ന നാശം ഭീമമാണ്. വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷി നശിച്ചവര്‍ക്കുമായി 11.89 കോടി രൂപആണ് ജില്ലയില്‍ വനം വകുപ്പ് ജില്ലയില്‍ വിതരണം ചെയ്തത്.
അധിനിവേശ സസ്യങ്ങള്‍ കീഴടക്കിയിരിക്കയാണ് വയനാടന്‍ വനത്തിന്റെ പല ഭാഗങ്ങളെയും. ഗതകാലത്ത് നൂറുകണക്കിനു ഹെക്ടര്‍ സ്വാഭാവിക വനം ഏകവിളത്തോട്ടമാക്കിയതും കാടിന്റെ ചൈതന്യം കെടുത്തി.
23 ഇനം അധിനിവേശ സസ്യങ്ങളാണ് വയനാട് വന്യജീവി സങ്കേതത്തില്‍ തഴച്ചുവളരുന്നത്. നീലഗിരി ജൈവ മണ്ഡലത്തില്‍ അധിനിവേശസസ്യങ്ങളില്‍ അധികവും 344.4 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള വയനാട് വന്യജീവി സങ്കേതത്തിലാണ്. മഞ്ഞക്കൊന്ന, അരിപ്പൂ(കൊങ്ങിണി), കമ്മ്യൂണിറ്റുപച്ച, ആനത്തൊട്ടാവാടി, ധൃതരാഷ്ട്രപ്പച്ച, പാര്‍ത്തീനിയം, കമ്മല്‍പ്പൂ... ഇങ്ങനെ നീളുകയാണ് അധിനിവേശ സസ്യ ഇനങ്ങളുടെ നിര. മുത്തങ്ങ, ബത്തേരി, തോല്‍പ്പെട്ടി, കുറിച്യാട് എന്നീ നാല് റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് വയനാട് വന്യജീവി സങ്കേതം. ഇതില്‍ കുറിച്യാട് ഒഴികെ റേഞ്ചുകളില്‍  മഞ്ഞക്കൊന്ന വ്യാപകമായാണ്  വളരുന്നത്. മുത്തങ്ങ റേഞ്ചിലെ കാക്കപ്പാടം, തകപ്പാടി പ്രദേശങ്ങളില്‍ അനേകം ഹെക്ടര്‍ നൈസര്‍ഗിക അടിക്കാടാണ് മഞ്ഞക്കൊന്നയുടെ വ്യാപനം മൂലം നശിച്ചത്. വന്യജീവി സങ്കേതത്തിന്റെ ആകെ വിസ്തൃതിയില്‍  ഏകദേശം 10  ശതമാനവും മഞ്ഞക്കൊന്ന കീഴടക്കിയതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
വന്യജീവി സങ്കേതം പരിധിയില്‍ വരുന്നതടക്കം വയനാടന്‍ വനത്തെ അധിനിവേശ സസ്യങ്ങളുടെ പിടിയില്‍നിന്നു മോചിപ്പിക്കുന്നതിനു പര്യാപ്തമായ പദ്ധതികള്‍ സര്‍ക്കാരോ വനംവന്യജീവി വകുപ്പോ നടപ്പാക്കുന്നില്ല. അപ്‌റൂട്ടിംഗ്,  ബാര്‍ക്കിംഗ് രീതികളിലുടെ മഞ്ഞക്കൊന്നയെ നശിപ്പിക്കാന്‍ നടത്തുന്ന ശ്രമം ഫലവത്താകുന്നില്ല.  നീലഗിരി ജൈവ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കര്‍ണാടകയിലെ ബന്ദിപ്പുര, നാഗര്‍ഹോള, കാവേരി, ബി.ആര്‍.ടി, നൂഗു,  തമിഴ്‌നാട്ടിലെ മുതുമല വനങ്ങളും അധിനിവേശ സസ്യങ്ങളുടെ പിടിയിലാണ്. സ്വാഭാവിക സസ്യലതാദികളെ നശിപ്പിക്കുന്ന അധിനിവേശ സസ്യങ്ങള്‍ കാടിന്റെ സന്തുലനം തകര്‍ക്കുകയാണെന്ന്് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ പറഞ്ഞു.
വ്യാവസായിക വികസത്തിനുവേണ്ടി 1950 മുതല്‍ 1980കളുടെ തുടക്കം വരെ സ്വാഭാവിക വനങ്ങള്‍ വെട്ടിത്തെളിച്ച് ഉണ്ടാക്കിയതാണ്  ജില്ലയിലെ ഏകവിളത്തോട്ടങ്ങള്‍. ജില്ലയില്‍ സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, വൈല്‍ഡ് ലൈഫ് ഡിവിഷനുകളിലായി  ഏകദേശം 200 ചതുരശ്ര കിലോമീര്‍ തേക്ക്, യൂക്കാലിപ്ട്‌സ്, കാറ്റാടി തോട്ടങ്ങളുണ്ട്. വന്യജീവി സങ്കേതത്തില്‍ 101.48 ചതുരശ്ര കിലോമീറ്റര്‍ ഏകവിളത്തോട്ടമാണ്.
വനാതിര്‍ത്തി പ്രദേശങ്ങളിലെ വര്‍ധിച്ച വന്യജീവി ശല്യത്തിനും വേനലിലെ ജലക്ഷാമത്തിനും  മുഖ്യ കാരണങ്ങളില്‍ ഒന്ന് കാട്ടിലെ ഏകവിള തോട്ടങ്ങളുടെ ആധിക്യമാണെന്ന് വന സംരക്ഷണ രംഗത്തുള്ളവര്‍ പറയുന്നു. എന്നാല്‍ ഇത് കാതുതുറന്നു കേള്‍ക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ കൂട്ടാക്കുന്നില്ല.
നൈസര്‍ഗിക വനത്തിന്റെ വീണ്ടെടുപ്പിനു വനംവന്യജീവി വകുപ്പ് സമര്‍പ്പിച്ച നയരേഖ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായെങ്കിലും ഏകവിളത്തോട്ടങ്ങള്‍ സ്വാഭാവിക വനമാക്കുന്നതിനുള്ള നീക്കങ്ങള്‍ക്കു മന്ദഗതിയാണ്. ജൈവ വൈവിധ്യത്തിന് ഭീഷണിയായ മൈക്കിനിയ, സെന്ന(മഞ്ഞക്കൊന്ന), ആവാസ വ്യവസ്ഥയ്ക്കു യോജ്യമല്ലാത്ത മറ്റു സസ്യ ഇനങ്ങള്‍ എന്നിവയെ വനമേഖലയില്‍നിന്നു ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയതാണ് നയരേഖ. ഏകവിളത്തോട്ടങ്ങളും മഞ്ഞക്കൊന്ന ഉള്‍പ്പെടെ അധിനിവേശ സസ്യങ്ങളും വനത്തില്‍നിന്നു ഒഴിവായാല്‍ ജില്ലയിലെ പരിസ്ഥിതി തകര്‍ച്ചയ്ക്കു ഒരളവോളം പരിഹാരമാകുമെന്നു അഭിപ്രായപ്പെടുന്നവര്‍ നിരവധിയാണ്.

 

Latest News