മദ്യപിച്ച് ബസില്‍ കയറിയ യുവതി കണ്ടക്ടറെ ചീത്ത വിളിച്ചു, ശാരീരികമായി ഉപദ്രവിച്ചു 

ഹൈദരാബാദ്- ബസ് കണ്ടക്ടര്‍മാര്‍ക്ക് നേരെ യുവതിയുടെ അതിക്രമം. കണ്ടക്ടര്‍മാരെ ചീത്ത വിളിക്കുകയും ഒരു കണ്ടക്ടറെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. യുവതി മദ്യപിച്ചാണെത്തിയത്. സംഭവത്തെ ടിഎസ്ആര്‍ടിസി എംഡി വിസി സജ്ജനാര്‍ ശക്തമായി അപലപിച്ചു.  ഹയാത്ത് നഗറിലെ ഡിപ്പോ-1 പരിധിയിലാണ് സംഭവം. ആദ്യം യുവതി ഒരു പുരുഷ കണ്ടക്ടറെ ചീത്ത വിളിക്കുകയാണ്. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ അവരെ ശാന്തയാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. അവര്‍ വീണ്ടും വീണ്ടും കണ്ടക്ടറോട് ദേഷ്യപ്പെടുകയും അയാളെ ചീത്തവിളിക്കുകയും ചെയ്യുന്നു. പിന്നാലെ, ഒരു വനിതാ കണ്ടക്ടര്‍ അങ്ങോട്ട് വന്ന് യുവതിയോട് സംസാരിക്കുന്നുണ്ട്. എന്നാല്‍, അവരതൊന്നും കേള്‍ക്കാനേ തയ്യാറല്ല. മറിച്ച് പുരുഷ കണ്ടക്ടറെ ശാരീരികമായി ഉപദ്രവിക്കാനും തുടങ്ങി.
ബസിലുണ്ടായിരുന്ന യാത്രക്കാരും കണ്ടക്ടര്‍മാരും ഒന്നും വിചാരിച്ചിട്ടും യുവതിയെ ശാന്തയാക്കാന്‍ സാധിച്ചില്ല എന്നാണ് വീഡിയോയില്‍. 20 മിനിറ്റ് നേരത്തോളം യുവതി കണ്ടക്ടറെ ചീത്ത വിളിക്കുന്നതും ഉപദ്രവിക്കുന്നതും തുടര്‍ന്നു. യുവതി കണ്ടക്ടറുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അതുപോലെ കണ്ടക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്.
ബസിന്റെ ആദ്യത്തെ ട്രിപ്പിന്റെ സമയത്താണ് ഈ സംഭവം നടന്നത്. യുവതിയോട് കണ്ടക്ടര്‍ ചില്ലറയില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് പ്രശ്നമുണ്ടായത് എന്നാണ് കരുതുന്നത്. ഏതായാലും, സംഭവത്തിന് പിന്നാലെ എല്‍ ബി നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം നടക്കുകയാണ്.

Latest News