Sorry, you need to enable JavaScript to visit this website.

മൂന്ന് വര്‍ഷത്തിനിടെ മൂന്ന് ലക്ഷം പ്രവാസികള്‍  തിരിച്ചെത്തി, കേരളം സാമ്പത്തിക തകര്‍ച്ചയിലേക്ക് 

തിരുവനന്തപുരം-പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്നത് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമാക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കടുത്തുകൊണ്ടിരിക്കെ മൊത്തം സാമൂഹ്യ,സാമ്പത്തിക സ്ഥിതിക്ക് ഭീഷണിയായി പ്രവാസികള്‍ മടങ്ങിവരുന്നതും വര്‍ദ്ധിക്കുന്നു.മൂന്ന് വര്‍ഷത്തിനുള്ളില്‍ 2.78 ലക്ഷം പ്രവാസികളാണ് നാട്ടില്‍ തിരിച്ചെത്തിയത്. 2018-19ല്‍ 24ലക്ഷം മലയാളി പ്രവാസികളുണ്ടായിരുന്നു. 2022-23ല്‍ 21.21ലക്ഷമായി കുറഞ്ഞു. വിദേശത്ത് പഠിക്കാനും സന്ദര്‍ശനത്തിനും പോകുന്നവര്‍ ഒഴികെ വരുമാനമുണ്ടാക്കുന്നവരുടെ കണക്കാണിത്.
പ്രവാസി വരുമാനത്തില്‍ മുന്നിലായിരുന്ന കേരളം ഇപ്പോള്‍ മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്തായെന്ന് സാമ്പത്തിക സ്ഥിതിവിവര കണക്കില്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള നാടാണ് ഇന്ത്യ. 1.8 കോടി. ഇവരിലൂടെ പ്രതിവര്‍ഷം 8215 കോടി ഡോളറാണ് ഇന്ത്യയിലേക്ക് വരുന്നത്. ഏകദേശം ഏഴ് ലക്ഷം കോടി രൂപ. മൊത്തം പ്രവാസി വരുമാനത്തിന്റെ 35% ഇപ്പോള്‍ മഹാരാഷ്ട്രയിലാണ്. കേരളത്തിന്റെ വിഹിതം 10.2% ആയി കുറഞ്ഞു. ദല്‍ഹിക്ക് 9.7%. തമിഴ്‌നാടിന് 9.3%.കൂടുതല്‍ വരുമാനം കിട്ടുന്ന യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് മലയാളി കുടിയേറ്റം കുറഞ്ഞതും വരുമാനം കുറവുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും മാത്രം മലയാളികള്‍ പോകുന്നതുമാണ് കാരണം. തൊഴില്‍ നൈപുണ്യം ഉള്ളവരുടെ കുടിയേറ്റം കുറയുന്നതും കാരണമാണ്.

Latest News