Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദൗത്യം വിജയം: മയക്കുവെടിവെച്ച് പിടിച്ച കാട്ടുകൊമ്പനെ കര്‍ണാടക വനത്തിലേക്ക് മാറ്റി

മാനന്തവാടിയില്‍ മയക്കുവെടിവെച്ച് പിടിച്ച കൊമ്പനെ ലോറിയില്‍ കയറ്റി കൊണ്ടുപോകുന്നു.

മാനന്തവാടി- വടക്കേ വയനാട്ടിലെ മാനന്തവാടി ടൗണിലും സമീപങ്ങളിലും ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടിച്ച് കര്‍ണാടക വനത്തിലേക്ക് മാറ്റി.  വെടിയേറ്റു മയങ്ങിയ ആനയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍  രാത്രി പത്തോടെയാണ്  കുംകി ആനകളുടെ സഹായത്തോടെ ലോറിയില്‍(എലഫന്റ് ആംബുലന്‍സ്)കയറ്റിയത്. കുംകി കോന്നി സുരേന്ദ്രനാണ് കാട്ടാനയെ ലോറിയിലേക്ക് തള്ളിക്കയറ്റിയത്. കൊമ്പന്റെ കാലുകള്‍ വടത്തിനു ബന്ധിച്ചിരുന്നു.
ദൗത്യത്തില്‍ വനസേനയെ സഹായിക്കുന്നതിനു മുത്തങ്ങയില്‍നിന്നു മൂന്നു കുംകി ആനകളെയാണ് മാനന്തവാടിയില്‍ എത്തിച്ചത്.
ടൗണ്‍ പരിസരത്തെ താഴെയങ്ങാടിയില്‍ വാഴത്തോപ്പില്‍ തങ്ങിയ ആന രണ്ടുതവണ നിറയൊഴിച്ചശേഷമാണ് പൂര്‍ണമായും മയങ്ങിയത്. വാഴത്തോപ്പിലേക്ക് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച താത്കാലിക പാതയിലുടെയാണ് എലഫന്റ് ആംബുലന്‍സ് ഇറക്കിയത്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായ മുറയ്ക്കാണ് ആനയില്‍ മയക്കുവെടി പ്രയോഗിക്കുന്നതിനു നീക്കം ആരംഭിച്ചത്. വൈകുന്നേരം അഞ്ചരയ്ക്കാണ് ആദ്യ മയക്കുവെടി പ്രയോഗിച്ചത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആന പൂര്‍ണമായും മയങ്ങാത്ത സാഹചര്യത്തിലായിരുന്നു രണ്ടാമത്തേത്.
കഴിഞ്ഞ മാസം 16ന് കര്‍ണാടക വനം വകുപ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച്  കാട്ടില്‍ വിട്ട 'തണ്ണീര്‍' എന്ന കൊമ്പനാനയാണ് മാനന്തവാടിയില്‍ എത്തിയത്. ഹാസനിലെ  സഹാറ എസ്‌റ്റേറ്റില്‍നിന്നാണ് കര്‍ണാടക വനസേന ആനയെ പിടിച്ചത്. കാപ്പിത്തോട്ടങ്ങളില്‍ നിരന്തരം ഇറങ്ങിയ സാഹചര്യത്തിലായിരുന്നു ഇത്. മൂലഹള്ള വനത്തിലാണ് ആനയെ മോചിപ്പിച്ചത്. മൈസൂര്‍ ജില്ലയിലെ വനം ഉദ്യോഗസ്ഥരെയാണ് ആനയെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയത്.
തുറന്നുവിട്ട സ്ഥലത്തുനിന്നു ബന്ദിപ്പുര, നാഗര്‍ഹോള, വയനാട് വന്യജീവി സങ്കേതം വഴി ഏകദേശം 200 കിലോമീറ്റര്‍ താണ്ടിയാണ് ആന മാനന്തവാടിയിലെത്തിയത്. വ്യാഴാഴ്ച രാത്രി 11 ഓടെ തലപ്പുഴയിയില്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ട ആന പുലര്‍ച്ചെ എടവക പഞ്ചായത്തിലെ പായോട് എത്തി. പാല്‍ അളക്കാന്‍ പോയ കര്‍ഷകരാണ് പായോട് ആനയെ ആദ്യം കണ്ടത്. രാവിലെ എട്ടോടെയാണ് ആന നഗരത്തിലേക്ക് നീങ്ങിയത്. പായോടുനിന്നു പുഴ കടന്നാണ്  ആന പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് പരിസരത്ത് എത്തിയത്. ചിറക്കര, കണിയാരം, ഗോദാവരി കോളനി, ചങ്ങാടക്കടവ്, പായോട്, പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്, മാനന്തവാടി കോടതി, ട്രഷറി, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ പരിഭ്രാന്തി പരത്തിയ കൊമ്പന്‍ രാവിലെ ഒമ്പതരയോടെയാണ് താഴെ അങ്ങാടിയിലെ കമുക്‌വാഴ തോപ്പുകളിലായി തമ്പടിച്ചത്.
ടൗണില്‍ കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ ഭരണകൂടം ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചു. മാനന്തവാടിയിലും സമീപങ്ങളിലും സബ് കലക്ടര്‍ സാഗര്‍ മിസാല്‍ ഭരത്  നിരോധാജ്ഞ പ്രഖ്യാപിച്ചു. വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. പീടികകള്‍ അടച്ചിട്ടു. ജില്ലാ കലക്ടറും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരും സ്ഥലത്തെത്തി നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കി. കര്‍ണാടക വനം ഉദ്യോഗസ്ഥരും മാനന്തവാടിയിലെത്തി.  ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നഗരത്തില്‍ എത്തിയ ആന അക്രമസ്വഭാവം കാട്ടാതിരുന്നതും തമ്പടിച്ചത് ആള്‍ താമസം കുറഞ്ഞ പ്രദേശത്തായതും ദൗത്യം ഒരളവോളം സുഗമമാക്കി.

 

 

Latest News