തിരുവനന്തപുരം- കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക തള്ളിയത് സംബന്ധിച്ച് വൈസ് ചാന്‍സിലറോട് വിശദീകരണം തേടി ചാന്‍സലര്‍. തെരഞ്ഞെടുപ്പ് നടപടികള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാനും ചാന്‍സലര്‍ കൂടിയായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദ്ദേശിച്ചു.
ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത രണ്ട് സര്‍വകലാശാലാ അധ്യാപകരുടെ പത്രിക റിട്ടേണിങ് ഓഫീസര്‍ കൂടിയായ രജിസ്ട്രാര്‍ തള്ളി പകരം സര്‍വകലാശാല അധ്യാപക മണ്ഡലത്തില്‍ നിന്ന് സി. പി. എം നോമിനിയായ സ്ഥാനാര്‍ഥിയെ എതിരില്ലാതെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാക്കി എന്ന പരാതിയിലാണ് ഗവര്‍ണര്‍ നടപടി സ്വീകരിച്ചത്. ഇത് സംബന്ധിച്ച കത്ത് രാജ്ഭവന്‍ സെക്രട്ടറി കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ക്ക് നല്‍കി.
സര്‍വകലാശാല അധ്യാപക മണ്ഡലത്തില്‍നിന്നും മത്സരിച്ച് ജയിച്ചവരല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നോമിനികളായ ഡോ. പി. രവീന്ദ്രന്‍, ഡോ. ടി. എം. വാസുദേവന്‍ എന്നിവരുടെ പത്രികകള്‍ രജിസ്ട്രാര്‍ തള്ളിയത്.
സെനറ്റ് അംഗങ്ങള്‍ക്ക് സിന്‍ഡിക്കേറ്റില്‍ മത്സരിക്കാനുള്ള അവസരം സര്‍വകലാശാലാ നിയമത്തില്‍ നിഷേധിച്ചിട്ടില്ല എന്നിരിക്കെ രണ്ടുപേരുടെയും പത്രിക തള്ളിയത് ബോധപൂര്‍വമാണെന്നും ഇത് കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ക്ക് പരാതി സമര്‍പ്പിച്ചത്. പത്രിക നിരസിച്ചതിന്റെ കാരണം രേഖാമൂലം നല്‍കാന്‍ റിട്ടേണിങ് ഓഫീസറും വൈസ് ചാന്‍സറും വിസമ്മതിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.