വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റ് പോലും ലഭിക്കില്ലെന്ന് മമത ബാനര്‍ജി

ന്യൂദല്‍ഹി - വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റുകള്‍ പോലും നേടാനാകുമോ എന്ന് തനിക്ക് സംശയമുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുര്‍ഷിദാബാദില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
'കോണ്‍ഗ്രസ്, നിങ്ങള്‍ 300 ല്‍ 40 സീറ്റുകള്‍ നേടുമോ എന്ന് എനിക്കറിയില്ല. എന്തിനാണ് ഇത്രയും അഹങ്കാരം? നിങ്ങള്‍ ബംഗാളിലേക്ക് വന്നു, നമ്മള്‍ ഇന്ത്യ സഖ്യമല്ലേ. എന്നോടെങ്കിലും പറയൂ. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വാരാണസിയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുക. നിങ്ങള്‍ നേരത്തെ വിജയിച്ച സ്ഥലങ്ങളില്‍പോലും തോല്‍ക്കുകയാണ്- മമത ആഞ്ഞടിച്ചു.

'ഉത്തര്‍പ്രദേശില്‍ ഞങ്ങള്‍ക്കൊന്നുമില്ല. രാജസ്ഥാനില്‍ നിങ്ങള്‍ ജയിച്ചില്ല. ആ സീറ്റുകളില്‍ പോയി ജയിക്കൂ. നിങ്ങള്‍ എത്ര ധൈര്യശാലിയാണെന്ന് അപ്പോഴറിയാം. പോയി അലഹബാദില്‍ ജയിക്കൂ, വാരാണസിയില്‍ ജയിക്കൂ. നോക്കാം നിങ്ങള്‍ എത്ര ധൈര്യശാലികളാണെന്ന് - അവര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ബംഗാളില്‍ കോണ്‍ഗ്രസ് നേതാവ് ബീഡി തൊഴിലാളികളുമായി സംവദിക്കുന്നതിനെ പരാമര്‍ശിച്ച് മമത ബാനര്‍ജി പറഞ്ഞു, 'ഇപ്പോള്‍ ഫോട്ടോ ഷൂട്ടിന്റെ ഒരു പുതിയ ശൈലി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഒരിക്കലും അവരുടെ അടുത്തേക്ക് പോകാത്തവര്‍. ഇപ്പോള്‍ അവര്‍ ബീഡിത്തൊഴിലാളികള്‍ക്കൊപ്പമാണ് ഇരിക്കുന്നത്, അവരെല്ലാം ദേശാടന പക്ഷികളാണ് - മമത പറഞ്ഞു.

 

Latest News