വി.എം മുനീറിനെതിരെ പാര്‍ട്ടി നടപടിക്ക് ജില്ലാ ലീഗ് നേതൃത്വത്തിന്റെ പച്ചക്കൊടി

കാസര്‍കോട് - നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തിന് പുറമെ കൗണ്‍സില്‍ സ്ഥാനവും രാജിവെച്ച അഡ്വ. വി.എം മുനീറിനെതിരെ പാര്‍ട്ടി നടപടിക്ക്. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് നീക്കാനാണ് കാസര്‍കോട്  ചേര്‍ന്ന മുസ്‌ലിം ലീഗ് ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായത്.
മുനീറിന്റെ രാജിയിലേക്ക് നയിച്ച വിഷയം കൈകാര്യം ചെയ്യുന്നതില്‍ മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റിക്കും മണ്ഡലം കമ്മിറ്റിക്കും പോരായ്മ സംഭവിച്ചതായും ഇതേക്കുറിച്ച് പാര്‍ട്ടി പരിശോധിക്കണമെന്നും വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ചിലര്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും വാര്‍ഡ് കമ്മിറ്റിയോട് കൃത്യമായ രീതിയില്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്നാണ് ആരോപണം ഉയര്‍ന്നത്. പാര്‍ട്ടിയില്‍ നേരത്തെയുണ്ടായ ധാരണ പ്രകാരം ജില്ലാകമ്മിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് അഡ്വ. വി.എം മുനീര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. എന്നാല്‍ അദ്ദേഹം പ്രതിനിധീകരിച്ച ഖാസിലേന്‍ വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനം കൂടി രാജിവെച്ചത് പാര്‍ട്ടിയെ വിഷമിപ്പിച്ചു. വാര്‍ഡ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു രാജിയെന്ന് പറയുന്നു. എന്നാല്‍ മുനീര്‍ മേല്‍കമ്മിറ്റിയുമായി ഈ വിഷയം ചര്‍ച്ച ചെയ്യുകയോ അനുമതി വാങ്ങുകയോ ചെയ്തില്ല.
വിഷയത്തില്‍ മേല്‍കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുണ്ടായില്ലെന്ന അഭിപ്രായമാണ് ചില ലീഗ് പ്രവര്‍ത്തകരില്‍നിന്ന് ഉയരുന്നത്. എന്നാല്‍ വിഷയം രേഖാമൂലം ബന്ധപ്പെട്ട കമ്മിറ്റികളെ അറിയിക്കുന്നതിന് പകരം പരസ്യപ്രതികരണം നടത്തിയ വാര്‍ഡ് കമ്മിറ്റിയുടെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ലീഗ് ജില്ലാ ഭാരവാഹി പറഞ്ഞു. വിഷയത്തില്‍ ഇടപെടല്‍ നടത്തിയില്ലെന്ന ആരോപണം ശരിയല്ലെന്നും മുതിര്‍ന്ന നേതാക്കള്‍ വാര്‍ഡ് ഭാരവാഹികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ജില്ലാ ആസ്ഥാന മന്ദിര നിര്‍മ്മാണത്തിന്റെ ഫണ്ട് ശേഖരണം ഊര്‍ജിതപ്പെടുത്താന്‍  തീരുമാനിച്ചു.

 

Latest News