Sorry, you need to enable JavaScript to visit this website.

ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൂടി  യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്- വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഹായോ ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ത്ഥി ശ്രേയസ് റെഡ്ഡി ബെനിഗറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്.ശ്രേയസിന്റെ മരണത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അതിയായ ദുഖം രേഖപ്പെടുത്തി. ശ്രേയസിന്റെ ദൗര്‍ഭാഗ്യകാരമായ മരണത്തില്‍ അതീവ ദുഖിതനാണ്. പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ എന്തെങ്കിലും തരത്തിലുള്ള ദുരൂഹത ഉള്ളതായി നിലയില്‍ സംശയിക്കുന്നില്ല. ശ്രേയസിന്റെ വീട്ടുകാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തു നല്‍കും, ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തു.
ഈ ആഴ്ച ആദ്യമായാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പര്‍ഡ്യൂ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു നീല്‍. ഞായറാഴ്ചയാണ് നീലിനെ കാണാതാകുന്നത്. മകനെ കാണാനില്ലെന്ന് കാണിച്ച് നീലിന്റെ അമ്മ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് തൊട്ടുപിറകേയാണ് നീല്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. സര്‍വകലാശാല ക്യാമ്പസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഹരിയാന സ്വദേശിയായ വിവേക് സെയ്നി കൊല്ലപ്പെട്ടതും കഴിഞ്ഞ ദിവസമാണ്. യാചകന്റെ ചുറ്റിക ആക്രമണത്തിലാണ് വിവേക് മരിച്ചത്. ജോര്‍ജിയയില്‍ എംബിഎ വിദ്യാര്‍ത്ഥിയായിരുന്നു.
അകുല്‍ ധവാന്‍ എന്ന മറ്റൊരു വിദ്യാര്‍ത്ഥിയും മരിച്ചു. ഹൈപ്പോ തെര്‍മിയ മൂലമാണ് മരണപ്പെട്ടതെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയെങ്കിലും വിദ്യാര്‍ത്ഥിയെ കാണാതായതു മുതല്‍ പോലീസ് വേണ്ട രീതിയില്‍ അന്വേഷണം നടത്തിയില്ലെന്ന് കാണിച്ച് അകുലിന്റെ മാതാപിതാക്കള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Latest News