മുസ്ലീം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ല, നിലവിലെ സിറ്റിംഗ് സീറ്റുകള്‍ വിട്ടു നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം- ലോകസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്ന് സൂചന. നിലവിലുള്ള സിറ്റിംഗ് സീറ്റുകള്‍ വിട്ടു നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.  കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കാന്‍ ധാരണയായിട്ടുണ്ട്. കൊല്ലം ആര്‍ എസ് പിക്ക് തന്നെ നല്‍കും.  മൂന്നാം സീറ്റ് നല്‍കാനാകില്ലെന്ന തീരുമാനം ലീഗ് നേതൃത്വത്തെ അറിയിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
ലീഗ് ആവശ്യപ്പെട്ടത് വയനാട് സീറ്റാണ്. കണ്ണൂര്‍, വടകര സീറ്റുകളിലും അവകാശവാദം ഉന്നയിച്ചിരുന്നു. 16 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. രണ്ട് സീറ്റില്‍  മുസ്ലിം ലീഗും ഓരോ സീറ്റ് വീതം കേരള കോണ്‍ഗ്രസിനും ആര്‍എസ്പിക്കും നല്‍കും. മുസ്ലിം ലീഗ് നേതൃത്വത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും യു ഡി എഫ് യോഗത്തില്‍ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമുണ്ടായെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മൂന്നാം സീറ്റിനായി മുസ്ലീം ലീഗ് ശക്തമായി അവകാശവാദം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്.  മലബാറില്‍ ഒരു സീറ്റ് കൂടിയാണ് ലീഗ് ആവശ്യപ്പെട്ടത്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങള്‍ക്ക് പുറമെയാണ് മറ്റൊരു സീറ്റിനായി ലീഗ് അവകാശവാദം ഉന്നയിക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

 

Latest News