Sorry, you need to enable JavaScript to visit this website.

റോഡ് അപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ പാരിതോഷികം, അക്കൗണ്ടില്‍ പണമെത്തും 

കോഴിക്കോട്- റോഡപകടങ്ങളില്‍പ്പെടുന്നവരുടെ രക്ഷകര്‍ക്ക് ഇനി പോലീസിന്റെ പാരിതോഷികം. അപകടത്തില്‍പെടുന്നവരുടെ ജീവന്‍ രക്ഷിക്കുകയെന്ന ലക്ഷ്യവുമായി ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ കോഴിക്കോട് സിറ്റി പോലീസാണ് 'ഗുഡ് സമരിറ്റന്‍സ് അവാര്‍ഡ് ' പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. അപകടം പറ്റിയ ആളെ ആശുപത്രിയില്‍ എത്തിച്ചശേഷം അവരുടെ ഫോട്ടോ, അപകടം സംഭവിച്ച ആളുടെ വിവരണം, എത്തിച്ചയാളുടെ വിവരങ്ങള്‍ എന്നിവ 8590965259 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്ക് സന്ദേശമായി അയച്ചാല്‍ ഉടന്‍ 500 രൂപ പാരിതോഷികമായി ഓണ്‍ലൈന്‍ വഴി ലഭിക്കും. അപകടത്തില്‍പ്പെട്ടവരെ കണ്ടാലും നിയമക്കുരുക്കുകള്‍ ഭയന്ന് പലപ്പോഴും ആളുകള്‍ മാറിപോകുന്ന സ്ഥിതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പദ്ധതിയുമായി സിറ്റി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. തുടക്കത്തില്‍ കോഴിക്കോട് നഗരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. 
സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ദുരുപയോഗം തടയാന്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ആശുപത്രിയില്‍ നിന്ന് ആധികാരിക വിവരങ്ങള്‍ ശേഖരിക്കും. അപകടത്തില്‍പ്പെടുന്നവര്‍ നിര്‍ണായക സമയത്തിനകം ആശുപത്രിയില്‍ എത്താത്തതിനാല്‍ മരിക്കുകയോ ജീവച്ഛവങ്ങളായി മാറുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുകയാണെന്ന് പദ്ധതി പ്രഖ്യാപിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ പറഞ്ഞു.
അപകടത്തിന്റെ ചിത്രങ്ങള്‍ എടുക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താനും താത്പര്യം കാട്ടിയാലും അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പലരും തയ്യാറാകുന്നില്ല. പല തടസവാദങ്ങളും ഉന്നയിച്ച് ഒഴിഞ്ഞുമാറുകയാണ്. ഈയൊരു സാഹചര്യം ഒഴിവാക്കാനാണ് പ്രോത്സാഹന പാരിതോഷികം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അപകടത്തില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് യാതൊരു നിയമക്കുരുക്കുകളും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അനൂജ് പലിവാള്‍, അസി. പോലീസ് കമ്മിഷണര്‍( ട്രാഫിക്) എ.ജെ.ജോണ്‍സണ്‍, ലയണ്‍സ് ക്ലബ് (കാലിക്കറ്റ് ഈസ്റ്റ്) പ്രസിഡന്റ് ലയണ്‍ ടിജി ബാലന്‍, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി.കെ.രജീഷ്, ഇ.അനിരുദ്ധന്‍, കെ.മുരളീധരന്‍, കെ.പ്രേംകുമാര്‍, കെ.കെ.ശെല്‍വരാജ് എന്നിവര്‍ പങ്കെടുത്തു.        </റശ്>


 

Latest News