സബീന എം.സാലിയുടെ ലായം നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

കൊച്ചി- പുരോഗമനാശയത്തിന്റെ കാതല്‍ മനുഷ്യത്വമാണെന്നും മനുഷ്യനെ കാണാന്‍ കഴിയാത്ത രാഷ്ട്രീയം മികച്ചതല്ലെന്നും യഥാര്‍ത്ഥ വിശ്വാസിക്ക് ഒരിക്കലും തീവ്രവാദി ആകാന്‍ കഴിയില്ലെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി കരയാന്‍ പാടില്ല എന്ന് ചിലര്‍ പറയും. എന്നാല്‍ വേദനകളില്‍ കരയാനും സഹതപിക്കാനും കഴിയുന്നവരായിരിക്കണം കമ്യൂണിസ്റ്റ് നേതാക്കളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവകലാസാഹിതിയുടെ ഗാന്ധിജി ജീവിക്കുന്ന രക്തസാക്ഷി പരിപാടിയുടെ ഉദ്ഘാടനവും സബീന എം. സാലിയുടെ ' ലായം ' നോവല്‍ പ്രകാശനവും സി. അച്യുതമേനോന്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സിപിഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരന്‍ പുസ്തകം ഏറ്റുവാങ്ങി. ഡിസി ബുക്‌സ് ആണ് പ്രസാധകര്‍.
 യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എം. മുകുന്ദന്‍ വായിച്ച് പ്രശംസിച്ച ഭാഷയാണ് നോവലിന്റെതെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. സന്ദര്‍ഭോചിതമായി വിഷയങ്ങളുടെ സൂക്ഷ്മാംശങ്ങളിലേക്ക് പോയി ആവിഷ്‌കരിക്കാന്‍ നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പ്രൊഫ. ജോര്‍ജ് ഐസക് അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഒ.കെ. മുരളീകൃഷ്ണന്‍,  സംസ്ഥാന സെക്രട്ടറി ശാരദ മോഹന്‍, ചവറ എം..എന്‍ സ്മാരക ലൈബ്രറി സെക്രട്ടറി
സക്കീര്‍ വടക്കുംതല , ജില്ലാ സെക്രട്ടറി കെ. എ. സുധി , സബീന എം. സാലി,  നാസര്‍ കൊച്ചി എന്നിവര്‍ സംസാരിച്ചു.

 

Latest News