ബഹിഷ്‌കരണത്തിന്റെ ഫലം അനുഭവിക്കുകയാണെന്ന് സമ്മതിച്ച് സ്റ്റാര്‍ബക്‌സ് സി.ഇ.ഒ; വരുമാനത്തില്‍ ഇടിവ്

ന്യൂദല്‍ഹി-ഇസ്രായില്‍ അനുകൂല നിലപാട് സ്വീകരിച്ചതുമൂലം വിപണിയില്‍ വലിയ തിരിച്ചടി നേരിട്ടുവെന്ന് ലോകോത്തര കോഫി ബ്രാന്‍ഡും യു,എസ് ബഹുരാഷ്ട്ര കുത്തക കമ്പനിയുമായ സ്റ്റാര്‍ബക്‌സ്.
ഫല്‌സതീനികള്‍ക്കെതിരെ വംശഹത്യ തുടരുന്ന ഇസ്രായിലിന് അനുകൂലിച്ച കമ്പനിയെ ബഹിഷ്‌കരക്കാന്‍ വലിയ തോതില്‍ ആഹ്വാനം ഉയര്‍ന്നിരുന്നു.  
മിഡില്‍ ഈസ്റ്റിലും യുഎസിലും നിരവധി പേര്‍ കമ്പനിയെ ബഹിഷ്‌കരിച്ചത് വരുമാനത്തില്‍ ഇടിവുണ്ടാക്കിയെന്ന് കമ്പനി സിഇഒയും ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിയുമായ ലക്ഷമണ്‍ നരസിംഹന്‍ പറഞ്ഞു. കഴിഞ്ഞ പാദത്തിലാണ് കമ്പനിക്ക് തിരിച്ചടി നേരിട്ടത്. സ്റ്റാര്‍ബക്‌സിന്റെ ആദ്യ പാദ വരുമാനം വിദഗ്ധരുടെ കണക്കിനൊത്ത് വര്‍ധിച്ചില്ല. മാത്രമല്ല, കമ്പനിയുടെ മുഴുവന്‍ വര്‍ഷത്തെ വില്‍പ്പന വളര്‍ച്ചാ പ്രവചനം 10-12 ശതമാനം വരെയുള്ളതില്‍ നിന്ന് 7- 10 ശതമാനമായി കുറഞ്ഞു.
ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ജീവനക്കാര്‍ സമൂഹ മാധ്യമ പോസ്റ്റിട്ടതിനെതിരെ സ്റ്റാര്‍ബക്‌സ് നിയമനടപടി സ്വീകരിച്ചതോടെയാണ് ബഹിഷ്‌കരണമുണ്ടായത്.
തങ്ങളുടെ നിലപാടിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് യുഎസില്‍ വില്‍പ്പന കുറയാന്‍ കാരണമായതെന്ന് സിഇഒ നരസിംഹന്‍ പറഞ്ഞു. ഇസ്രായിലിന്റെ ഗാസ അധിനിവേശത്തെക്കുറിച്ചുള്ള തങ്ങളുടെ നിലപാടിനെ തെറ്റായി ചിത്രീകരിക്കുകയാണെന്നും സി.ഇ.ഒ പറഞ്ഞു. തങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുകയും ഷോപ്പുകള്‍ ആക്രമിക്കുകയും ചെയ്തുവെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹിഷ്‌കരണത്തെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്കിടെ 12 ബില്യണ്‍ യു.എസ് ഡോളര്‍ സ്റ്റാര്‍ബക്‌സ് കോര്‍പറേഷന് നഷ്ടമായെന്ന് ബ്ലൂംബര്‍ഗ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ മൊത്തം മൂല്യത്തിന്റെ 9.4 ശതമാനമായിരുന്നു അത്. 1992ന് ശേഷം കമ്പനി നേരിട്ട ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയാണിത്.

 

Latest News