Sorry, you need to enable JavaScript to visit this website.

പോലീസ് ഓഫീസറെ സ്ഥലംമാറ്റി കിട്ടാന്‍ പശുക്കളെ കശാപ്പ് ചെയ്തു, ബജ്‌റംഗ്ദള്‍ നേതാക്കള്‍ അറസ്റ്റില്‍

ലഖ്‌നൗ- നിസ്സാര നേട്ടങ്ങള്‍ക്കായി ഗോ സംരക്ഷകര്‍ തന്നെ പശുക്കളെ കശാപ്പ് ചെയ്യുന്നതിന് കൂട്ടുനിന്ന സംഭവം പോലീസ് പുറത്തുകൊണ്ടുവന്നു.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലാണ് സംഭവം. പശുസംരക്ഷകരായി പ്രവര്‍ത്തിക്കുന്ന ബജ്‌റംഗ്ദള്‍  ഭാരവാഹികള്‍ക്കെതിരെ ഗോഹത്യ കുറ്റം ചുമത്തിയതായി പോലീസ് പറഞ്ഞു. ദുരുദ്ദേശ്യത്തോടെ പശുവിന്റെ ജഡം കൊണ്ടിട്ട കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മൊറാദാബാദിലെ ഛജ്‌ലെറ്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ടു ദിവസങ്ങളിലായി പശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൊറാദാബാദിലെ ബജ്‌റംഗ്ദള്‍ മേധാവി ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മോനു എന്ന സുമിത് ബിഷ്‌ണോയി, രാജീവ് ചൗധരി, രാമന്‍ ചൗധരി, ഷഹാബുദ്ദീന്‍ എന്നിവരെയാണ് പിടികൂടിയതെന്ന് മൊറാദാബാദ് സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി), ഹേംരാജ് മീണ പറഞ്ഞു. സുമിത് ബിഷ്‌ണോയിയുടെയും രാജീവ് ചൗധരിയുടെയും നിര്‍ദേശപ്രകാരം ഷഹാബുദ്ദീന്‍ പശുക്കളെ കശാപ്പ് ചെയ്യുകയും ശവങ്ങള്‍ കൊണ്ടിടുകയും ചെയ്തു. ഛജ്‌ലെറ്റ് പോലീസ് സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനെ നീക്കാനും ഷഹാബുദ്ദീന്റെ എതിരാളിയെ കേസില്‍ പ്രതിയാക്കാനുമാര്‍ പദ്ധതിയിട്ടിരുന്നതെന്ന് ഹേംരാജ് മീണ പറഞ്ഞു.  
പ്രതികള്‍ക്ക് ഒത്താശ ചെയ്തതിന് ഛജ്‌ലെറ്റ് പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നരേന്ദ്ര കുമാറിനെ  സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സുമിത് ബിഷ്‌ണോയി മൊറാദാബാദ് ബജ്‌റംഗ് ദള്‍ ജില്ലാ നേതാവും രാജീവ് ചൗധരി ബ്ലോക്ക് നേതാവുമാണെന്ന് ഛജ്‌ലെറ്റ് പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് സത്യേന്ദ്ര ശര്‍മ സ്ഥിരീകരിച്ചു.
ജനുവരി 28 ന് പശുവിന്റെ രണ്ടാമത്തെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണം ആരംഭിച്ചതെന്ന് എസ്എസ്പി പറഞ്ഞു. പ്രാദേശിക പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് ചില പശു സംരക്ഷകര്‍ പശുവിനെ കൊല്ലുന്നതിന്റെ വീഡിയോ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചിരുന്നു. അന്വേഷണത്തിനിടെ ഷഹാബുദ്ദീന്റെ പേര് പുറത്തുവന്നതാണ് കേസില്‍ വഴിത്തിരിവായത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മുഴുവന്‍ ഗൂഢാലോചനയും പുറത്തുവെന്നു.
ജനുവരി 16 ന് ഛജ്‌ലെറ്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സമദ് ഗ്രാമത്തിന് സമീപമുള്ള കന്‍വാര്‍ പാതയിലാണ് ആദ്യം പശുവിന്റെ ജഡം കണ്ടെത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനു പിന്നാലെ ബജ്‌റംഗ്ദള്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. കാന്ത് ബ്ലോക്ക് ഓഫീസിനെതിരെയും പ്രാദേശിക പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒക്കെതിരേയും നടപടി ആവശ്യപ്പെട്ടായിരുന്നു പ്രകടനം. പശു കശാപ്പ് നടത്തിയത് ഒരു മഹമൂദാണെന്ന് നേതാക്കള്‍ ആരോപിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ മഹ്മൂദിന്റെ പങ്കാളിത്തം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് യു.പി ഗോവധ നിരോധന നിയമത്തിലെ സെക്ഷന്‍ 3/4/5 പ്രകാരം അജ്ഞാതര്‍ക്കെതിരെയാണ് കേസെടുത്തത്.  
രണ്ടാം തവണയും പശുവിന്റെ ജഡം കൊണ്ടിട്ട് വീഡിയോ സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു. എസ്എച്ച്ഒയെ മാറ്റുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തത്. മാത്രമല്ല, ഷഹാബുദ്ദീനുമായി ശത്രുതയുള്ള മഹമൂദിനെ കുടുക്കാനും അവര്‍ ശ്രമിച്ചു. എന്നാല്‍, മുഴുവന്‍ ഗൂഢാലോചനയും പ്രതികള്‍ക്കെതിരെ തിരിഞ്ഞുവെന്ന് പോലീസ്  പത്രക്കുറിപ്പില്‍ പറഞ്ഞു.

 

Latest News