ഹമാസിനെ ഒറ്റുകൊടുക്കാന്‍ ക്രൂര മര്‍ദനം; വിട്ടയച്ചവര്‍ പറയുന്നത് ഞെട്ടിക്കുന്ന പീഡന കഥകള്‍

ഖാലിദ് നബ്രീസ്, മഹ്മൂദ് ഹസന്‍ അബ്ദുല്‍ ഖാദര്‍ അല്‍ നബൂല്‍സി (ചിത്രങ്ങള്‍ -കടപ്പാട്, അല്‍ജസീറ)

ഗാസ- മൂന്ന് ദിവസം നിര്‍ത്താതെ മര്‍ദനമായിരുന്നു ഞങ്ങള്‍ക്ക്, തലയിലും ദേഹമാസകലവും അടിയോടടി. ഈ മൂന്നു ദിവസവും ഭക്ഷണം തന്നില്ല, വെള്ളവും. ശുചിമുറിയില്‍ പോകാനും അനുവദിച്ചില്ല. മൂന്ന് ദിവസങ്ങള്‍ക്കു ശേഷം വിശന്നുവലഞ്ഞ ഞങ്ങള്‍ക്ക് അല്‍പം ഭക്ഷണം തന്നു, അതൊരു കൊച്ചു കുഞ്ഞിനുപോലും തികയുമായിരുന്നില്ല. ഇസ്രായില്‍ തടവറയിലെ ക്രൂര പീഡനങ്ങള്‍ക്കുശേഷം ഒരു കുറ്റവും കണ്ടെത്താതെ വിട്ടയക്കപ്പെട്ട ഗാസ സ്വദേശി ഖാലിദ് നബ്രീസ് പറയുന്നു.
ഈയൊരനുഭവം ഖാലിദിന് മാത്രമല്ല. നൂറുകണക്കിന് പേരെയാണ് ഇസ്രായില്‍ പട്ടാളം ഇങ്ങനെ പല സ്ഥലങ്ങളില്‍നിന്നായി പിടിച്ചുകൊണ്ടുപോകുന്നത്. അതില്‍ ചെറുപ്പക്കാരും വൃദ്ധരും കുട്ടികളുമെല്ലാം പെടും. ഹമസിനെ കുറിച്ചും ബന്ദികളെക്കുറിച്ചും, തുരങ്ങളെകുറിച്ചുമുള്ള വിവരങ്ങളറിയാന്‍.
ഗാസയിലെ അഭയാര്‍ഥികള്‍ക്കിടയില്‍നിന്ന് ഇസ്രായില്‍ സൈനികര്‍ക്ക് സംശയം തോന്നുന്ന എല്ലാവരെയും പിടിച്ചു കയറ്റിക്കൊണ്ടുപോവുകയാണ്. പിന്നെ കൊടിയ മര്‍ദനവും പീഡനവും. പത്തും പതിനഞ്ചും ദിവസം കൊണ്ട് അടിച്ച് ഇഞ്ചപ്പരുമാക്കിയിട്ടും ഒരു വിവരവും കിട്ടാതെ വരുമ്പോള്‍ തിരിച്ചുകൊണ്ടുവിടും. മനുഷ്യാവകാശത്തിന്റെയും, ജീവകാരുണ്യത്തിന്റെയും മൊത്തക്കച്ചവടക്കാരുടെ സര്‍വാത്മനാ ഉള്ള പിന്തുണയോടെയാണ് ഈ ക്രൂരതകള്‍ ഇസ്രായില്‍ പട്ടാളം ഗാസയില്‍ നിര്‍ബാധം തുടരുന്നത്. വെസ്റ്റ് ബാങ്കില്‍ വര്‍ഷങ്ങളായി ഇതുതന്നെയാണ് സ്ഥിതി. അങ്ങനെയാണ് ഇസ്രായിലിലെ പല ജയിലുകളും നിറഞ്ഞത്.
കഴിഞ്ഞ ദിവസം ഗാസയില്‍ തിരിച്ചുകൊണ്ടുവിട്ട ഖാലിദ് അടക്കമുള്ളവരുടെ പേക്കിനാവ് പോലുള്ള അനുഭവങ്ങള്‍ അല്‍ ജസീറയാണ് പുറത്തുവിട്ടത്. ഇസ്രായിലിന്റെ ആക്രമണം നടക്കുന്ന സ്ഥലത്തുനിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഖാലിദ് അടക്കമുള്ളവര്‍ കടല്‍ തീരത്തെ ഭാഗത്തേക്ക് നീങ്ങിയത്. വഴിയിലെ ഒരു ചെക് പോയന്റില്‍വെച്ച് ഇസ്രായില്‍ പട്ടാളക്കാര്‍ ഞങ്ങള്‍ പിടികൂടുകയായിരുന്നു. എന്താണ് കാരണമെന്ന് പോലും പറയാതെ, ഞങ്ങള്‍ക്കെന്തെങ്കിലും ചോദിക്കാന്‍ പോലും സമയം നല്‍കാതെ, അവര്‍ ഞങ്ങളെ കൊണ്ടുപോയി. ആദ്യത്തെ മൂന്ന് ദിവസം ഭക്ഷണമോ വെള്ളമോ നല്‍കാതെ ഇടതടവില്ലാത്ത കൊടിയ മര്‍ദനമായിരുന്നു. ടോയ്‌ലറ്റില്‍ പോകാനും അനുവദിച്ചില്ല- ഖാലിദ് പറഞ്ഞു.
അതുകഴിഞ്ഞ് അവര്‍ ഞങ്ങളെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ പുതിയ തരം പീഡനമായിരുന്നു. ഞങ്ങള്‍ക്ക് അല്‍പം ഭക്ഷണം തന്നു. അത് കൊച്ചുകുട്ടിക്കുപോലും തികയുന്നതായിരുന്നില്ല. രാത്രി കൊടും തണുപ്പില്‍ തുറസ്സായി സ്ഥലത്താണ് ഞങ്ങളെ കിടക്കാന്‍ അനുവദിച്ചിരുന്നത്. വിരിക്കാന്‍ കനം കുറഞ്ഞ ഷീറ്റ്. പുതക്കാന്‍ നനഞ്ഞുകുതിര്‍ന്ന ബ്ലാങ്കറ്റും. എല്ലായ്‌പോഴും മര്‍ദനവും, തെറിവിളിയും, അപമാനിക്കലും നിര്‍ബാധനം തുടര്‍ന്നു- ഖാലിദ് പറഞ്ഞു.
തന്റെ ജീവിതത്തിലെ ഏറ്റവും കഠോരമായ പത്ത് ദിനങ്ങളായിരുന്നു അതെന്ന് 70 കാരനായ മഹ്മൂദ് ഹസന്‍ അബ്ദുല്‍ ഖാദര്‍ അല്‍ നബൂല്‍സി പറഞ്ഞു. തന്റെ വീട്ടില്‍ ഇരച്ചുകയറിയ ഇസ്രായിലി പട്ടാളക്കാര്‍ തന്നെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് ഹസന്‍ പറഞ്ഞു. ഞാന്‍ രോഗിയാണെന്നും എനിക്ക് ചലിക്കാന്‍ കഴിയില്ലെന്നും പറഞ്ഞെങ്കിലും അവര്‍ ബലമായി പിടിച്ചുകൊണ്ടുപോയി ഒരു സൈനിക കവചിത വാഹനത്തില്‍ കയറ്റി. ആശുപത്രയിലേക്കാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പിന്നീടാണ് ഇസ്രായിലിലേക്കാണ് കൊണ്ടുപോകുന്നതെന്നറിഞ്ഞത്. ഇസ്രായിലില്‍ കഴിഞ്ഞ പത്ത് ദിവസവും അവര്‍ എന്നെ മര്‍ദിക്കുകയും തെറിവിളിക്കുകയും ആക്ഷേപിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. തുരങ്കങ്ങളെക്കുറിച്ചും ബന്ദികളെക്കുറിച്ചുമായിരുന്നു അവര്‍ ചോദിച്ചത്. 70 വയസ്സുള്ള രോഗിയായ എനിക്ക് അതേക്കുറിച്ചൊന്നും അറിയില്ലെന്ന് പറഞ്ഞപ്പോള്‍ മര്‍ദനം തുടര്‍ന്നു. നാല് ദിവസം എനിക്ക് ഒരു തുള്ളി വെള്ളം പോലും നല്‍കിയില്ലെന്നും ഹസന്‍ പറഞ്ഞു.


 

 

Latest News