ഗാസ - വെടിനിര്‍ത്തല്‍ നീക്കങ്ങള്‍ ഒരു വശത്ത് തുടരുമ്പോഴും ഗാസയില്‍ ഇസ്രായിലിന്റെ മനുഷ്യത്വ ഹീനമായ ആക്രമണം തുടരുന്നു. ഖാന്‍ യൂനിസിലെ അമല്‍ ആശുപത്രിയില്‍ രണ്ട് റെഡ് ക്രസന്റ് ജീവനക്കാരെ ഇസ്രായില്‍ സൈനികര്‍ വെടിവെച്ചുകൊന്നു. അല്‍നസ്സര്‍, അമല്‍ ആശുപത്രികളെ സമ്പൂര്‍ണമായി തകര്‍ക്കുന്ന രീതിയിലാണ് ഇസ്രായിലിന്റെ ആക്രണമമെന്ന് റെഡ് ക്രസന്റെ വെളിപ്പെടുത്തി.
ഒക്ടോബര്‍ ഏഴിനുശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27,000 കടന്നു. 27,019 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഗാസ ആരോഗ്യവകുപ്പ് അറിയിച്ചു. പരിക്കേറ്റവര്‍ 66,139 ആണ്.
അതിനിട, പാരീസില്‍ നടക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ മുന്നോട്ടുവെച്ച കരട് നിര്‍ദേശങ്ങളില്‍ ഹമാസ് ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ലെന്ന് സംഘടനയുടെ വക്താവ് ഉസാമ ഹംദാന്‍ അറിയിച്ചു. കരട് കരാറിനെ കുറിച്ച് പഠിച്ചുവരികയാണെന്നും തീരുമാനമെടുക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ക്ക് അത് കൈമാറുമെന്നും അദ്ദേഹം വെളിപ്പെടുത്തി. താല്‍ക്കാലിക വെടിനിര്‍ത്തലല്ല, സ്ഥായിയായ വെടിനിര്‍ത്തലാണ് ആവശ്യമെന്നും ഇസ്രായില്‍ സൈന്യം പൂര്‍ണമായി ഗാസ വിട്ടുപോകണമെന്നുമാണ് ഹമാസിന്റെ ആശ്യങ്ങളെന്ന് നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു. എങ്കിലും കരടു നിര്‍ദേശത്തെ ഹമാസ് പൂര്‍ണമായി തള്ളിക്കളയാനിടയില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒത്തുതീര്‍പ്പ് നീക്കങ്ങളുടെ ഭാഗമായി ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ ഉടന്‍ കയ്‌റോയിലെത്തും. യുദ്ധം ഇപ്പോള്‍ അവസാനിപ്പിക്കാന്‍ കഴിയാത്ത പക്ഷം അത് മേഖലയില്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഥാനി മുന്നറിയിപ്പ് നല്‍കി.
ഇസ്രായില്‍ അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂണ്‍ ബെയ്‌റൂത്തിലെത്തി. ലെബനീസ് പ്രധാനമന്ത്രി നജീബ് മീക്കാത്തിയുമായി അദ്ദേഹം സംഘര്‍ഷം ലഘൂകരിക്കുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു. ലെബനോനില്‍ ഇസ്രായിലിലേക്ക് ഹിസ്ബുല്ല തുടരെ റോക്കറ്റ്, ഷെല്ലാക്രമണങ്ങള്‍ നടത്തുകയും ഇസ്രായില്‍ തിരിച്ച മിസൈലാക്രമണം നടത്തുകയും ചെയ്യുന്നുണ്ട്.
ചെങ്കടലില്‍ വ്യാഴാഴ്ചയും ഹൂത്തികള്‍ കപ്പലിനുനേരെ ആക്രണമം നടത്തി. യെമനിലെ ഹുദൈദ തുറമുഖത്തിനുസമീപം ഒരു കപ്പിലില്‍ സ്‌ഫോടന ശബ്ദം കേട്ടതായി യു.കെ മാരിടൈം ട്രേഡ് ഓപറേഷന്‍ ഏജന്‍സി അറിയിച്ചു. ബുധനാഴ്ച രാത്രി യെമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തയശേഷമാണ് ഹുത്തികളുടെ പ്രത്യാക്രമണം ഉണ്ടായിരിക്കുന്നത്.