Sorry, you need to enable JavaScript to visit this website.

ജാതി, മത സംഘടനാ ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ വേണ്ടെന്ന് രജനികാന്ത്

ചെന്നൈ- സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി പാര്‍ട്ടിയുടെ പെരുമാറ്റചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പ്രസിദ്ധീകരിച്ചു. ജാതി, മത സംഘടനാ ബന്ധമില്ലാത്ത 18 വയസ്സ് തികഞ്ഞ ആര്‍ക്കും ഉടന്‍ രാഷ്രീയ പാര്‍ട്ടിയായി മാറുന്ന രജനിയുടെ ഫാന്‍ ക്ലബായ രജനി മക്കള്‍ മന്‍ട്രം (ആര്‍.എം.എം) അംഗത്വം നല്‍കും. ജാതി, മത അതിര്‍വരമ്പുകളില്ലാതെ സുതാര്യവും സത്യസന്ധവുമായ രാഷ്ട്രീയ രീതി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടാണ് പാര്‍ട്ടി ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതെന്നും രേഖ പറയുന്നു. പാര്‍ട്ടി പതാക അംഗങ്ങളുടെ വാഹനങ്ങളില്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കരുത്. റാലികളിലും യോഗങ്ങള്‍ക്കും വേണ്ടി മാത്രമെ വാഹനങ്ങളില്‍ പതാക വയ്ക്കാവൂ എന്നും ഇതു കഴിഞ്ഞാല്‍ ഉടന്‍ എടുത്തുമാറ്റണമെന്നും ചട്ടം അനുശാസിക്കുന്നു.

തദ്ദേശഭരണ അധികാരികളുടേയും പോലീസിന്റേയും അനുമതി ഇല്ലാതെ പാര്‍ട്ടി യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ പാടില്ല. പാര്‍ട്ടി വേദികളില്‍ പൂമാല ചാര്‍ത്തല്‍, ഷോള്‍ അണിയിക്കല്‍, സമ്മാനവും ബുക്കെയും നല്‍കല്‍ എന്നീ പരിപാടികളൊന്നും പാടില്ലെന്നും പാര്‍ട്ടിയുടെ ചട്ടം വ്യക്തമാക്കുന്നു. പദവികള്‍ കുടുംബത്തിലെ ഒരാള്‍ക്കു മാത്രമെ നല്‍കാവൂ. യുവജന, വനിതാ വിഭാഗങ്ങള്‍ക്കു പുറമെ, മത്സ്യത്തൊഴിലാളി, വ്യാപാരി, അഭിഭാഷക, സാങ്കേതിക, പ്രൊഫഷണല്‍ വിഭാഗങ്ങളും പാര്‍ട്ടിക്കുണ്ടാകും. കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും. കുറ്റക്കാരെന്ന് തെളിയുന്ന പക്ഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും. നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന ഔദ്യോഗിക വിവരങ്ങളല്ലാതെ ഒന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും പാര്‍ട്ടി മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. രജനിയുടെ സിനിമാ സംബന്ധമായ കാര്യങ്ങളും ഡലയോഗുകളും  സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ 15 ശതമാനത്തില്‍ കവിയരുതെന്നും പാര്‍ട്ടി അണികളോട് നിഷ്‌ക്കര്‍ഷിക്കുന്നു.
 

Latest News