Sorry, you need to enable JavaScript to visit this website.

കേന്ദ്ര ബജറ്റ് ഹിന്ദുത്വയുടെ രാഷ്ട്രീയ പ്രഖ്യാപനവും കോർപ്പറേറ്റ് വിധേയത്വവും -വെൽഫെയർ പാർട്ടി

തിരുവനന്തപുരം - കാലാവധി അവസാനിക്കാൻ പോകുന്ന കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റ് പൊള്ളയായതും ഇടക്കാല ബജറ്റിന്റെ പരിധി കടക്കുന്നതും ഹിന്ദുത്വ രാഷ്ട്രീയ പ്രഖ്യാപനവും മാത്രമാണെന്ന് വെൽഫെയർ പാർട്ടി. 
ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ലായ മതേതരത്വം എന്ന തത്വത്തെ സമ്പൂർണ്ണമായി ഹനിച്ച സർക്കാരാണ് മോദി സർക്കാർ. ബജറ്റ് പ്രസംഗത്തിൽ സർക്കാർ മതേതരത്വത്തെ പുനർ നിർണ്ണയിച്ചു എന്ന നിർമല സീതാരാമന്റെ പ്രഖ്യാപനം എല്ലാ മതങ്ങളെയും അതിന്റെ അന്തസത്തയോടെ നില നിർത്തുന്ന സമീപനത്തിന് പകരം ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമായാണ് നിർണ്ണയിക്കുന്നത് എന്നാണ് അർത്ഥമാക്കുന്നത്. ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാനോ രാജ്യത്തെ കർഷക സമൂഹത്തിന് പ്രത്യാശ നൽകുന്ന പദ്ധതികൾക്ക് വകയിരുത്താനോ തയ്യാറായിട്ടില്ല. പകരം ആത്മീയ ടൂറിസം പദ്ധതിയെക്കുറിച്ചാണ് പറയുന്നത്. അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള വിഷയങ്ങളാണ് ജനപ്രിയ പദ്ധതികളെക്കാൾ തെരെഞ്ഞെടുപ്പിൽ വോട്ടു തരുക എന്ന സമീപനത്തിലാണ് ബജറ്റിലൂടെ സൂചിപ്പിക്കുന്നത്. ഇന്ധന വില കുറയ്ക്കാനോ വില നിർണ്ണയാധികാരം തിരിച്ചെടുക്കാനോ ഈ ബജറ്റിലും തയ്യാറായിട്ടില്ല എന്നത് കോർപ്പറേറ്റുകളുടെ ബജറ്റാണിത് എന്ന് വ്യക്തമാക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. 
സാധാരണക്കാർ ആശ്രയിക്കുന്ന പുതിയ തീവണ്ടികൾ അനുവദിക്കുന്നതിന് പകരം വന്ദേ ഭാരത് പോലുള്ള വണ്ടികൾക്കാണ് പ്രാധാന്യം നൽകുന്നത്. 
സംസ്ഥാനങ്ങളുടെ കവർന്നെടുത്ത അധികാരങ്ങളെല്ലാം ഉപയോഗപ്പെടുത്തി സമഗ്രാധിപത്യ സാമ്പത്തിക ഭരണമാണ് കേന്ദ്ര തുടരുന്നത്. കേരളത്തിന് നേരേ കഴിഞ്ഞ 10 വർഷമായി തുടരുന്ന കടുത്ത അവഗണന ഇപ്പോഴും തുടരുകയാണ്. ബജറ്റിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും കോർപ്പറേറ്റ് വിധേയത്വത്തെയും അടിയുറപ്പിക്കുക മാത്രമാണ്  കേന്ദ്ര സർക്കാർ ചെയ്തതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 


 

Latest News