വയനാട് കുഞ്ഞോം-വിലങ്ങാട് ചുരമില്ലാ പാത: മുറവിളി ശക്തമാകുന്നു

കുഞ്ഞോം-വിലങ്ങാട് ചുരമില്ലാ പാത യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനത ദള്‍-എസ് നടത്തിയ പ്രതീകാത്മക സമരം.

*ജനതാദള്‍-എസ്  പ്രതീകാത്മകമായി  റോഡ് വെട്ടി

കല്‍പറ്റ-വയനാടിനെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുമായി  ബന്ധിപ്പിക്കുന്ന കുഞ്ഞോം-വിലങ്ങാട് ചുരമില്ലാ പാതയ്ക്കായുള്ള മുറവിളി ശക്തമാകുന്നു. പാത യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവുമായി ജനത ദള്‍-എസ് കോഴിക്കോട്, വയനാട് ജില്ലാ ഭാരവാഹികള്‍ വിലങ്ങാടില്‍ പ്രതീകാത്മകമായി റോഡ് വെട്ടലും പൊതുയോഗവും നടത്തി.
വയനാടന്‍ ജനതയുടെ ചിരകാല അഭിലാഷങ്ങളിലൊന്നാണ് കുഞ്ഞോം-വിലങ്ങാട് ചുരമില്ലാ പാത. വനത്തിലൂടെ എഴു കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ കേന്ദ്ര മന്ത്രലായത്തിന്റെ അനുമതി ലഭിക്കാത്തതാണ് പാത യാഥാര്‍ഥ്യമാക്കുന്നതില്‍ മുഖ്യതടസ്സം.  നിലവില്‍ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പാനോം വനാതിര്‍ത്തി വരെ റോഡുണ്ട്. വയനാട് ഭാഗത്ത് കുഞ്ഞോം കുങ്കിച്ചിറ പൈത്യക മ്യൂസിയം വരെ  ടാര്‍ ചെയ്ത പാതയുണ്ട്. ഇതിനിടയിലാണ് ഏഴ് കിലോമീറ്റര്‍ റിസര്‍വ് വനം.  വനപാതയില്‍ ഏകദേശം മൂന്ന് കിലോമീറ്ററില്‍  കൂപ്പ് റോഡുണ്ട്. കേന്ദ്രാനുമതി കിട്ടിയാല്‍ കുറഞ്ഞ ചെലവില്‍ റോഡ് നിര്‍മിക്കാനാകും. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറഞ്ഞതുമാണ് നിര്‍ദിഷ്ട പാത.

റോഡ് നിര്‍മാണത്തിനു ഉപയോഗിക്കേണ്ട വനഭൂമിക്കു പകരം സ്ഥലം വിട്ടുനല്‍കാന്‍ വയനാട്ടിലെ തൊണ്ടര്‍നാട് പഞ്ചായത്ത് അധികൃതരും കോഴിക്കോട് വാണിമേല്‍ പഞ്ചായത്തിലെ വ്യക്തികളും നേരത്തെ സന്നദ്ധത അറിയിച്ചതാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മലയോര ഹൈവേയുടെ സര്‍വേ ഇതിലൂടെയാണ് നടത്തിയത്. എന്നാല്‍ എല്ലാ പ്രവൃത്തികള്‍ക്കും കേന്ദ്രാനുമതിയുടെ അഭാവം വിഘാതമാകുകയാണ്.
കുഞ്ഞോം-വിലങ്ങാട് ചുരമില്ലാ പാതയുടെ നിര്‍മാണം നടന്നാല്‍ വടകര നാഷണല്‍ ഹൈവേയില്‍നിന്നു വിലങ്ങാട് വഴി മാനന്തവാടിയില്‍ എത്താന്‍ 51 കിലോമീറ്റര്‍ യാത്ര മതിയാകും. കോഴിക്കോട്, കണ്ണൂര്‍  വയനാട് ജില്ലകളില്‍ വിവിധ  മേഖലകളില്‍ വന്‍ പുരോഗതി  പാത സാധ്യമാക്കും.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വാണിമേല്‍, നരിപ്പറ്റ, വളയം, കോളയാട് പഞ്ചായത്തുകളിലെ ഗോത്ര വിഭാഗക്കാര്‍ വയനാട്ടിലെ മാതൃ കോളനികളുമായി ബന്ധം പുലര്‍ത്തുന്നവരാണ്. ഇവര്‍ ഇപ്പോഴും വിലങ്ങാട് വഴി വനപാതയിലൂടെ നടന്നാണ് വയനാട്ടിലേക്ക്  വരുന്നതും മടങ്ങുന്നതും. വടകര റെയില്‍വേ സ്റ്റേഷനും ഹെവേയുമായി ബന്ധപ്പെടുത്തി വയനാട് വഴി മൈസൂരുവിലേക്കും തിരിച്ചും ചരക്കുനീക്കം സാധ്യമാക്കുന്നതാണ് നിര്‍ദിഷ്ട പാത. ചുരമില്ലാത്ത വഴിയായതില്‍ കണ്ടയ്‌നറുകള്‍ക്ക്  സുഗമമായി സഞ്ചരിക്കാന്‍ കഴിയും. ഗതകാലത്ത് ഈ വഴിയിലൂടെ കാളവണ്ടികളില്‍ ചരക്കുനീക്കം  നടന്നിരുന്നു.

വനത്തിലൂടെ പാത നിര്‍മാണത്തിനു അനുമതി കിട്ടിയാല്‍ നിര്‍ദിഷ്ട മലയോര ഹൈവേ നിലവിലെ അലൈന്‍മെന്റ് പ്രകാരം പൂര്‍ത്തിയാക്കാന്‍ കഴിയും. ഇപ്പോള്‍ മലയോര ഹൈവേ വയനാട് ഭാഗത്ത് കുഞ്ഞോത്തും കോഴിക്കോട് ഭാഗത്ത് പുല്ലുവായിലും എത്തിനില്‍ക്കുകയാണ്.
പ്രതീകാത്മക റോഡ് വെട്ടല്‍ ജനത ദള്‍-എസ് ദേശീയ ജനറല്‍ സെക്രട്ടറിയും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പാത യാഥാര്‍ഥ്യമാക്കുന്നതിന് പാര്‍ട്ടി ശക്തമായി ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. ജെ.ഡി.എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. അമ്പലക്കണ്ടി അബ്ദുറഹ്മാന്‍, സഞ്ജയ് ബാവ, അഡ്വ.ലതിക ശ്രീനിവാസന്‍, പുത്തൂര്‍ ഉമ്മര്‍, ഒ.ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.

Latest News