കൊച്ചി- സാമ്പത്തിക തട്ടിപ്പു കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ അഡ്വ. ബി.എ ആളൂർ കയ്യേറ്റം ചെയ്‌തെന്ന് പരാതി. ബാംഗ്ലൂരിൽ ബിസിനസ് നടത്തുന്ന ഫോർട്ട്‌കൊച്ചി സ്വദേശിനിയാണ് പരാതിക്കാരി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഡ്വ. ബി എ ആളൂരിനെതിരെ ഐ പി സി 354 വകുപ്പു പ്രകാരം എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. എന്നാൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ കളവാണെന്ന് ആളൂർ പ്രതികരിച്ചു.
ഒരു ഭൂമി ഇടപാടിൽ ലഭിക്കേണ്ട തുക ലഭിക്കാതിരുന്നതിനെ തുടർന്നാണ് യുവതി അഡ്വ. ആളൂരിന്റെ സഹായം തേടിയത്. തുടർന്ന് പണം നൽകാനുള്ള ശ്യാംകുമാർ എന്നയാൾക്കെതിരെ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വഞ്ചനാകേസ് എടുത്തിരുന്നു. എം.എൽ.എയെയും ഡി.ജി.പിയെയും വരെ ഇതിനായി സമീപിച്ചിട്ടും നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് വക്കീൽ ഓഫീസിൽ വെച്ച് അഡ്വ. ആളൂരും യുവതിയും തമ്മിൽ ഇതേച്ചൊല്ലി തർക്കത്തിലായി. ഇതിനിടയിലാണ് കൈയേറ്റം നടന്നതെന്നാണ് പരാതി.
അഭിഭാഷക മുഖേന നൽകിയ പരാതിയിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അഡ്വ. ആളൂരിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ കെട്ടിച്ചമച്ച കേസ് നയമപരമായി നേരിടുമെന്ന് അഡ്വ. ആളൂർ പറഞ്ഞു. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അഡ്വ. ആളൂർ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിക്കും.