Sorry, you need to enable JavaScript to visit this website.

സൗദി വിനോദ സഞ്ചാര വളർച്ചയിലെ മെസ്സി സ്പർശം

സൗദി അറേബ്യ എന്നു കേൾക്കുമ്പോൾ പലർക്കും അതു നിയന്ത്രണങ്ങളുടേയും പരിഷ്‌കാര സമ്പന്നരല്ലാത്തവരുടേയും നാട് എന്ന തോന്നലാണ്. സൗദിയുടെ വളർച്ചയിൽ അസൂയാലുക്കളായവർ അത്തരത്തിലുള്ള പ്രചാരണമാണ് നടത്തി വരുന്നത്. എന്നാൽ സൗദി സന്ദർശിക്കാനെത്തുന്നവർക്ക് അതിശയിപ്പിക്കുന്ന കാഴ്ചകളും ആതിഥേയ മര്യാദകളുമാണ് അനുഭവിക്കാനാവുന്നത്. 


സാമ്പത്തിക വളർച്ചയിലെന്നല്ല, വികസനത്തിലും ആധുനികവൽക്കരണത്തിലും സൗദി ഇന്ന് ലോകത്തിലെ ഒന്നാം നമ്പർ രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കാര്യത്തിൽ സൗദി കൈവരിച്ച നേട്ടം അസൂയാവഹമാണ്. അത് അനുസ്യൂതം തുടരുകയുമാണ്. ലോകത്തിലെ മുഴുവൻ ജനങ്ങളെയും സൗദിയിലേക്ക് ആകർഷിക്കത്തക്ക രീതിയിലുള്ള നയങ്ങളും പരിപാടികളുമാണ് സർക്കാർ നടപ്പാക്കി വരുന്നത്. ലോക ട്രേഡ് ഫെയർ, ലോക ഫുട്‌ബോൾ അടക്കമുള്ള ആഗോള ശ്രദ്ധേയമായ പരിപാടികൾ അടുത്ത പത്തു വർഷത്തിനുള്ളിലായി സൗദിയിൽ നടക്കും. ലോക കായിക, വിനോദ മേഖലകളെ അതിശയിപ്പിക്കുന്ന പരിപാടികൾ ഇപ്പോൾ തന്നെ സൗദിയിൽ നടന്നു വരികയാണ്. ഇതൊക്കെ തന്നെയാണെങ്കിലും സൗദി അറേബ്യ എന്നു കേൾക്കുമ്പോൾ പലർക്കും അതു നിയന്ത്രണങ്ങളുടേയും പരിഷ്‌കാര സമ്പന്നരല്ലാത്തവരുടേയും നാട് എന്ന തോന്നലാണ്. സൗദിയുടെ വളർച്ചയിൽ അസൂയാലുക്കളായവർ അത്തരത്തിലുള്ള പ്രചാരണമാണ് നടത്തി വരുന്നത്. എന്നാൽ സൗദി സന്ദർശിക്കാനെത്തുന്നവർക്ക് അതിശയിപ്പിക്കുന്ന കാഴ്ചകളും ആതിഥേയ മര്യാദകളുമാണ് അനുഭവിക്കാനാവുന്നത്. 

ഫുട്‌ബോൾ ഇതിഹാസ താരം ലിയണൽ മെസ്സി തന്നെ അതു സാക്ഷ്യപ്പെടുത്തുന്നു. സൗദി അറേബ്യൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായ ലിയണൽ മെസ്സി ഏതാനും ദിവസം മുൻപാണ് സൗദി അറേബ്യയിലെത്തിയത്. തന്റെ കാഴ്ചപ്പാടുകൾക്കുമപ്പുറമാണ് സൗദി അറേബ്യയെന്നാണ് അദ്ദേഹം സൗദിയിലെത്തിയ ശേഷം പറഞ്ഞത്. നിങ്ങൾ ചിന്തിക്കുന്നതിനുമപ്പുറം പോവുക എന്ന തലക്കെട്ടിലൂടെ സൗദി ടൂറിസം വകുപ്പ്  ആഗോള തലത്തിൽ നടത്തി വരുന്ന മാർക്കറ്റിംഗിന് തയാറാക്കിയ വീഡിയോയിൽ സൗദിയെ സംബന്ധിക്കുന്ന തെറ്റിദ്ധാരണകളുടെ കോട്ടകളെ അദ്ദേഹം അടിച്ചു തകർത്തിരിക്കുകയാണ്. വീഡിയോ ഇതിനകം ലക്ഷക്കണക്കിനു പേർ കണ്ടു കഴിഞ്ഞു. സൗദിയുടെ വൈവിധ്യമാർന്ന കാഴ്ചകളാണ് വീഡിയോ അനാവരണം ചെയ്യുന്നത്.  മരുഭൂമി മാത്രമല്ല, അതിമനോഹരമായ കടൽ തീരങ്ങളും പച്ചപ്പ് നിറഞ്ഞ പർവതങ്ങളും മഞ്ഞ് മൂടിയ മലകളും ചരിത്രമുറങ്ങുന്നതും സാംസ്‌കാരിക വാണിജ്യ കേന്ദ്രങ്ങളുമായ തിരക്കേറിയ നഗരങ്ങളും ഈ നാടിനുണ്ടെന്ന് വീഡിയോ വിളിച്ചു പറയുന്നു. അധികമൊന്നും സംഭവിക്കുന്നില്ല എന്ന തലക്കെട്ടിലൂടെ സൗദിയിൽ നടക്കുന്ന വിവിധ കായിക, സാംസ്‌കാരിക പരിപാടികളുടെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളാണ് അനാവരണം ചെയ്യുന്നത്. അടച്ചിട്ട സംസ്‌കാരം എന്ന ശീർഷകത്തിൽ സൗദിയുടെ സമ്പന്നമായ സംസ്‌കാരമാണ് ലോകത്തിനു ദൃശ്യമാകുന്നത്. ലോകത്തിന്റെ ഏതു കോണിൽനിന്നുള്ളവരെയും ഒരേ രീതിയിൽ സ്വീകരിക്കുകയും അവരുമായി ഇടപഴകുന്നതിൽ ഒരു പിശുക്കും കാണിക്കുന്നില്ലെന്നും ഈ ഭാഗം വിളിച്ചറിയിക്കുന്നു. സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലാത്ത, മൂടുപടങ്ങൾക്കുള്ളിൽ തളച്ചിടപ്പെട്ടവരാണ് എന്ന എക്കാലത്തേയും തെറ്റായ കാഴ്ചപ്പാടിന്റെ വൻമതിലിനെ പെൺകുട്ടികൾക്ക് പറ്റില്ല എന്ന ശീർഷകത്തിലൂടെയാണ് മെസ്സിയുടെ മാസ്മരിക പന്ത് അടിച്ചു തകർക്കുന്നത്. റയാന ബർനാവിയെപ്പോലെ  ബഹിരാകാശത്ത് എത്തിയ  ആദ്യ സൗദി വനിത മുതൽ മറ്റു പല രാജ്യക്കാർക്കും കൈവരിക്കാനാവാത്ത നേട്ടങ്ങൾ സൗദിയിലെ സ്ത്രീകൾ കൈവരിച്ചുകൊണ്ടിരിക്കുന്ന അമ്പരപ്പിക്കുന്ന കാഴ്ചയാണ് ഇതിലൂടെ കാണാനാവുന്നത്. നിങ്ങൾ ചിന്തിക്കുന്നതിനുമപ്പുറം പോവുക എന്ന വാചകത്തിലൂടെ വീഡിയോ അവസാനിക്കുമ്പോൾ അതു കണ്ടവർക്കെല്ലാം ഇതുവരെ കേട്ടതും അറിഞ്ഞതുമായ സൗദിയാണോ ഇതെന്ന് തോന്നിപ്പോവും. 

ഈ വിസ്മയ കാഴ്ചകൾ നേരിൽ കാണുന്നതിനും അനുഭവിക്കുന്നതിനുമായി സൗദിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. ടൂറിസം മേഖലയിൽ വൻ പശ്ചാത്തല, വികസന പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ഏതാണ്ട് 42,000 പദ്ധതികൾ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് നിർമാണ പുരോഗതിയിലാണ്. ഇവയുടെ പൂർത്തീകരണത്തോടെ സൗദിയിൽ പ്രതിവർഷം എത്തുന്ന വിനോദ സഞ്ചാരികൾ കോടികളായിരിക്കും. വിഷൻ 2030 ലക്ഷ്യമിടുന്നത് പ്രതിവർഷം പത്തു കോടി വിനോദ സഞ്ചാരികളെയാണ്. ഇന്ത്യ, ചൈന അടക്കം ഏഷ്യൻ രാജ്യങ്ങളിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമാണ് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്നത്. ഇക്കഴിഞ്ഞ വർഷം ഇന്ത്യയിൽനിന്ന് ഒരു ദശലക്ഷം വിനോദ സഞ്ചാരികളാണ് സൗദിയിലെത്തിയത്. ഈ വർഷം അത് രണ്ടു ദശലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ഓടെ സൗദി സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 12 ദശലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞ വർഷം ഇന്ത്യയിൽ റോഡ് ഷോ നടത്തിക്കൊണ്ട് സൗദി ടൂറിസം അതോറിറ്റി ഏഷ്യ പസഫിക് മാർക്കറ്റ് പ്രസിഡന്റ് അൽഹസൻ അൽ ദബ്ബാഗ് വെളിപ്പെടുത്തിയിരുന്നു.   ഇന്ത്യയിൽനിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി-ഇന്ത്യ വിമാന സർവീസുകളുടെ എണ്ണം 19 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. ഇതോടെ ഇപ്പോൾ ആഴ്ചയിൽ 243 സർവീസുകളുള്ളത് 290 ആയി ഉയരും. 

ഇ-വിസയും ഓൺഅറൈവൽ വിസയും ഇന്ത്യക്കാർക്ക് ഇതുവരെ ആയിട്ടില്ലെങ്കിലും താമസിയാതെ അതുണ്ടായേക്കും. നിലവിൽ 57 രാജ്യങ്ങൾക്ക് ഓൺ അറൈവൽ, ഓൺലൈൻ വിസ നൽകുന്നുണ്ട്. ഇതു കൂടുതൽ രാജ്യങ്ങൾക്കു കൂടി നൽകുന്നതോടെ വിനോദ സഞ്ചാരികളായി സൗദിയിലേക്ക് കോടിക്കണക്കിനു പേർ ഒഴുകിയെത്തും. ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന നിലവിൽ മൂന്നു ശതമാനമാണ്. 2030 ഓടെ അത് പത്തു ശതമാനമായി ഉയർത്തനാണ് ലക്ഷ്യം. അതോടൊപ്പം ഈ മേഖലയിൽ സ്വദേശികൾക്ക് പത്തു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. അതിനനുഗുണായ നടപടികളാണ് വിനോദ സഞ്ചരത്തിന്റെ പരിപോഷണത്തിനായി ഭരണകർത്താക്കൾ സ്വീകരിച്ചു വരുന്നത്. മെസ്സിയെ ടൂറിസം ബ്രാൻഡ് അംബാസഡറാക്കിയതോടെ മുമ്പൊന്നുമില്ലാത്തത്ര ശ്രദ്ധ ആകർഷിക്കാൻ സൗദിക്കായിട്ടുണ്ട്. 2030 ഓടെ തീർഥാടകരുടെ എണ്ണത്തിലും വൻ വർധനയാണ് പ്രതീക്ഷിക്കുന്നത്. 2030 ഓടെ പ്രതിവർഷം മൂന്നു കോടി തീർഥാടകരെ വരവേൽക്കാനുള്ള സൗകര്യങ്ങളാണ് മക്കയിലും മദീനയിലുമായി ഒരുക്കി വരുന്നത്. ഇതും നൂറുകണക്കിനു തൊഴിലവസര സാധ്യതകളാണ് സൃഷ്ടിക്കുന്നത്. ഇതോടൊപ്പം മറ്റു വികസന പദ്ധതികൾ കൂടിയാവുമ്പോൾ കാണാനും ജോലി ചെയ്യാനും ഏവരും കൊതിക്കുന്ന നാടായി സൗദി അറേബ്യ മാറും.

Latest News