Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട്‌നിന്നുള്ള ഹജ് യാത്രാനിരക്ക് കുറക്കാമെന്ന് കേന്ദ്രമന്ത്രി

ന്യൂദൽഹി- കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഹജ് വിമാന നിരക്ക് കൊച്ചി, കണ്ണൂർ വിമാനത്താവളത്തിലെ നിരക്കിന് തുല്യമാക്കണമെന്ന് യു.ഡി.എഫ് എം.പിമാർ കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു. മന്ത്രിയുടെ  ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇപ്പോൾ 510 ഡോളർ കുറവ് വരുത്താമെന്ന മന്ത്രിയുടെ ഉറപ്പ് അപര്യാപ്തമാണെന്നും സംസ്ഥാനത്തെ എല്ലാ എംബാർക്കേഷൻ പോയിന്റുകളുടെയും നിരക്ക് തുല്യമായി ഏകീകരിക്കണമെന്നും എം.പിമാർ ആവർത്തിച്ച് ഉന്നയിച്ചു.

1977 ഡോളർ ആണ് എയർ ഇന്ത്യ എക്‌സ്പ്രസ്സ് കോഴിക്കോട് നിന്നുള്ള നിരക്കായി ക്വാട്ട് ചെയ്തിരിക്കുന്നത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. കൊച്ചിയിൽ 1073 ഡോളറും കണ്ണൂരിൽ 1068 ഡോളറുമാണ്. കോഴിക്കോട് നിന്നുള്ള നിരക്ക് ക്രമാതീതമായതിനാലും ഒരു കമ്പനി മാത്രം പങ്കെടുത്ത ടെണ്ടർ ആയതിനാലും മന്ത്രാലയത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലെയും നിരക്ക് ഏകീകരിക്കുക മാത്രമാണ് പരിഹാരമെന്നും എം.പിമാർ ചൂണ്ടികാട്ടി. എം.പിമാരുടെ ആവശ്യം എയർ ഇന്ത്യാ മനേജ്‌മെന്റുമായി ചർച്ച നടത്താമെന്നും ശേഷം എം.പിമാരെ വിവരം അറിയിക്കാമെന്ന ഉറപ്പും മന്ത്രി നൽകി.

ഹജ് യാത്രക്കായി വലിയ വിമാനം സർവ്വീസിന് ഉപയോഗിക്കണമെന്ന എം.പിമാരുടെ ആവശ്യത്തിനോട് ഇക്കാര്യം സിവിൽ ഏവിയേഷൻ മന്ത്രിയുമായി ചർച്ച നടത്താമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകി. എം.പിമാരായ  കൊടിക്കുന്നേൽ സുരേഷ്, എൻ.കെ പ്രേമചന്ദ്രൻ, കെ മുരളീധരൻ, എം.കെ രാഘവൻ, ബെന്നി ബഹ്നാൻ, ആന്റോ ആന്റണി, അടൂർ പ്രകാശ്, ടി. എൻ പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാകോസ്  എന്നിവർ കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
 

Latest News