'ആരും ഒറ്റയ്ക്കല്ല, കൂടെയുണ്ട്'; പ്രളയബാധിതരെ ആശ്വസിപ്പിച്ച് രാഹുല്‍

കൊച്ചി- പ്രളയ ബാധയെ തുടര്‍ന്ന് കേരളം നേരിടുന്ന പ്രതിസന്ധിയില്‍ ആരും ഒറ്റയ്ക്കല്ലെന്നും എന്നും കൂടെയുണ്ടാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രളയക്കെടുതി നേരിടുന്ന വിവിധ പ്രദേശങ്ങളില്‍ രാഹുല്‍ പര്യടനം നടത്തി ദുരിതബാധിതരുമായി നേരിട്ടു സംസാരിച്ച ശേഷമാണ് രാഹുലിന്റെ ആശ്വാസം വാക്കുകള്‍. ദുരിതം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരത്തുക എത്രയും വേഗം ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്നും രാഹുല്‍ ഉറപ്പു നല്‍കി. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമില്ലെങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് കോണ്‍ഗ്രസ് എല്ലാ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി. മത, രാഷ്ട്രീയ ഭേദമില്ലാതെ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ട കേരളം രാജ്യത്തിനു തന്നെ മാതൃകയാണ്. കേരളത്തിലെ ഓരോരുത്തരുടെ കണ്ണുകളിലും ഭയം നിഴലിക്കുന്നുണ്ട്. പ്രളയം എത്രത്തോളം ആളുകളെ ബാധിച്ചുവെന്നതിന്റെ തെളിവാണിത്. ഈ പ്രതിസന്ധിയില്‍ ഒറ്റക്കാണെന്ന് ആശങ്കപ്പെടേണ്ട കോണ്‍ഗ്രസ് കൂടെയുണ്ടെന്നും രാഹുല്‍ ആശ്വസിപ്പിച്ചു. പ്രളയം ദുരിതം വിതച്ച വിവിധ ജില്ലകളിലെ ക്യാമ്പുകളിലും വീടുകളിലും രാഹുല്‍ സന്ദര്‍ശനം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും രാഹുലിനെ അനുഗമിച്ചു.

Latest News