Sorry, you need to enable JavaScript to visit this website.

ഒരു സുപ്രഭാതത്തിൽ കോട്ടും സ്യൂട്ടുമണിഞ്ഞ് പാൽക്കാരനും ലോട്ടറിക്കാരനും; ഇപ്പോൾ വിഭ്രാന്തിയുടെ ഹൈറിച്ചിൽ

തലശ്ശേരി- സംസ്ഥാനം  കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പായ ഹൈറിച്ച് മണി ചെയിൻ തട്ടിപ്പിൽ കുടുങ്ങി ലക്ഷങ്ങളുടെ കടബാധ്യതുമായ്  ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുകയാണ് കതിരൂർ ഗ്രാമം. ഈ പ്രദേശത്തുള്ള നൂറുക്കണക്കിന് ആളുകൾ വീടും വസ്തുവും പണയപ്പെടുത്തിയും കെട്ടുതാലിയടക്കം വിറ്റുമാണ് മോഹവലയത്തിൽ കുടുങ്ങി യാതൊരു രേഖയുമില്ലാതെ തട്ടിപ്പുകാർക്ക് പണം കൈമാറിയത്. പെൺകുട്ടികളുടെ വിവാഹത്തിനായ് കരുതി വെച്ച സമ്പാദ്യം, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നുള്ളി പെറുക്കി വെച്ചത് എല്ലാം തട്ടിപ്പുകാർ കൊണ്ടുപോയി. കതിരൂർ എന്ന ചെറിയ പ്രദേശത്ത് നിന്ന് മാത്രം 43 കോടിയലധികം രൂപ തട്ടിപ്പ് സംഘം കൈകലാക്കി എന്നാണ് പറയപ്പെടുന്നത.്  ലക്ഷങ്ങൾ പോയ പാൽക്കാരൻ തൊട്ട്  പണം നഷ്ടപ്പെട്ട് വിഭ്രാന്തിയിലായ ലോട്ടറി വിൽപ്പനക്കാരൻ വരെ ഈ ഗ്രാമത്തിലെ തട്ടിപ്പിന്റെ നേർചിത്രങ്ങളാണ്. ഇവർക്കിപ്പോൾ അവശേഷിക്കുന്നത് ഒരു സെറ്റ് കോട്ടും, സ്യൂട്ടും, ഷൂവുമാത്രം പാൽക്കാരനും, ലോട്ടറിക്കാരനും മോഹവലയത്തിൽപ്പെട്ട് ഇടക്കാലത്ത് സ്യൂട്ടണിഞ്ഞായിരുന്നു പുറത്തിറങ്ങിയിരുന്നത്. എന്നാൽ ഇന്ന് എല്ലാം ദിവാസ്വപ്‌നം പോലെ ഒറ്റയടിക്ക് തകർന്ന് കിടക്കുകയാണ്.

മറുവശത്ത് ചെറിയ തുക മാത്രം നിക്ഷേപിച്ച് മറ്റുള്ളവരെ വലവിരിച്ച് പിടിച്ച് ലക്ഷങ്ങൾ സാമ്പാദിച്ചവരുമുണ്ട്. അവരാണിപ്പോൾ യഥാർത്ഥ ഹീറോ അവരുടെ വീട്ട് പടിക്കലിലേക്ക് ഇരകൾ  ഒരു മുഴം കയറുമായി പോകാനുള്ള  ഒരുക്കത്തിലാണിപ്പോൾ.  പാവങ്ങളെ പറഞ്ഞ് പ്രലോഭിപ്പിച്ച് ചതിക്കുഴിയിലാക്കി ലക്ഷങ്ങൾ വിലമതിക്കുന്ന കാറിൽ ഇത്തരക്കാർ വിലസുമ്പോൾ നിരാലംബരായ മനുഷ്യരുടെ കണ്ണീരിന്റെ വില അവർ മനസിലാക്കുന്നില്ല.  
മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനിയായ ഹൈറിച്ച് ഓൺലൈൻ ഷോപ്പി നിക്ഷേപകരിൽനിന്നു തട്ടിയത് 25,000 കോടി രൂപയിലേറെയെന്ന് അന്വേഷണ സംഘം തന്നെ കണ്ടെത്തിയിരുന്നു. തൃശൂർ ആറാട്ടുപുഴയിലെ നെരുവിശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ആകർഷകമായ വാഗ്ദാനങ്ങളിൽ വീണത് ലക്ഷക്കണക്കിനു പേരാണ്. 126 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്ന ജി.എസ്.ടി ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടത്തലോടുകൂടിയാണ് കമ്പനിയുടെ വിശ്വാസ്യത ചോദ്യം ചെയ്തു തുടങ്ങിയത.് വൻ വെട്ടിപ്പ് നടത്തിയിട്ടും ഇവരെ സംരക്ഷിച്ചത് ഉന്നത രാഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധമാണെന്ന ആരോപണവും ഉയർന്നിരുന്നു. കമ്പനി ഡയറക്ടർ പ്രതാപന്റെ പേരിൽ 30 ൽ അധികം കേസുകൾ തൃശ്ശൂരിൽ നേരത്തെ തന്നെ രജിസ്റ്റർ ചെയ്തിരുന്നു. 

തലശ്ശേരി, പാനൂർ, കൂത്ത്പറമ്പ്, മാഹി എന്നിവിടങ്ങളിലുള്ളവർക്കും  കോടികളാണ് നഷ്ടപ്പെട്ടത്. 750 രൂപയോ 10,000 രൂപയോ നിക്ഷേപിച്ച് അംഗത്വമെടുക്കുന്നവർക്ക് വർധിച്ച ലാഭവിഹിതം വാഗ്ദാനം ചെയ്താണ് കമ്പനി നിക്ഷേപകരെ ആകർഷിച്ചത്. തുടർന്ന് പുതിയ അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവരെ കണ്ടെത്തി ഇവർക്ക് സ്‌പോൺസർ ചെയ്യാം. പുതിയ അംഗം ചേരുന്നതോടെ 200 രൂപ ഉടൻ (ബിസിനസിന് അനുസൃതമായി 200ന്റെ ഗുണിതങ്ങളായ സംഖ്യ) ആദ്യ അംഗത്തിന്റെ അക്കൗണ്ടിൽ ക്രെഡിറ്റാകും. തുടർന്ന് കൂടുതൽ അംഗങ്ങൾ ശൃംഖലയിൽ കണ്ണിചേരുമ്പോൾ ഓരോ തലത്തിലും ലാഭമെത്തും. വർഷം1.26 കോടി രൂപവരെ പരമാവധി വരുമാനം ലഭിക്കുമെന്നായിരുന്നു ഹൈറിച്ചിന്റെ വാഗ്ദാനം. കമ്പനിയുടെ സൂപ്പർ മാർക്കറ്റിൽനിന്ന് സാധനം വാങ്ങുമ്പോൾ ലഭിക്കുന്ന ലാഭം 18 ലെവലിൽ വീതംവയ്ക്കുന്നതിലൂടെ വൻതുകയും വാഗ്ദാനം ചെയ്തിരുന്നു. 
ഇങ്ങനെയുള്ള ബിസിനസ് രീതി ബഡ്‌സ് നിയമങ്ങളുടെ ലംഘനമാണെന്നു കണ്ടെത്തിയിട്ടുണ്ട്. 
റിസർവ് ബാങ്കിന്റെ നിയമപ്രകാരം ഹൈറിച്ച് ഓൺലൈൻ കമ്പനിക്ക് നിക്ഷേപങ്ങൾ സ്വീകരിക്കാൻ നിയമപ്രകാരം കഴിയില്ല. കമ്പനിക്കെതിരേ ക്രിപ്‌റ്റോ കറൻസി തട്ടിപ്പിനും കേസുണ്ട്. ക്രിപ്‌റ്റോ ഇടപാടിലൂടെയും ഹൈറിച്ച് സമ്പാദിച്ചത് കോടികളാണ്. തങ്ങൾ നിക്ഷേപിച്ച പണം നഷ്ടപ്പെടില്ലെന്ന് കമ്പനിയുടെ ആൾക്കാർ പറഞ്ഞ് പഠിപ്പിച്ച പാവങ്ങൾ ഇന്നും  ഉറച്ച പ്രതീക്ഷയിൽ നിൽക്കുകയാണ്. ലോണെടുത്തും മക്കളുടെ സ്വർണ്ണാഭരണങ്ങൾ പണയം വെച്ചും ലൈഫ് ഹൈറിച്ചാവാൻ കൊടുത്ത പണം  തിരികെ ലഭിക്കില്ലെന്ന് അറിയുമ്പോൾ പാവങ്ങളുടെ അവസ്ഥയെന്താകുമെന്ന് കണക്ക് കണ്ടറിയേണ്ടിയിരിക്കുന്നു.
 

Latest News