നല്ല സിനിമാ സംസ്‌കാരം വളര്‍ത്താന്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാണ് താന്‍ സിനിമയെടുത്തതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍


തിരുവനന്തപുരം - നല്ല സിനിമാ സംസ്‌കാരം കേരളത്തില്‍ വളര്‍ത്താന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാണ് താന്‍ സിനിമയെടുത്തതെന്ന് പ്രശസ്ത ചലചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.തിരുവനന്തപുരം സ്റ്റേറ്റ് പബ്ബിക് ലൈബ്രറി സംഘടിപ്പിച്ച അടൂര്‍ സിനിമ @ 50 എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എട്ടു വര്‍ഷം കൊണ്ടാണ് സര്‍ക്കാരിനു വേണ്ടി ഇടുക്കിയെക്കുറിച്ചൊരു ഡോക്യുമെന്ററി തയ്യാറാക്കിയത്. എം.എന്‍ . ഗോവിന്ദന്‍ നായര്‍ മന്ത്രിയായി വന്നപ്പോഴാണ് അതിനു ചിലവായ തുക കിട്ടിയത്. അതില്‍ നിന്ന് മിച്ചം വച്ച പണം കൊണ്ടാണ് കൊടിയേറ്റം എന്ന സിനിമയെടുത്തത്. കൊടിയേറ്റം വിതരണം ചെയ്യാന്‍ വിതരണ കമ്പനി തയ്യാറായില്ല. മധ്യവയസ്‌കനായ കഷണ്ടിക്കാനെ വച്ചെടു ത്ത സിനിമ ആരു കാണുമെന്നായിരുന്നു അവരുടെ ചോദ്യം. താരങ്ങളില്ലാത്ത സിനിമ ഓടില്ലെന്നവര്‍ കരുതി. ഞങ്ങള്‍ സ്വന്തമായി വിതരണ കമ്പനിയുണ്ടാക്കിയിട്ടും തീയറ്റര്‍ ഉടമകള്‍ തീയറ്റര്‍ തന്നില്ല. ഒടുക്കം ഹരിപ്പാട്ടും കോട്ടയത്തും ചെറിയ തീയറ്റര്‍ ലഭിച്ചു.
അദ്യദിനം പടം കാണാന്‍ തീരെ ആളുണ്ടായിരുന്നില്ല. രണ്ടാ ദിനം കുറച്ചാളെത്തി. മൂന്നാം ദിവസം തീയറ്റര്‍ നിറഞ്ഞു . പിന്നീട് കൊടിയേറ്റം പ്രദര്‍ശിപ്പിക്കാന്‍ കൂടുതല്‍ തീയറ്ററുകള്‍ മുന്നോട്ടു വരുകയായിരുന്നു. താനിതുവരെ 12 ഓളം സിനിമകള്‍ മാത്രമെടുത്തിട്ടുള്ളു. സാമ്പത്തികമായും മറ്റു നിലയിലും കടുത്ത പ്രതിസന്ധിയിലൂടെയാണ് സിനിമയെടുത്തത്. എഴുത്തു കാര്‍ക്ക് പേനയും പേപ്പറും കിട്ടിയാല്‍ കഥയോ നോവലോ എഴുതാം. ചിത്രകാരന്മാര്‍ക്ക് ബ്രഷും  പെയിന്റു o മതി.എന്നാല്‍ ചലചിത്രകാരനു നിരവധി കാര്യങ്ങള്‍ ഒത്തുചേര്‍ന്നു വരേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ കെ.എന്‍. ഷാജി. നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍, സ്റ്റേറ്റ് ലൈബ്രേറിയന്‍ പി.കെ. ശോഭന, പിയു അശോകന്‍ ,പി ആര്‍ ശ്രീകുമാര്‍, മഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

Latest News