Sorry, you need to enable JavaScript to visit this website.

വീണാ വിജയന്റെ കമ്പനിക്കെതിരെയുള്ള അന്വേഷണം മുഖ്യമന്ത്രിക്കും സി പി എമ്മിനും തലവേദനയാകും


തിരുവനന്തപുരം - മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയുടെ വിവാദ ഇടപാടുകളുടെ അന്വേഷണം കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിനു (എസ്.എഫ്.ഐ.ഒ) കൈമാറുന്നത് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും തലവേദനയാകും. കമ്പനികളുമായി ബന്ധപ്പെട്ട ഗുരുതര തട്ടിപ്പുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് എസ്.എഫ്.ഐ.ഒ. ഈ കേസില്‍ അന്വേണഷം തടയാനുള്ള നിയമപരമായ നടപടികള്‍ മുഖ്യമന്ത്രി ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ഗുരുതരമായ കുറ്റകൃത്യമെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം. കമ്പനീസ് ആക്ട് 212 എ ആന്‍ഡ് സി ചട്ടം ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിലവിലെ അന്വേഷണം. ഇതാണ് എസ്.എഫ്.ഐ.ഒയ്ക്ക് കൈമാറിയത്. പൊതുതാപര്യാര്‍ത്ഥവും, പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം. ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ബെംഗളൂരു ആര്‍ഒസിയും എറണാകുളം ആര്‍ഒസിയും എക്സാലോജിക്ക്-സിഎംആര്‍എല്‍ ഇടപാടില്‍ ഗുരുതരമായ ചട്ടലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഗുരുതര കുറ്റകൃത്യം കണ്ടെത്തിയതിനാല്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസാണ് കേസ് അന്വേഷിക്കേണ്ടത് എന്ന് അഭിപ്രായമുയര്‍ന്നിരുന്നു. ഈ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാനായ ഷോണ്‍ ജോര്‍ജ്ജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹൈക്കോടതി ഈ ഉപഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോര്‍പ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ പ്രാഥമികമായി തന്നെ കണ്ടെത്തിയതിനാല്‍ സിബിഐക്കും കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം  ഇഡിക്കും കേസ് അന്വേഷിക്കാമെന്നും ആര്‍ഒസി പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. ഇതും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം മുന്നില്‍ കണ്ടിട്ടുണ്ട്. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോ സര്‍വീസിലെ ആറ് ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. ആദ്യഘട്ടത്തില്‍ മൂന്ന് കമ്പനികളില്‍ നിന്നും എസ്.എഫ്.ഐഒ വിവാദ ഇടപാട് സംബന്ധിച്ച വിശദാംശങ്ങള്‍ തേടിയേക്കാം. അല്ലെങ്കില്‍ നേരിട്ട് പരിശോധന നടത്താനോ, കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്താനോ ഉള്ള സാധ്യതയുമുണ്ട്. അന്വേഷണത്തില്‍ കുറ്റകൃത്യം തെളിഞ്ഞാന്‍ അറസ്റ്റിനും പ്രോസിക്യൂഷനും അടക്കം അധികാരമുള്ള ഏജന്‍സിയാണ് എസ്എഫ്ഐഒ.  ഈ സാഹചര്യത്തിലാണ് അന്വേഷണത്തെ നിയമപരമായി എങ്ങനെ നേരിടാമെന്ന ആലോചന. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരില്‍ നിന്നും അഭിപ്രായം തേടിയാകും തീരുമാനം. വിളിച്ചുവരുത്തി ചോദ്യം ചെയ്യല്‍, റെയ്ഡ് ഇങ്ങനെ എന്തും സംഭവിക്കാമെന്നതിനാല്‍ മുന്‍കരുതല്‍ എടുക്കാനാണ് മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേമത്രെ.

 

 

Latest News