ഗുഗ്‌ളില്‍ നിന്ന് ഇനി ഉടനടി വായ്പകളും

ന്യൂദല്‍ഹി- ഇന്ത്യയിലെ ബാങ്കുകളുമായി കൈകോര്‍ത്ത് ഉപഭോക്താക്കള്‍ക്ക് ഉടനടി വായ്പ ലഭ്യമാക്കുന്നതുള്‍പ്പെടെ പുതിയ ബാങ്കിങ് സേവനങ്ങളുമായി ടെക്ക് ഭീമനായ ഗൂഗ്ള്‍. ഇന്ത്യയിലെ ലക്ഷക്കണക്കിന് പുതിയ ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഗുഗ്‌ളിന്റെ പരിഷ്‌ക്കരിച്ച ഡിജിറ്റല്‍ പേയമെന്റ് സംവിധാനം വഴി ബാങ്കിങ് ഇടപാടുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗ്‌ളിന്റെ പേയ്‌മെന്റ് ആപ്പായ 'തേസ്'നെ 'ഗുഗ്ള്‍ പേ' എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്തു. ഫെഡറല്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക് എന്നീ സ്വകാര്യ ബാങ്കുകളുമായി കൈകോര്‍ത്താണ് ഗുഗ്ള്‍ പേ ഉപഭോക്താക്കള്‍ക്ക് ഉടനടി വായ്പകള്‍ ലഭ്യമാക്കുക. കൂടുതല്‍ ബാങ്കുകളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു. ഇപ്പോള്‍ പ്രതിമാസം 2.2 കോടി പേര്‍ തേസ് ഉപയോഗിക്കുന്നുണ്ടെന്നും ഗൂഗ്ള്‍ പറയുന്നു. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഡിജിറ്റല്‍ സേവന വിപണിയാണ് ഇന്ത്യ. 2023ഓടെ ഡിജിറ്റല്‍ പേയ്‌മെന്റ് മേഖല അഞ്ചിരട്ടി വളര്‍ച്ച കൈവരിച്ച് ഒരു ലക്ഷം കോടി രൂപയിലെത്തുമെന്നാണ് രാജ്യാന്തര സാമ്പത്തിക സേവനദാതാക്കളായ ക്രെഡിറ്റ് സൂസെയുടെ കണക്കുകൂട്ടല്‍.

Latest News