Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഫാൻസി നമ്പർ പ്ലേറ്റ് വിറ്റ പോലീസുകാരനും കോളേജിൽനിന്ന് ലാപ്‌ടോപ്പ് കവർന്ന ഉദ്യോഗസ്ഥനും അറസ്റ്റിൽ

ജിദ്ദ - ഫാൻസി നമ്പർ പ്ലേറ്റ് വിൽപന നടത്തി അനധികൃതമായി പണം സമ്പാദിച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു. ഫാൻസി നമ്പർ പ്ലേറ്റുള്ള പഴയ വാഹനം ഉടമ അറിയാതെ ആഭ്യന്തര മന്ത്രാലയ സിസ്റ്റങ്ങളിൽ നിന്ന് നീക്കം ചെയ്ത് ഫാൻസി നമ്പർ കൈക്കലാക്കി ഇത് തന്റെ പിതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ശേഷം പിന്നീട് 1,65,000 റിയാൽ ഈടാക്കി മറ്റൊരു സൗദി പൗരന്റെ പേരിലേക്ക് മാറ്റുകയായിരുന്നു.

യൂനിവേഴ്‌സിറ്റി എൻജിനീയറിംഗ് കോളേജ് ലാബിൽ നിന്ന് ലാപ്‌ടോപ്പുകൾ കൈക്കലാക്കി വ്യാപാര സ്ഥാപനങ്ങളിൽ വിറ്റ് കാശാക്കിയ യൂനിവേഴ്‌സിറ്റി ഉദ്യോഗസ്ഥനും അറസ്റ്റിലായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കിയ വകയിലെ കുടിശ്ശിക തീർക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 34,500 റിയാൽ കൈക്കൂലി സ്വീകരിച്ച വിദേശിയെ തൊണ്ടിസഹിതം അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷൻ ലോക്കപ്പിലടച്ച വനിതയുടെ വിലപിടിച്ച ആഭരണങ്ങൾ കൈക്കലാക്കിയ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥനെ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തു. 

വിദേശികൾക്ക് അനധികൃതമായി സ്‌പെഷ്യലൈസ്ഡ് ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനു പകരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് 1,65,000 റിയാൽ കൈക്കൂലി വാഗ്ദാനം ചെയ്യുകയും ഇതിൽ 23,000 റിയാൽ കൈമാറുകയും ചെയ്ത വിദേശിയും അറസ്റ്റിലായിട്ടുണ്ട്. 
വീടുകളിൽ ഒന്നിന് അനധികൃതമായി ജല, മലിജന കണക്ഷൻ നൽകുന്നതിന് 20,000 റിയാൽ കൈക്കൂലി ആവശ്യപ്പെടുകയും ഇതിൽ 15,000 റിയാൽ കൈപ്പറ്റുകയും ചെയ്ത, ദേശീയ ജല കമ്പനിയുമായി കരാർ ഒപ്പുവെച്ച സ്വകാര്യ കമ്പനി ജീവനക്കാരനായ വിദേശിയെയും അറസ്റ്റ് ചെയ്തു. യൂനിവേഴ്‌സിറ്റി വെയർഹൗസിൽ നിന്ന് ലോഡ് നിറച്ച ലോറി അനധികൃതമായി പുറത്തുകടത്തുന്നതിന് കൂട്ടുനിൽക്കുന്നതിന് സർവകലാശാലാ സെക്യൂരിറ്റി ജീവനക്കാരന് 15,000 റിയാൽ കൈക്കൂലി വാഗ്ദാനം ചെയ്ത നാലു വിദേശികളും അറസ്റ്റിലായി. 

മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള നടപടിക്രമങ്ങൾ അനധികൃതമായി പൂർത്തിയാക്കി നൽകുന്നതിന് വിദേശിയിൽ നിന്ന് 10,000 റിയാൽ കൈക്കൂലി സ്വീകരിച്ച മന്ത്രാലയ ഉദ്യോഗസ്ഥനും കുടുങ്ങി. ഈ കേസിൽ ഉദ്യോഗസ്ഥന് കൈക്കൂലി നൽകിയ വിദേശിയും അറസ്റ്റിലായിട്ടുണ്ട്. സൗദി ഇലക്ട്രിസിറ്റി കമ്പനി വെയർഹൗസിൽ നിന്ന് അനധികൃതമായി ചില വസ്തുക്കൾ കൈക്കലാക്കുന്നതിന് കൂട്ടുനിൽക്കുന്നതിന് ഇലക്ട്രിസിറ്റി കമ്പനിയുമായി കരാർ ഒപ്പുവെച്ച സെക്യൂരിറ്റി കമ്പനി ജീവനക്കാരന് 3,000 റിയാൽ കൈക്കൂലി വാഗ്ദാനം ചെയ്ത മറ്റൊരു വിദേശിയെയും അറസ്റ്റ് ചെയ്തു. 
വീടുകളിൽ ഒന്നിലേക്ക് അനധികൃതമായി ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിന് 6,000 റിയാൽ കൈക്കൂലി സ്വീകരിച്ച, സൗദി ടെലികോം കമ്പനിയുമായി കരാർ ഒപ്പുവെച്ച കമ്പനിക്കു കീഴിൽ ജോലി ചെയ്യുന്ന മൂന്നു വിദേശികളെയും കൈയോടെ അറസ്റ്റ് ചെയ്തു. വ്യാപാര സ്ഥാപനത്തിന് അനധികൃതമായി ലൈസൻസ് അനുവദിക്കുന്നതിന് സ്ഥാപന ഉടമയിൽ നിന്ന് 4,000 റിയാൽ കൈക്കൂലി കൈപ്പറ്റിയ നഗരസഭയിലെ പരിസ്ഥിതി ആരോഗ്യ വകുപ്പ് മേധാവിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസിൽ സ്ഥാപന ഉടമയെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു.
 

Latest News