വിമാന ഇന്ധന വില കുറച്ചു, ഇനിയെങ്കിലും വിമാന ടിക്കറ്റ് ചാര്‍ജ് കുറയുമോ? പാചകവാതക വില കൂട്ടി

ന്യൂദല്‍ഹി - വിമാന യാത്രികര്‍ക്ക് ചെറിയ പ്രതീക്ഷ പകരുന്ന തീരുമാനം പുറത്തു വന്നു. വിമാന ഇന്ധന വില (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍-എ ടി എഫ്) എണ്ണ കമ്പനികള്‍ കുറച്ചു. കിലോ ലിറ്ററിന് ഏകദേശം 1221 രൂപയാണ് വിലയിലെ കുറവ്. വിമാന നിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഇത് തുടര്‍ച്ചയായ നാലാം തവണയാണ് വിമാന ഇന്ധന വില  കുറയ്ക്കുന്നത്.  പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ധന വില കുറഞ്ഞതിനാല്‍ ഇനി വിമാന ടിക്കറ്റ് നിരക്കുകളില്‍ കുറവ് വരുമെന്ന പ്രതീക്ഷയാണുള്ളത്. അതേ സമയം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.  19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 14 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില വര്‍ധിപ്പിച്ചിട്ടില്ലെന്നത് ആശ്വാസമാണ്. 
വിലവര്‍ധനവോടെ ദല്‍ഹിയില്‍ 19 കിലോ എല്‍ പി ജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില 1,769.50 രൂപയാകും. കഴിഞ്ഞ നവംബറിലും വാണിജ്യ പാചക വാതക വില വര്‍ധിപ്പിച്ചിരുന്നു. അന്ന് 102 രൂപയായിരുന്നു വര്‍ധന. ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്ക് വില വര്‍ധന തിരിച്ചടിയാകും. അവശ്യ സാധനങ്ങളുടെ വിലവര്‍ധനവിന് പുറമെ പാചകവാതകത്തിന്റെയും വില പലപ്പോഴായി വര്‍ധിപ്പിക്കുന്നത് ഹോട്ടല്‍ വ്യവസായത്തെ  പ്രതിസന്ധിയിലാക്കുകയാണെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

 

Latest News