Sorry, you need to enable JavaScript to visit this website.

അഭയകേന്ദ്രത്തില്‍നിന്ന് കാണാതായ 30 കുട്ടികളെ മതം മാറ്റി

ലുധിയാന- പഞ്ചാബിലെ അഭയകേന്ദ്രത്തില്‍നിന്ന് കാണാതായ 30 കുട്ടികളെ മതം മാറ്റിയതായി പോലീസ് എഫ്.ഐ.ആര്‍. ലുധിയാന ജില്ലയിലെ പാസ്‌കിന്‍ മേരി ക്രോസ് ചൈല്‍ഡ് ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് അപ്രത്യക്ഷരായ കുട്ടികളെ ക്രൈസ്തവ മതത്തിലേക്ക് മാറ്റിയെന്ന് വെസ്റ്റ് സിങ്ബും ജില്ലയിലെ ചായിബസ പോലീസ് സ്‌റ്റേഷനിലാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. ഝാര്‍ഖണ്ഡിലെ വിവിധ ജില്ലകളില്‍നിന്നുള്ള 34 കുട്ടികളെ ലുധിയാന അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നതിന് മതം മാറ്റിയെന്നാണ് പരാതി. രജിസ്റ്റര്‍ ചെയ്യാത്ത അഭയകേന്ദ്രമാണിതെന്നും മനുഷ്യത്വരഹിതമായാണ് കുട്ടികളോട് പെരുമാറിയിരുന്നതെന്നും മതംമാറ്റത്തിനു തെളിവുകളുണ്ടെന്നും ചായിബസ സദര്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ പ്രകാശ് സോയ് പറഞ്ഞു.
 
ചായിബസ ശിശുക്ഷേമ കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. കുട്ടികളെ കടത്തുന്നതിന് നേതൃത്വം നല്‍കിയ സത്യേന്ദ്ര പ്രസാദ് മുസയെ അറസ്റ്റ് ചെയ്യുന്നതിന് കമ്മിറ്റി അംഗം ജ്യോത്സന ട്രികേ നല്‍കിയ പരാതിയുടെ പകര്‍പ്പ് ലുധിയാനയിലെ അധികൃതര്‍ക്ക് അയച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ലുധിയാന വെസ്റ്റ് സിങ്ബും പോലീസിലെ പ്രത്യേക സംഘത്തലവന്‍ എസ്.ഐ ബനാറസി റാമും മതപരിവര്‍ത്തനത്തിന് തെളിവുകള്‍ ലഭിച്ചതായി പറയുന്നു. ക്രൈസ്തവ മതത്തിലേക്ക് മാറ്റിയ കുട്ടികളെ മതം പഠിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
 
അതിനിടെ, 30 കുട്ടികളുടെ തിരോധാനം സംബന്ധിച്ച് ലുധിയാന ഡെപ്യൂട്ടി കമ്മീഷണല്‍ ഡോ.പ്രദീപ് കുമാര്‍ മജ്‌സിറ്റീരിയല്‍ തല അന്വേഷണത്തിന് ഉത്തരവായി. ഈ അന്വേഷണത്തിലൂടെ മാത്രമേ അഭയകേന്ദ്രത്തില്‍നിന്ന് ആര്‍ക്കാണ് കുട്ടികളെ കൈമാറിയതെന്ന് വ്യക്തമാകൂ. അഭയകേന്ദ്രത്തിലുണ്ടായിരുന്ന 38 കുട്ടികളില്‍ എട്ട് പേരെ മാത്രമേ ഇനിയും കണ്ടെത്താനായിട്ടുള്ളൂ. ഇവരെ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്ക് മാറ്റിയാതായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഷീന അഗര്‍വാള്‍ പറഞ്ഞു.

ഝാര്‍ഖണ്ഡ് പോലീസ് പ്രാദേശിക പോലീസിന്റെ സഹായത്തോടെ ഈ മാസം 30 ന് പാസ്‌കിന്‍ അഭയകേന്ദ്രം റെയ്ഡ് ചെയ്താണ് എട്ട് കുട്ടികളെ മോചിപ്പിച്ചത്. ബാക്കി കുട്ടികളെ അവരുടെ മാതാപിതാക്കള്‍ക്ക് കൈമാറിയെന്നാണ് അഭയകേന്ദ്രം നടത്തിയിരുന്ന സത്യേന്ദ്ര മുസ അവകാശപ്പെടുന്നത്. ഇയാളുടെ വാദത്തിന് അടിസ്ഥാനമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. നിയമവിരുദ്ധമായ മതംമാറ്റം, ബാലവേല, പീഡനം എന്നിവ ഉറപ്പാക്കുന്ന തെളിവുകള്‍ ഝാര്‍ഖണ്ഡ് പോലീസും ശിശുക്ഷേമ കമ്മിറ്റിയും നടത്തിയ റെയ്ഡില്‍ ലഭിച്ചതായും പറയുന്നു.

Latest News