വീണാ വിജയന് കുരുക്ക് മുറുകുന്നു, കമ്പനിക്കെതിരെ അന്വേഷണം നടത്തുന്നത് ആറംഗ സംഘം, സി പി എം പ്രതിരോധത്തില്‍

തിരുവനന്തപുരം - മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരെയുള്ള അന്വേഷണം നടത്തുക സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിലെ ആറംഗ സംഘം. എട്ടുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. നിലവില്‍ രജിസ്റ്റാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണമാണ് എസ് എഫ് ഐ ഒയ്ക്ക് കൈമാറിയിരിക്കുന്നത്. അന്വേഷണം വീണാ വിജയന് വലിയ കുരുക്കാണ് സൃഷ്ടിക്കുക.
എക്‌സാലോജിക് - സി എം ആര്‍ എല്‍ കമ്പനി ഇടപാടിനെക്കുറിച്ചാണ് പ്രധാന അന്വേഷണമെങ്കിലും സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെ എസ്ഐ ഡി സിയും അന്വേഷണപരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അറസ്റ്റിന് ഉള്‍പ്പെടെ അധികാരമുള്ള എസ് എഫ് ഐ ഒ അന്വേഷണം ഏറ്റെടുക്കുന്നതോടെ കേസിന്റെ ഗൗരവം വര്‍ധിക്കുകയാണ്. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സികളിലൊന്നാണ് എസ് എഫ്ഐ ഒ. ലോക്സഭാ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയ്ക്കെതിരായ അന്വേഷണം സി പി എമ്മിനേയും പ്രതിരോധത്തിലാക്കും.

 

Latest News