മൂന്നര മാസത്തിനുശേഷം മകന്‍ അമ്മയെ മറന്നു; കരളലിയിക്കുന്ന വിഡിയോ

മാതാപിതാക്കളേയും മക്കളേയും വേര്‍പെടുത്തി കുടിയേറ്റം തടയാമെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭ്രാന്തന്‍ നയത്തിന്റെ അനന്തരഫലമായി ഉണ്ടായ കരളലിയിക്കുന്ന ദൃശ്യം പുറത്തുവിട്ടു.
 
അമ്മയില്‍നിന്ന് വേര്‍പെടുത്തി പാര്‍പ്പിച്ച മൂന്ന് വയസ്സായ മകന്‍ സ്വന്തം അമ്മയെ തിരിച്ചറിയാതാകുന്ന വിഡിയോ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ (എസിഎല്‍യു) ആണ് പുറത്തുവിട്ടത്.
 
ജോര്‍ജ് ബുഷ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്നുള്ളതാണ് ദൃശ്യം. ഹോണ്ടുറാസ് സ്വദേശിനിയായ റെയസ് മെയ്ജ മകനെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ വാരിപ്പുണര്‍ന്നപ്പോള്‍ അവന്‍ അമ്മയെ ഓര്‍ക്കാത്ത വിധം ഓടിപ്പോകുന്നു. മൂന്നര മാസമാണ് ഈ അമ്മയേയും മകനേയും വേര്‍പെടുത്തി താമസിപ്പിച്ചത്.

എന്താണ് എന്റെ കുട്ടിക്ക് പറ്റിയതെന്ന സ്ത്രീ ഭര്‍ത്താവിനോട് ചോദിക്കുന്നത് കേള്‍ക്കാം.
ഹോണ്ടുറാസില്‍ അക്രമവും സംഘര്‍ഷവും രൂക്ഷമായതിനെ തുടര്‍ന്നാണ് റെയ്‌സ്-മെയ്ജ കുടുംബം അമേരിക്കയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് എസിഎല്‍യു പറയുന്നു.
അതിര്‍ത്തിയില്‍ പിടിയിലായ ഇവരെ യു.എസ് കസ്റ്റംസ് ഇമിഗ്രേഷന്‍ അധികൃതര്‍ വേര്‍പെടുത്തുകയായിരുന്നു.

ആദ്യം തടവിലിട്ട കേന്ദ്രത്തില്‍ അധികൃതരുടെ അനുമതിയോടെ കുട്ടിയെ തനിച്ചാക്കി കടലാസുകള്‍ ശരിയാക്കാന്‍ പോയതായിരുന്നു പിതാവ്. തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ കാണാനില്ല. അന്വേഷിച്ചപ്പോഴാണ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അവനെ മിഷിഗണിലെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്ന് അറിഞ്ഞത്.
എസിഎല്‍യു കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെ വേര്‍പെടുത്തിയ കുടുംബങ്ങളെ ഒന്നിപ്പിക്കണമെന്ന് യു.എസ് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടത്. കോടതി ഉത്തരവിനെ തുടര്‍ന്ന് ഒന്നിപ്പിച്ച ആദ്യ കുടുംബങ്ങളിലൊന്നാണ് റെയസ് -മെയ്ജയുടേത്.

 

Latest News