ജഡ്ജിക്ക് തിരക്ക്: ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വീണ്ടും നീട്ടി

ന്യൂദല്‍ഹി - ദല്‍ഹി കലാപത്തിലെ ഗൂഢാലോചന കേസില്‍ യു.എ.പി.എ പ്രകാരം ജയിലില്‍ കഴിയുന്ന മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു.

യു.എ.പി.എയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ ഉള്‍പ്പെടെയുള്ള ഹരജികള്‍ സമയക്കുറവ് കാരണം ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷനായ ബെഞ്ചിന് വാദം കേള്‍ക്കാനായില്ല.

അടുത്ത ദിവസം വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് ജെ.ബി വരാലെ ഉള്‍പ്പെട്ട ബെഞ്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനോട് പറഞ്ഞു.

അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച വിഷയം കേള്‍ക്കുന്ന ഏഴംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വ്യാഴാഴ്ച ഹാജരാകുമെന്നതിനാല്‍ വ്യാഴാഴ്ച തനിക്ക് കേസ് വാദിക്കാനാവില്ലെന്ന് സിബല്‍ അറിയിച്ചു.

ജസ്റ്റിസ് ത്രിവേദി കഴിഞ്ഞ ആഴ്ചയും വാദം കേള്‍ക്കുന്നത് മാറ്റിവെച്ചിരുന്നു.

ഖാലിദ് ജയിലില്‍ കഴിയുന്നതിനാല്‍ കേസില്‍ വേഗം വാദം കേള്‍ക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി മുമ്പ് ഊന്നിപ്പറയുകയും കേസ് മാറ്റിവെക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ദല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് മൃദുല്‍, ജസ്റ്റിസ് രജനീഷ് ഭട്‌നാഗര്‍ എന്നിവരടങ്ങിയ ബെഞ്ച് 2022 ഒക്ടോബര്‍ 18 ന് സ്ഥിരം ജാമ്യം തേടി സമര്‍പ്പിച്ച അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് ഖാലിദ് സുപ്രീം കോടതിയെ സമീപിച്ചത്.
യു.എ.പി.എ കേസില്‍ വിചാരണക്കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു.

 

Latest News