Sorry, you need to enable JavaScript to visit this website.

ആഡംബര കാറുകൾ 300, പ്രൈവറ്റ് ജെറ്റ്, മലേഷ്യയുടെ പുതിയ രാജാവിന് സ്വത്തുക്കളുടെ കൂമ്പാരം

കോലാലംപുർ- അറുപത്തിയഞ്ചാമത്തെ വയസിൽ മലേഷ്യയുടെ പുതിയ രാജാവായി ജോഹർ സുൽത്താൻ ഇബ്രാഹിം ഇസ്‌കന്ദർ അധികാരമേൽക്കുന്നു. 
5.7 ബില്യൺ ഡോളറിന്റെ സമ്പത്തും തന്റെ രാജ്യത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഒരു സാമ്രാജ്യവുമായാണ് ജോഹർ സുൽത്താൻ ചെങ്കോലേന്തുന്നത്. റിയൽ എസ്‌റ്റേറ്റ്, ഖനനം, ടെലികമ്മ്യൂണിക്കേഷൻസ്, പാം ഓയിൽ തുടങ്ങി നിരവധി സംരംഭങ്ങളെ ഉൾക്കൊള്ളുന്നതാണ് സുൽത്താന്റെ സാമ്രാജ്യം. ഔദ്യോഗിക വസതിയായ ഇസ്താന ബുക്കിറ്റ് സെറീൻ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സമ്പത്തിന്റെ തെളിവാണ്. അഡോൾഫ് ഹിറ്റ്‌ലർ സമ്മാനിച്ചതായി കരുതപ്പെടുന്നടക്കം 300ലധികം ആഡംബര കാറുകളുടെ ശേഖരം രാജാവിന്റെ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരിക്കുന്നു.  ഒരു സ്വർണ്ണനീല ബോയിംഗ് 737 ഉൾപ്പെടെയുള്ള ഒരു സ്വകാര്യ ജെറ്റ് വിമാനവും അടുത്തുണ്ട്. കുടുംബത്തിന് മാത്രമായി സ്വകാര്യ സൈന്യവും. 

5.7 ബില്യൺ ഡോളറാണ് കുടുംബത്തിന്റെ സ്വത്തായി ബ്ലൂംബെർഗ് കണക്കാക്കിയത്. എന്നാൽ, സുൽത്താൻ ഇബ്രാഹിമിന്റെ സമ്പത്തിന്റെ യഥാർത്ഥ വ്യാപ്തി അതിനപ്പുറമാണെന്നാണ് കരുതുന്നത്. മലേഷ്യയിലെ പ്രമുഖ സെൽ സേവന ദാതാക്കളിൽ ഒന്നായ യു മൊബൈലിലെ 24% ഓഹരിയും സ്വകാര്യ, പൊതു കമ്പനികളിൽ 588 മില്യൺ ഡോളറിന്റെ അധിക നിക്ഷേപവും അദ്ദേഹത്തിന്റെ കൈവശമുണ്ട്. ബൊട്ടാണിക് ഗാർഡനിനോട് ചേർന്നുള്ള വിശാലമായ പ്രദേശമായ ടൈർസാൽ പാർക്ക് ഉൾപ്പെടെ സിംഗപ്പൂരിൽ നാലു ബില്യൺ ഡോളർ വിലമതിക്കുന്ന ഭൂമിയും പുതിയ രാജാവിന് സ്വന്തം.


തന്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി, സുൽത്താൻ ഇബ്രാഹിം ആഡംബരങ്ങൾ വിളിച്ചുപറയുന്നതിൽ ആനന്ദം കണ്ടെത്തുന്നയാളാണ്. സിംഗപ്പൂരിന്റെ നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധവും പ്രമുഖ ചൈനീസ് ഡെവലപ്പർമാരുമായുള്ള ബിസിനസ് താൽപര്യങ്ങളും ആഭ്യന്തര, വിദേശ നയങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്താൻ അദ്ദേഹത്തെ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തൽ. 
സുൽത്താൻ ഇബ്രാഹിമിന്റെ സ്വാധീനം അദ്ദേഹത്തിന്റെ സമ്പത്തിനപ്പുറം മലേഷ്യയുടെ സാമ്പത്തിക ഭൂപ്രകൃതിയെയും സ്വാധീനിക്കുന്നു. ബിസിനസ് താൽപ്പര്യങ്ങളും ചൈനീസ് നിക്ഷേപകരുമായുള്ള സഖ്യങ്ങളും, സിംഗപ്പൂരിലെ നേതാക്കളുമായുള്ള പ്രത്യേക ബന്ധവും അദ്ദേഹത്തെ പ്രാദേശിക സാമ്പത്തിക ഭൂപ്രകൃതിയിൽ ഒരു പ്രധാന നേതാവാക്കിയും മാറ്റി. 
മികച്ച ബിസിനസ് അവസരങ്ങൾ ഒരുക്കുന്ന ജോഹർ സുൽത്താൻ,മലേഷ്യയിലെ ബിസിനസ് സമൂഹത്തിന്, ചൈനീസ് വ്യവസായികളുമായുള്ള സംയുക്ത സംരംഭങ്ങൾ ഒരുക്കി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായി മാധ്യമങ്ങൾ ചൂണ്ടികാണിക്കുന്നു.
 

Latest News