കാസര്‍കോട്- അങ്കമാലി കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം കടത്തിണ്ണയില്‍ കിടന്നുറങ്ങിയ ആളിനെ തലക്കടിച്ചു കൊന്ന കേസിലെ പ്രതിയെ കാസര്‍കോട് ചെര്‍ക്കളയില്‍ അറസ്റ്റ് ചെയ്തു. ശിവന്‍കുട്ടി നായര്‍ എന്ന രാജുവിനെ(58)യാണ് വിദ്യാനഗര്‍ പോലീസിന്റെ സഹായത്തോടെ ചെര്‍ക്കള ബേര്‍ക്കയിലെ കോര്‍ട്ടേഴ്സില്‍ വെച്ച് പിടികൂടിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് അങ്കമാലിയില്‍ കൊലപാതകം നടന്നത്. ചാലക്കുടി കുറ്റിച്ചിറ അംബേദ്കര്‍ കോളനിയിലെ ചാല പറമ്പന്‍ ജനാര്‍ദനന്റെ മകന് സത്യന് (45) ആണ് കൊല്ലപ്പെട്ടത്. അങ്കമാലിയില്‍ ആക്രി സാധനങ്ങള്‍ പെറുക്കിയെടുത്ത് വില്പന നടത്തി വരികയായിരുന്നു പിടിയിലായ രാജു. ചെരുപ്പ് റിപ്പയര്‍ ജോലി ചെയ്തിരുന്ന സത്യനും രാജുവും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒരു കൂള്‍ബാറിന്റെ വരാന്തയിലാണ് രാത്രി കാലങ്ങളില്‍ കിടന്നുറങ്ങുന്നത്. സംഭവദിവസം ഉറങ്ങാനുള്ള സ്ഥലത്തെ ചൊല്ലി രണ്ടു പേരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. സത്യനെ തലക്ക് കല്ല് കൊണ്ട് കുത്തിയും അടിച്ചും കൊന്ന ശേഷം അന്ന് രാത്രി തന്നെ സ്ഥലം വിട്ട രാജു നിരവധി സ്ഥലങ്ങളില്‍ കറങ്ങിയതിന് ശേഷമാണ് കാസര്‍കോട് ചെര്‍ക്കളയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇയാളെ കാണാതായതിനെ തുടര്‍ന്നാണ് രാജുവിനെ ചുറ്റിപ്പറ്റി അന്വേഷണം നടത്താന്‍ പോലീസ് തയാറായത്. ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസിന്റെ നിര്‍ദേശപ്രകാരം വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്തും സ്കോഡിലെ അംഗങ്ങളായ എസ്.ഐ ഫിലിപ്പ് തോമസ്, എ എസ്ഐ സി.കെ ബാലകൃഷ്ണന് എന്നിവരുടെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ അങ്കമാലിയിലേക്ക് കൊണ്ടുപോയി.






