Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍നിന്നുള്ള ഹാജിമാര്‍ക്ക് 40000 രൂപ കുറക്കുമെന്ന് ഉറപ്പു ലഭിച്ചെന്ന് ലീഗ് എം.പിമാര്‍

ന്യൂദല്‍ഹി- കരിപ്പൂരിൽ നിന്ന് ഹജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് ചാർജിൽ ഇളവ് നൽകുമെന്ന് കേന്ദ്ര ഹജ് കാര്യ വകുപ്പ് മന്ത്രി മുസ്ലിം ലീഗ് എംപി മാർക്ക് ഉറപ്പ് നൽകി. കരിപ്പൂരിൽ നിന്ന് ഹജിന് പോകുന്ന യാത്രക്കാരോട് കാട്ടുന്ന കടുത്ത വിവേചനം പരിഹരിക്കാനും അവരോട് നീതിപുലർത്താനും അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ലോക്സഭാംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എന്നിവരും രാജ്യസഭാംഗമായ പി.വി അബ്ദുൽ വഹാബും ന്യൂനപക്ഷ- ഹജ് കാര്യ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് നിവേദനം നൽകി.കേരളത്തിലെയും രാജ്യത്തെ മറ്റു ഭാഗങ്ങളിലെയും എംബാർക്കേഷൻ പോയന്റുകളിൽ നിന്ന് വ്യത്യസ്തമായി കരിപ്പൂരിൽ നിന്നുള്ള ഹജ് യാത്രക്കാരോട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന ക്രൂരമായ വിവേചനവും വിമാന ടിക്കറ്റ് ചാർജിലുള്ള ഭീമമായ അന്തരവും എംപിമാർ വിശദമായി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഹജ് യാത്രക്കാരായ തീർത്ഥാടകരോടുള്ള ഈ രീതിയിലുള്ള ചൂഷണം ഒരു നിലയിലും നീതീകരിക്കാവതല്ല. എത്രയും പെട്ടെന്ന് ഇടപെട്ട് അത് പരിഹരിക്കാനുള്ള നടപടിയുണ്ടാകണം - അവർ മന്ത്രിയോട് ആവശ്യപ്പെട്ടു.

കൊച്ചിയിലെയും കണ്ണൂരിലെയും എംബാർക്കേഷൻ പോയന്റുകളിൽ നിന്ന് ഈടാക്കുന്നതിനേക്കാൾ എൺപതിനായിരം രൂപയുടെ വർദ്ധനവാണ് കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരുടെ മേൽ ചുമത്തിയിരിക്കുന്നത്. എയർ ഇന്ത്യ തോന്നിയപോലെ നിശ്ചയിച്ച സംഖ്യയാണ് കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരിൽ നിന്ന് വസൂലാക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം റദ്ദാക്കിക്കൊണ്ട് മറ്റു വിമാനത്താവളങ്ങളിൽ നിന്ന് സമാനമായ രീതിയിൽ കോഴിക്കോട് നിന്നുള്ള ടിക്കറ്റ് ചാർജ് നിർണയിക്കണം. റീടെൻഡറിംഗ് നടത്തിയോ ഇതര വിമാനക്കമ്പനികളെ ഏർപ്പെടുത്തിയോ മറ്റു മാർഗ്ഗങ്ങൾ സ്വീകരിച്ചോ ടിക്കറ്റ് റേറ്റ് തിരുത്തി അതിലെ അപാകത പരിഹരിക്കണം.  എയർലൈനുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ തനിക്ക് പരിമിതിയുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരള ഹജ്ജ് കമ്മിറ്റിക്കും കേരള സർക്കാരിനും ചാർജ് അതിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.  എംപിമാരുമായി വിഷയം ചർച്ച ചെയ്യുന്നതിനിടയിൽ മന്ത്രി ഹജിന്റെ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുമായി ടെലഫോണിൽ ബന്ധപ്പെട്ട് സംസാരിക്കുകയും വിശദവിവരങ്ങൾ ആരായുകയും ചെയ്തു.

 കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരുടെ മേൽ ചുമത്തിയിരിക്കുന്ന തുകയിൽ നാൽപതിനായിരം രൂപ കുറക്കാമെന്നും കേന്ദ്ര മന്ത്രി ഫോണിലൂടെ എംപിമാരെ അറിയിച്ചു. മറ്റു എമ്പാർക്കേഷൻ പോയിന്റ്റുകളിൽ നിന്ന് ഈടാക്കുന്ന അതേ തുക കരിപ്പൂരിൽ നിന്നുള്ള യാത്രക്കാർക്കും ഈടാക്കുന്നതിനുള്ള ശ്രമങ്ങൾ  ബന്ധപ്പെട്ടവരുമായി തുടർന്നും ചർച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് എംപിമാർ പറഞ്ഞു.

Latest News