Sorry, you need to enable JavaScript to visit this website.

സൗദി അറാംകൊയുടെ കൂടുതൽ ഓഹരികൾ വിൽക്കുന്നു, സമീപകാലത്തെ വൻ വിൽപന

ജിദ്ദ - ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ കൂടുതൽ ഓഹരികൾ വിൽക്കുന്നതിനെ കുറിച്ച് സൗദി അറേബ്യ പഠിക്കുന്നതായി ബ്ലൂംബെർഗ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ബില്യൺ കണക്കിന് ഡോളർ സമാഹരിക്കാനാണ് നീക്കം. സമീപ കാലത്തെ ഏറ്റവും വലിയ ഓഹരി വിൽപനയാകും ഇത്.  
സൗദി അറാംകൊയുടെ ഓഹരികൾ സൗദി ഷെയർ മാർക്കറ്റിൽ വിൽപന നടത്തി 4,000 കോടി റിയാൽ (1,000 കോടിയിലേറെ ഡോളർ) സമാഹരിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ ഒരുകൂട്ടം ഉപദേഷ്ടാക്കളുമായി സൗദി അറേബ്യ സഹകരിച്ചുിവരികയാണ്. അറാംകൊയുടെ ഓഹരി വിൽപന വിജയകരമായി പൂർത്തിയാക്കുന്നതിലൂടെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പദ്ധതിക്ക് ആവശ്യമായ പണം സമാഹരിക്കാൻ സാധിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നാലു വർഷം മുമ്പ് സൗദി അറാംകൊയുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽപന നടത്തി 3,000 കോടിയോളം ഡോളർ സമാഹരിച്ചിരുന്നു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരുന്നു അത്. 
പുതിയ ഓഹരി വിൽപനയുടെ സമയത്തിൽ സൗദി അറേബ്യ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഐ.പി.ഒക്ക് അൽപസ്വൽപം കാലതാമസം നേരിടാനും സാധ്യതയുണ്ട്. ഓഹരി വിൽപനയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളോട് പ്രതികരിക്കാൻ അറാംകൊ വിസമ്മതിച്ചു. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ വിപണി മൂല്യം രണ്ടു ട്രില്യൺ ഡോളറിലേറെയാണ്. പരമാവധി പ്രതിദിന എണ്ണയുൽപാദന ശേഷി 1.2 കോടി ബാരലിൽ നിന്ന് 1.3 കോടി ബാരലായി ഉയർത്താനുള്ള പദ്ധതി ഉപേക്ഷിച്ചതായി ദിവസങ്ങൾക്കു മുമ്പ് അറാംകൊ അറിയിച്ചത് ആഗോള വിപണിയെ ഞെട്ടിച്ചിരുന്നു. വികസന പദ്ധതി ഉപേക്ഷിച്ചതിലൂടെ ധനവിനിയോഗത്തിൽ ബില്യൺ കണക്കിന് ഡോളർ ലാഭിക്കാനും ഈ പണം മറ്റിടങ്ങളിൽ ഉപയോഗിക്കാനും കമ്പനിക്ക് സാധിക്കും. സൗദി അറാംകൊയുടെ കൂടുതൽ ഓഹരികൾ വിൽക്കാൻ ആഗ്രഹിക്കുന്നതായും ഓഹരി വിൽപനയിലൂടെ സമാഹരിക്കുന്ന പണം പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് മാറ്റുമെന്നും 2021 ജനുവരിയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചിരുന്നു.
 

Latest News