മൊഹ്‌റോളി മസ്ജിദ് പൊളിച്ചത് ഒരു മുന്നറിയിപ്പുമില്ലാതെ, 800 വര്‍ഷം പഴക്കമുള്ള മസ്ജിദ്

ന്യൂദല്‍ഹി- 800 വര്‍ഷം പഴക്കമുള്ള  മെഹ്‌റോളിലെ മുസ് ലിം മസ്ജിദ് ദല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി(ഡിഡിഎ) പൊളിച്ച് നീക്കിയത് നോട്ടീസ് പോലും നല്‍കാതെ. കഴിഞ്ഞ ദിവസമാണ് മെഹ്‌റോളിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദ് കനത്ത പോലീസ് സന്നാഹത്തിലെത്തി ഡിഡിഎ പൊളിച്ച് നീക്കിയത്. നോട്ടീസ് പോലും നല്‍കാതെ മസ്ജിദ് പൊളിച്ച് നീക്കിയത് പ്രദേശവാസികളേയും മസ്ജിദില്‍ താമസിച്ചിരുന്ന കുട്ടികളേയും ഞെട്ടിച്ചിട്ടുണ്ട്. മസ്ജിദില്‍ ഒരു മദ്രസ്സ പ്രവര്‍ത്തിച്ചിരുന്നതായും പ്രദേശത്തെ ആദരണീയരായ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെയുളളവരുടെ ഖബറിടങ്ങള്‍ ഉണ്ടായിരുന്നതായും മസ്ജിദില്‍ ദല്‍ഹി വഖ്ഫ് ബോര്‍ഡ് നിയമിച്ച ഇമാം പറഞ്ഞു. പ്രഭാത നമസ്‌കാരത്തിന് തയ്യാറെടുക്കുന്നതിന് തൊട്ടുമുമ്പാണ് പോലീസ് സന്നാഹത്തോടെ എത്തിയ സംഘം പൊളിച്ചുനീക്കല്‍ ആരംഭിച്ചത്. അതേസമയം, വിഷയത്തില്‍ ദല്‍ഹി വഖ്ഫ് ബോര്‍ഡിന് നോട്ടീസ് നല്‍കിയിരുന്നെന്നും വഖ്ഫ് ബോര്‍ഡ് മറുപടി നല്‍കാതെ വന്നതോടെയാണ് പൊളിച്ചുനീക്കിയതെന്നും ഡിഡിഎയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News