Sorry, you need to enable JavaScript to visit this website.

പി.സി ജോർജിന്റെ ബി.ജെ.പി മുന്നണി പ്രവേശന ചർച്ചയിൽ മാണി സി കാപ്പനുമെന്ന് അഭ്യൂഹം; നിഷേധിച്ച് കാപ്പൻ

കോട്ടയം- പി.സി ജോർജിന്റെ ബി.ജെ.പി മുന്നണി പ്രവേശന ചർച്ചകളിൽ പാലാ എം.എൽ.എ മാണി സി കാപ്പനും പങ്കെടുത്തുവെന്ന് ആരോപണം. അതേസമയം, തങ്ങളുടെ എതിർവിഭാഗമാണ് ഈ അഭ്യൂഹം പ്രചരിപ്പിക്കുന്നതെന്ന് മാണി സി കാപ്പന്റെ ഓഫീസ്. കാപ്പൻ തിരുവനന്തപുരത്ത് നിയമസഭാ സമ്മേളനത്തിലാണെന്നും ഓഫീസ് അറിയിച്ചു.

മാണി സി കാപ്പൻ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ പരാജയപ്പെടുത്തി പാലായിൽ വിജയിച്ചപ്പോൾ മുതൽ ശ്രദ്ധാകേന്ദ്രമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടയിലാണ് മാണി സി കാപ്പൻ യു.ഡി.എഫിലെത്തിയത്. എൻ.സി.പിയുടെ പാല എം.എൽ.എ ആയിരുന്ന മാണി സി കാപ്പന് മണ്ഡലം നഷ്ടമാകുമെന്ന് വന്ന വേളയിലാണ് ഇടതുമുന്നണി വിട്ടതും യു.ഡി.എഫിലെത്തിയതും. ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് എം., എൽ.ഡിഎഫിലെത്തിയതോടെ പാലാ മണ്ഡലം അവർക്ക് നൽകാൻ ഇടതുമുന്നണി തീരുമാനിച്ചു. എന്നാൽ വർഷങ്ങളായി എൻ.സി.പി മൽസരിക്കുന്ന പാലാ വിട്ടുതരില്ലെന്ന് മാണി സി കാപ്പൻ നിലപാടെടുത്തു. തുടർന്ന് എൻ.സി.പി വിട്ട് പാർട്ടി രൂപീകരിച്ച് യു.ഡി.എഫിലെത്തി.

യു.ഡി.എഫിലെത്തിയിട്ടും മാണി സി കാപ്പൻ സംതൃപ്തനായിരുന്നില്ല. തന്നെ യു.ഡി.എഫ് എല്ലാ കാര്യവും അറിയിക്കുന്നില്ലെന്നായിരുന്നു പരാതി. യു.ഡി.എഫ് വേദികളിൽ തന്നെ അവഗണിക്കുന്നുവെന്നായിരുന്നു പരാതി. ഒരു നേതാവിന് തന്നോട് പ്രശ്‌നമാണെന്നായിരുന്നു കാപ്പന്റെ പരാതി. യു.ഡി.എഫിൽ പലരും അസംതൃപ്തരാണെന്നും ഐക്യമില്ലെന്നും കാപ്പൻ പരാതിപ്പെട്ടു.

ഈ അവസരത്തിലാണ് കാപ്പൻ ബി.ജെ.പി പാളയത്തിലേക്ക് നീങ്ങുകയാണെന്ന ധാരണ ബലപ്പെട്ടത്. ചെക്കുകേസുകളും സാമ്പത്തിക ബാധ്യതയും കാപ്പനെ വല്ലാതെ വെട്ടിലാക്കിയിരിക്കുകയാണെന്നും രാഷ്ട്രീയ ഉപശാല റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കാപ്പൻ ബി.ജെ.പിയിലെത്തുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. മധ്യകേരളത്തിലെ ഒരു എം.എൽ.എ ബി.ജെ.പിയിലെത്തി കോട്ടയം ലോക്‌സഭാ സീറ്റിൽ മത്സരിക്കുമെന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. അന്ന് മാധ്യമങ്ങളെ കണ്ട കാപ്പൻ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചതുമല്ല. ബി.ജെ.പിയിൽ ഇപ്പോൾ പോകുന്നില്ലെന്നും ഇനി പോകുമോ എന്ന് പറയാനാവില്ലെന്നുമായിരുന്നു മറുപടി. രാഷ്ട്രീയമല്ലേ എന്ന മറു ചോദ്യവും കാപ്പൻ ഉന്നയിച്ചിരുന്നു. ബി.ജെ.പി രാജ്യം ഭരിക്കുന്ന പാർട്ടിയാണെന്ന വസ്തുത അംഗീകരിച്ചേ പറ്റൂ എന്നതാണ് കാപ്പന്റെ എന്നത്തേയും നിലപാട്. അതു തന്നെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കേ വീണ്ടും കാപ്പൻ ബി.ജെ.പി അഭ്യൂഹങ്ങളിലേക്ക് കടന്നുവരുന്നത്.
 

Latest News