Sorry, you need to enable JavaScript to visit this website.

2024 ലെ തെരഞ്ഞെടുപ്പും പ്രതിപക്ഷവും

ബാബ്‌രി മസ്ജിദ് കേസിൽ സുപ്രീം കോടതി വിധി പറഞ്ഞ വേളയിൽ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിംദബരം ഒരു കാര്യം പറഞ്ഞിരുന്നു. ഇത് ഇന്ത്യയിൽ വലിയ ക്രമസമാധാന പ്രശ്‌നമൊന്നും ഉണ്ടക്കാൻ പോകുന്നില്ല. 1992 ന് ശേഷം ജനിച്ച കുട്ടികളാണ് രാജ്യത്തെ യുവാക്കൾ. അവർക്ക് വർഗീയതയിൽ താൽപര്യമില്ല. 

 


കോവിഡ് കാലത്ത് ഇന്ത്യയിൽ ഓൺലൈൻ കച്ചവടം പൊടിപൊടിച്ചിരുന്നു. ഫുഡ് ഡെലിവറി ബോയ്‌സിനായിരുന്നു ആവശ്യക്കാരേറെയെങ്കിലും മറ്റു ഇടപാടുകളും ഇന്റർനെറ്റിലൂടെ പ്രചാരം നേടി. കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും വസ്ത്രങ്ങളുടെ വിൽപന പോലും ഓൺലൈനിൽ സജീവമായി. ഇന്ത്യയിലെ വോട്ടർമാരിൽ നല്ല പങ്ക് വരുന്ന സ്ത്രീകളായിരുന്നു ഓൺലൈനിലെ വിൽപനക്കാരും ഉപഭോക്താക്കളും. ആകർഷകമായ മാർജിനിൽ ലേറ്റസ്റ്റ് ട്രെൻഡിലെ ഉടയാടകൾ ലഭിച്ചതോടെ ആവശ്യക്കാരും ഹാപ്പി. ഗുജറാത്തിലെ സൂറത്തിൽ നിന്നൊക്കെ കേരളത്തിലേക്ക് പോലും വീട്ടമ്മമാരെ തേടി കുറഞ്ഞ റേറ്റിലെ തുണിത്തരങ്ങൾ പ്രവഹിച്ചു. എല്ലാവർക്കും ഗുണകരമായ ഏർപ്പാടായതിനാൽ കോവിഡിന് ശേഷവും ഓൺലൈൻ ഏർപ്പാട് തുടർന്നു. ഫേസ് ബുക്ക്, ട്വിറ്റർ, എക്‌സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെയും വിൽപനക്കാർ പ്രോഡക്ട് പരിചയപ്പെടുത്തൽ തുടർന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രകടമായ മാറ്റം ശ്രദ്ധേയമാണ്. ഉൽപന്നത്തിന്റെ ഗുണഗണങ്ങൾ വർണിക്കുന്നതിനേക്കാൾ പ്രാധാന്യം ജയ് ശ്രീറാം അഭിവാദനത്തിനും അയോധ്യ ക്ഷേത്രത്തിന്റെ ഗുണഗണങ്ങൾ വർണിക്കുന്നതിലുമാണ്. ഉത്തരേന്ത്യയുടെ ഹൃദയ സ്പന്ദനമാണ് ഇതിൽ വ്യക്തമാവുന്നത്. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയം സ്ത്രീകൾ ഇടപഴകുന്ന സോഷ്യൽ മീഡിയ പ്ല്ാറ്റുഫോം മുഖേന ഉപയോഗപ്പെടുത്താനുള്ള ശ്രമമാണിതെന്ന് വ്യക്തം. ഉത്തരേന്ത്യയിലെ മനസ്സുകളെ എളുപ്പം സ്വാധീനിക്കുന്ന സാമുദായിക ധ്രുവീകരണ ശ്രമങ്ങൾക്കെതിരെ സന്ദേശം പകരുന്ന ഇൻസ്റ്റ റീലും കണ്ടു. മധ്യപ്രദേശിലെ ഉജ്ജയിനോ, ഇൻഡോറോ ആണ് പശ്ചാത്തലത്തിൽ. ചൂരദാറിട്ട ഒരു കുമാരി മരുന്ന് വാങ്ങാൻ പ്രിസ്‌ക്രിപ്ഷനുമായി മെഡിക്കൽ ഷോപ്പിലെത്തുന്നു. കസ്റ്റമറെ കണ്ട ഉടൻ പീടികക്കാരൻ അസ്സലാമു അലൈക്കും എന്ന് അഭിവാദ്യം ചെയ്യുന്നു. മരുന്നിനായി കാത്തു നിന്ന പെൺകുട്ടിയുടെ ഭാവം മാറുന്നു. നിങ്ങൾ മുസൽമാാനാണല്ലേ, എങ്കിൽ എനിക്ക് മരുന്നിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് പ്രിസ്‌ക്രിപ്ഷനുമായി ഇറങ്ങി ഓടുന്നു. തിരക്കേറിയ നഗരം പലേടത്തും കുമാരി മരുന്ന് ചീട്ടുമായി കറങ്ങുന്നു. പലേടത്തും തെരഞ്ഞുവെങ്കിലും ഒരിടത്തു നിന്നും അത് കിട്ടിയില്ല. മുഷിഞ്ഞ് അവശയായ പെൺകുട്ടി പശ്ചാത്തപിക്കുന്ന മനസ്സുമായി ആദ്യ ഷോപ്പിലെ മുസ്‌ലിമിനെ തേടിയെത്തുന്നതിലെ സന്ദേശവും വന്നത് ഉത്തരേന്ത്യയിൽ നിന്നാണ്. വൈവിധ്യത്തിന്റെ ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്. 
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് ഏതാനും ആഴ്ചകൾക്കപ്പുറമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി മര്യാദ പുരുഷോത്തമൻ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ഒപ്പം അയോധ്യ റെയിൽവേ സ്‌റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു. ഇവിടേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരത്തിലേറെ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിലൊന്ന് കേരളത്തിലെ പാലക്കാട്ടു നിന്നാണ്. കഴിഞ്ഞ ദിവസം പുറപ്പേടേണ്ടയിരുന്ന പാലക്കാട് - അയോധ്യ സ്‌പെഷ്യൽ ട്രെയിൻ സർവീസ് മാറ്റിവെച്ചിരിക്കുകയാണ്. ഒരാഴ്ച കഴിഞ്ഞു നോക്കാമെന്നാണ് അധികൃതർ പറയുന്നത്. കേരളത്തിൽ നിന്ന് ബുക്കിംഗ് തീരെ കുറവായതാണ് സർവീസ് ഹോൾഡ് ചെയ്യാൻ കാരണമെന്നാണ് കരക്കമ്പി. 
അയോധ്യയിലെ രാമക്ഷേത്രം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, ഏക സിവിൽ കോഡ് നടപ്പാക്കൽ എന്നിവ ഒന്നൊന്നായി  നടപ്പാക്കി വരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ സിവിൽ കോഡ് നടപ്പാക്കിത്തുടങ്ങുകയാണ്. ഉത്തരാഖണ്ഡ് സർക്കാർ ഇതിനായി നിയമസഭ സമ്മേളനം പ്രത്യേകം വിളിച്ചു ചേർത്തിട്ടുണ്ട്. കടുത്ത എതിർപ്പിനെ ക്ഷണിച്ചു വരുത്തിയ പൗരത്വ നിയമ ഭേദഗതി ഒരാഴ്ചക്കകം നടപ്പാക്കുമെന്നാണ് ബി.ജെ.പിയുടെ കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചത്.  
പൊതു തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോഴാണ് ഇത്തരമൊരു പ്രഖ്യാപനം. കഴിഞ്ഞ വർഷം ഡിസംബറിൽ പൗരത്വ നിയമം വേഗത്തിൽ നടപ്പാക്കുമെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇത് നടപ്പാക്കുന്നതിനെ ശക്തമായി എതിർക്കുന്നു. ബംഗാളിൽ വെച്ചാണ് കേന്ദ്ര സഹമന്ത്രിയുടെ ഒരാഴ്ചക്കകം നടപ്പാക്കുമെന്ന പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. 
ദേശീയ രാഷ്ട്രീയത്തിലെ പ്രധാന മാറ്റമാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മറുകണ്ടം ചാടൽ. പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിച്ച് ഇന്ത്യ മുന്നണി രൂപീകരിക്കാൻ മുൻകൈയെടുത്ത നേതാവാണ് നിതീഷ്.  സഖ്യത്തിന്റെ അധ്യക്ഷനായി പരിഗണിക്കപ്പെട്ട നേതാവ് കൂടിയാണ നിതീഷ്. 
ബാബ്‌രി മസ്ജിദ് കേസിൽ സുപ്രീം കോടതി വിധി പറഞ്ഞ വേളയിൽ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിംദബരം ഒരു കാര്യം പറഞ്ഞിരുന്നു. ഇത് ഇന്ത്യയിൽ വലിയ ക്രമസമാധാന പ്രശ്‌നമൊന്നും ഉണ്ടക്കാൻ പോകുന്നില്ല. 1992 ന് ശേഷം ജനിച്ച കുട്ടികളാണ് രാജ്യത്തെ യുവാക്കൾ. നൂതന സാങ്കേതിക വിദ്യക്കൊപ്പം സഞ്ചരിക്കുന്ന പുതിയ തലമുറക്ക് മനുഷ്യരെ തമ്മിലടിപ്പിക്കുന്ന വർഗീയതയിൽ തീരെ താൽപര്യമില്ല -ചിദംബരം വ്യക്തമാക്കി. അങ്ങനെയെങ്കിൽ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാവാൻ കുതിക്കുന്ന ഇന്ത്യയുടെ കാര്യത്തിൽ ആശങ്കയുടെ കാര്യമില്ല. 
ഇന്ത്യ മുന്നണി പരിശ്രമിച്ചിട്ടൊന്നും കാര്യമില്ലെന്നാണ് തെരഞ്ഞെടുപ്പു വിദഗ്ധൻ പ്രശ്ന്ത് കിഷോർ പറയുന്നത്. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ കഴിഞ്ഞ തവണ നേടിയ സീറ്റുകൾ നിലനിർത്തുകയോ, അതിലേറെ നേടുകയോ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരം അഭിപ്രായ പ്രകടനത്തിന് പിന്നിലെ താൽപര്യമെന്തെന്നത് വേറെ അന്വേഷിക്കണം. കോൺഗ്രസ് നില മെച്ചപ്പെടുത്തുന്നുണ്ടെന്നതാണ് യാഥാർഥ്യം. 
കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ ഭരണം തിരിച്ചു പിടിച്ചുവെന്നത് ചെറിയ  കാര്യമല്ല. അതേ സമയം ഹിന്ദു ബെൽറ്റിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ കഴിയുന്നില്ല. മോഡിയെ പോലൊരു ക്രൗഡ് പുള്ളർ പ്രതിപക്ഷത്തിനില്ലെന്നത് യാഥാർഥ്യമാണ്. അതേസമയം, ഇതിലേറെ നല്ല സമയത്ത് ബി.ജെ.പി തെരഞ്ഞടുപ്പ് തിരിച്ചടി നേരിട്ടിട്ടുമുണ്ട്.

Latest News