Sorry, you need to enable JavaScript to visit this website.

സൗദിയുടെ ബയോടെക്‌നോളജി നയം ഭക്ഷ്യ ഉൽപാദനം വർധിപ്പിക്കും

ജിദ്ദ - ദേശീയ ബയോടെക്‌നോളജി സ്ട്രാറ്റജി സാമ്പത്തിക വൈവിധ്യവൽക്കരണവും ഭക്ഷ്യഉൽപാദനവും വർധിപ്പിക്കാൻ സഹായിക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് അൽമാലിക് പറഞ്ഞു. സൗദി അറേബ്യയിൽ കാർഷിക വ്യവസായങ്ങൾക്കുള്ള അസംസ്‌കൃത വസ്തുക്കളും വിഭവങ്ങളും ഉൽപാദിപ്പിക്കുന്ന രീതികളിൽ മാറ്റം വരുത്താൻ സ്ട്രാറ്റജി സഹായിക്കും. ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാനും ഭക്ഷ്യ ഉൽപാദനം വർധിപ്പിക്കാനും സാമ്പത്തിക വളർച്ച വൈവിധ്യവൽക്കരിക്കാനുമുള്ള സൗദി അറേബ്യയുടെ അവസരങ്ങൾ പുതിയ തന്ത്രം മെച്ചപ്പെടുത്തും. സസ്യകൃഷി മെച്ചപ്പെടുത്തുന്നതുൾപ്പെടെ 2040 ഓടെ ബയോടെക്‌നോളജി രംഗത്തെ പ്രമുഖ ആഗോള കേന്ദ്രമായി മാറാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. 

അതിവേഗം വളരുന്ന മേഖലകളിൽ ഒന്നാണ് ബയോടെക്‌നോളജി മേഖല. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസൃതമായി സാമ്പത്തിക വളർച്ച വർധിപ്പിക്കാനും കൂടുതൽ സുസ്ഥിരമായ അന്തരീക്ഷം പ്രദാനം ചെയ്യാനും സഹായിക്കുന്ന ആധുനിക സാങ്കേതികവിദ്യകൾ ബയോടെക്‌നോളജി മേഖലയിൽ ഉൾപ്പെടുന്നു. ബയോടെക്‌നോളജി മേഖലയിൽ സൗദി അറേബ്യക്ക് ഉയർന്ന മത്സര ശേഷിയും സവിശേഷതകളുമുണ്ട്. ഈ മേഖലയിൽ ആഗോള കേന്ദ്രമായി സൗദി അറേബ്യയെ പരിവർത്തിപ്പിക്കാനാണ് സ്ട്രാറ്റജി ലക്ഷ്യമിടുന്നത്. ഭക്ഷ്യവിതരണത്തിൽ സുസ്ഥിരത കൈവരിക്കാൻ ബയോടെക്‌നോളജി സഹായിക്കും. പ്രാദേശിക കാർഷിക ഉൽപാദനം ഉത്തേജിപ്പിക്കുന്നതിലൂടെ സസ്യകൃഷി മെച്ചപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പ്രധാന പ്രവണതകളിൽ സ്ട്രാറ്റജി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

ഇത് കാർഷിക ഇറക്കുമതി കുറക്കുന്നതിൽ നല്ല സ്വാധീനം ചെലുത്തും. കൂടാതെ സുസ്ഥിരമായ രീതിയിൽ പ്രാദേശികമായി ഭക്ഷ്യസുരക്ഷ കൈവരിക്കാനും സഹായിക്കും. ജലം സംരക്ഷിക്കാനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള നൂതനമായ ശ്രമങ്ങൾക്കും പരിസ്ഥിതി, ജലം, കൃഷി എന്നീ മേഖലകളിൽ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് അന്താരാഷ്ട്ര പങ്കാളിത്തം, വൈജ്ഞാനിക വിനിമയം, അന്താരാഷ്ട്ര സഹകരണം എന്നി സ്ഥാപിക്കാനും തന്ത്രം വഴിവെക്കും. സൗദിയിലും അന്താരാഷ്ട്ര, പ്രാദേശിക തലങ്ങളിലും സ്വയംപര്യാപ്തതയും പാരിസ്ഥിതിക സുസ്ഥിരതയും വർധിപ്പിക്കാനും വരണ്ട കാലാവസ്ഥയെ മറികടക്കാൻ നൂതനമായ പരിഹാരങ്ങൾ ലഭ്യമാക്കാനും ഈ തന്ത്രം സഹായിക്കും. കാലാവസ്ഥാ സുസ്ഥിരതക്കും പരിസ്ഥിതി സംരക്ഷണത്തിനും സഹായിക്കുന്ന, വരൾച്ചയെ പ്രതിരോധിക്കുന്ന മരങ്ങൾ നട്ടുപിടിപ്പിക്കാൻ ബയോടെക്‌നോളജി പ്രയോഗിക്കുന്നതിലൂടെ സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് പ്രാപ്തമാക്കലും പച്ചക്കറി വിളകളുടെ കൃഷി മെച്ചപ്പെടുത്തുന്നതിന് സംയോജിത സംവിധാനം വികസിപ്പിക്കലും തന്ത്രത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടും. 
ആധുനിക കാർഷിക സാങ്കേതികവിദ്യകളും സാങ്കേതിക പരിഹാരങ്ങളും പ്രയോഗിക്കുന്നതിലൂടെ ജല, ഭക്ഷ്യസുരക്ഷ കൈവരിക്കാനും കാർഷിക പ്രവർത്തനങ്ങളുടെ സുസ്ഥിരത വർധിപ്പിക്കാനും പ്രകൃതി വിഭവങ്ങളുടെ മാതൃകാപരമായ ഉപയോഗം പ്രാപ്തമാക്കാനും ഭാവി തലമുറകൾക്കായി ഈ വിഭവങ്ങൾ സംരക്ഷിക്കാനും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പ്രവർത്തിക്കുന്നു. ദേശീയ ബയോടെക്‌നോളജി തന്ത്രത്തിൽ കാർഷിക മേഖലയുടെ സംഭാവന നിർണായകമാകുമെന്നതിൽ സംശയമില്ല. കൃഷിയും അതിന്റെ പുരോഗതിയും ദേശീയ ബയോടെക്‌നോളജി തന്ത്രത്തിന്റെ നാലു പ്രധാന ഭാഗങ്ങളിൽ ഒന്നാണ്.

സൗദി അറേബ്യയിൽ ഭക്ഷ്യവിതരണത്തിൽ സ്വയംപര്യാപ്തത മെച്ചപ്പെടുത്താനും കാർഷിക ഉൽപാദനക്ഷമത വർധിപ്പിക്കാനും ഗവേഷണ, വികസന, ശ്രമങ്ങളും നവീകരണ സൗഹൃദ നിയന്ത്രണ അന്തരീക്ഷവും പ്രാപ്തമാക്കുന്നതിന് ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ മന്ത്രാലയം ശ്രമിക്കുന്നു. പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തം വികസിപ്പിച്ചുകൊണ്ട് വരണ്ടതും അർധ-തരിശുമായ ചുറ്റുപാടുകളിൽ കാർഷിക ബയോടെക്‌നോളിജകളുടെ ഗവേഷണത്തിലും വകിസനത്തിലും സൗദി അറേബ്യയെ പ്രമുഖ അന്താരാഷ്ട്ര കേന്ദ്രമാക്കി മാറ്റുക, ഹരിത ബയോടെക്‌നോളജികൾ പ്രാദേശികവൽക്കരിക്കുക തുടങ്ങിയ മറ്റു ലക്ഷ്യങ്ങൾ കൈവരിക്കാനും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ശ്രമിക്കുന്നതായി മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് അൽമാലിക് പറഞ്ഞു.  

Latest News