Sorry, you need to enable JavaScript to visit this website.

സൗദി ടൂറിസ്റ്റ് വിസ ഒരു വര്‍ഷം കാലാവധി; താമസം 90 ദിവസം, ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ വിസയില്‍ വരാനാവില്ല

റിയാദ്- സൗദി അറേബ്യയിലെ ടൂറിസ്റ്റ്് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയ ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ അധിക താമസത്തിന് പിഴയൊടുക്കുന്നത് പതിവാകുന്നു. വിസയെ കുറിച്ചുള്ള അവബോധമില്ലാത്തതാണ് ഇതിന് കാരണം. 2019ല്‍ നിലവില്‍ വന്ന ഈ വിസ സൗദിയിലെ ടൂറിസ്റ്റ്, പൗരാണിക, സാംസ്‌കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് അനുവദിച്ചിരിക്കുന്നത്. 
90 ദിവസം സൗദിയില്‍ താമസിക്കാവുന്ന ഒരു വര്‍ഷത്തെ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസയാണിത്. ഒരു വര്‍ഷം ആകെ 90 ദിവസം മാത്രമേ സൗദിയില്‍ താമസിക്കാനാകൂ. ഒരു വര്‍ഷത്തിനുള്ളില്‍ 90 ദിവസം താമസിച്ച് പുറത്തുപോയാല്‍ ആ വര്‍ഷം മറ്റൊരു ടൂറിസ്റ്റ് വിസയില്‍ സൗദിയിലേക്ക് വരാനാവില്ല എന്ന പ്രത്യേകത കൂടി ഈ വിസക്കുണ്ട്. അഥവാ വാലീഡ് ആയ ടൂറിസ്റ്റ് വിസയുള്ള വ്യക്തിയായതിനാല്‍ പുതിയ മറ്റൊരു വിസയില്‍ സൗദിയില്‍ പ്രവേശിക്കാനാകില്ല. കുടുംബ സന്ദര്‍ശന, തൊഴില്‍, ഉംറ വിസകളിലൊന്നും ഇക്കാലയളവില്‍ സൗദിയിലെത്താനാവില്ല. പുതിയ ടൂറിസ്റ്റ് വിസ ലഭിക്കുമെങ്കിലും അതുമായി സൗദിയിലേക്ക് വരാനും സാധിക്കില്ല. തിരിച്ചയക്കപ്പെടും. പുതിയ വിസയെടുക്കുമ്പോള്‍ സൗദി കോണ്‍സുലേറ്റില്‍ നിന്ന് നിലവിലെ വാലീഡ് ആയ വിസ കാന്‍സല്‍ ചെയ്യാന്‍ ശ്രമിക്കണം. അങ്ങനെയെങ്കില്‍ വിമാനത്താവളങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാവില്ല. അതേസമയം 89 ദിവസം കഴിഞ്ഞ് സൗദിയില്‍ നിന്ന് മടങ്ങിയ ടൂറിസ്റ്റ് വിസയുള്ള വ്യക്തി ഏതെങ്കിലും സൗദി എയര്‍പോര്‍ട്ടില്‍ പുതിയ വിസയിലെത്തിയാലും അദ്ദേഹത്തെ പഴയ ടൂറിസ്റ്റ് വിസയില്‍ തന്നെയാണ് പ്രവേശനത്തിന് അനുവദിക്കുക. കാരണം ഒരു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ടൂറിസ്റ്റ് എന്ന നിലയിലാണ് പ്രവേശനം. എന്നാല്‍ 90 ദിവസം കഴിഞ്ഞിട്ടുണ്ടെങ്കില്‍ പിന്നീട് വിസ കാലാവധി കഴിയുന്നത് വരെ പുതിയ വിസയില്‍ പ്രവേശനം നല്‍കില്ല. ഇത്തരത്തില്‍ വിമാനത്താവളത്തിലെത്തിയ നിരവധി പേര്‍ തിരിച്ചയക്കപ്പെട്ടിട്ടുണ്ട്. കാലാവധിയുള്ള ഫാമിലി സന്ദര്‍ശക വിസയുണ്ടെങ്കിലും പുതിയ സന്ദര്‍ശക വിസ വിഎഫ്എസില്‍ നിന്ന് അടിച്ചുനല്‍കാറില്ല. 
ഷെന്‍ജന്‍, അമേരിക്കന്‍, യൂറോപ്യന്‍ വിസകളുള്ളവര്‍ക്കും ചില രാജ്യക്കാര്‍ക്കും സൗദിയില്‍ ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ ലഭിക്കും. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സൗദി കോണ്‍സുലേറ്റില്‍ നിന്ന് വിസയടിക്കണം. ജിസിസി പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ ലഭിക്കും.
ചിലര്‍ ഫാമിലി സന്ദര്‍ശക വിസയെ പോലെയാണ് ടൂറിസ്റ്റ് വിസയെ കരുതിയിട്ടുള്ളത്. ഓരോ 90 ദിവസവും പുതുക്കാമെന്നതാണ് അവരുടെ പ്രതീക്ഷ. 90 ദിവസത്തിന് തൊട്ടു മുമ്പ് സൗദിക്ക് പുറത്തേക്ക് അഥവാ ജോര്‍ദാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ പോയി തിരിച്ചുവരും. വീണ്ടും 90 ദിവസം താമസിക്കാമെന്ന പ്രതീക്ഷയിലാണ് എത്തുന്നത്. വിസ കാലാവധിയുള്ളതിനാല്‍ അവര്‍ക്ക് തിരിച്ച് സൗദിയിലേക്ക് പ്രവേശനമുണ്ടാകും. പിന്നീട് അടുത്ത 90ന് മുമ്പ് തിരിച്ചുപോവുമ്പോഴാണ് അമളി മനസ്സിലാവുക. വന്‍തുക പിഴയടച്ച് നാട്ടിലേക്ക് പോകേണ്ടിവരും.

Latest News