കൊടുങ്കാട്ടിലകപ്പെട്ട പോലീസ് സംഘം  പന്ത്രണ്ട് മണിക്കൂറിന് ശേഷം തിരിച്ചെത്തി

പാലക്കാട്-കഞ്ചാവ് തോട്ടം തിരയുന്നതിനിടെ കൊടുംകാട്ടില്‍ അകപ്പെട്ട കേരള പോലീസ് സംഘം തിരിച്ചെത്തി. പാലക്കാട് അഗളി ഡിവൈഎസ്പി അടക്കം പതിനാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വനത്തിനുള്ളിലെ കഞ്ചാവ് തോട്ടം തിരഞ്ഞാണ് ഇവര്‍ ഉള്‍വനത്തില്‍ എത്തിയത്. ഇതിനിടയില്‍ വഴി തെറ്റിയതോടെ കാട്ടില്‍ അകപ്പെടുകയായിരുന്നു. കാട്ടില്‍ വന്യമൃഗശല്യം ഉണ്ടായിരുന്നുവെന്ന് മടങ്ങിയെത്തിയ ഡിവൈഎസ്പി പറഞ്ഞു. കാട്ടില്‍ കണ്ടെത്തിയ കഞ്ചാവുതോട്ടം നശിപ്പിച്ചുവെന്നും ഇതില്‍ കേസെടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. ഇന്നലെ രാവിലെയാണ് പോലീസും വനം വകുപ്പിലെ ജീവനക്കാരും ഉള്‍പ്പെടുന്ന സംയുക്ത സംഘം സ്ഥിരം പരിശോധനയ്ക്കായി വനത്തിനുള്ളിലേക്ക് പോയത്. പന്ത്രണ്ട് മണിക്കൂറോളമാണ് ഇവര്‍ കാട്ടില്‍ കഴിഞ്ഞത്. സത്യമലയ്ക്ക് കീഴിലാണ് ഇവര്‍ കുടുങ്ങിയത്. രാവിലെ ആറുമണിയോടെയാണ് ഇവര്‍ തിരികെയെത്തിയത്. തിരിച്ചെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സംഘത്തോടൊപ്പമുണ്ടെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും കഴിഞ്ഞദിവസം പോലീസ് അറിയിച്ചിരുന്നു. കാട്ടിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉള്‍പ്പെടെ പരിശോധിക്കാനായിരുന്നു സംഘം പോയത്.


 

Latest News