ഗര്‍ഭിണിയായ ഭാര്യയെ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തള്ളിയിട്ട് കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

മധുര-ഗര്‍ഭിണിയായ 19കാരിയെ ഭര്‍ത്താവ് ബസില്‍ നിന്ന് തള്ളിയിട്ട് കൊന്നു. ദിണ്ഡിഗല്‍ സ്വദേശിനി വളര്‍മതിയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് ദിണ്ഡിഗലിലാണ് നടുക്കുന്ന സംഭവം. അതിദാരുണമായ സംഭവത്തില്‍ വളര്‍മതിയുടെ ഭര്‍ത്താവ് പാണ്ഡ്യന്‍ അറസ്റ്റിലായി. അച്ഛന്‍ സമ്മാനമായി നല്‍കുന്ന സ്‌കൂട്ടര്‍ വാങ്ങാനുള്ള യാത്രയ്ക്കിടെയാണ് വളര്‍മതി അതിദാരുണമായി കൊല്ലപ്പെട്ടത്. വളര്‍മതിക്കൊപ്പം ഭര്‍ത്താവ് പാണ്ഡ്യനും ഉണ്ടായിരുന്നു. ഇരുവരും തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിലാണ് യാത്ര തിരിച്ചത്. ബസില്‍ കയറുന്നതിന് മുമ്പെ പാണ്ഡ്യന്‍ മദ്യപിച്ചിരുന്നു. ബസിന്റെ പുറകുവശത്ത് വാതിലിനോട് ചേര്‍ന്നുള്ള സീറ്റിലാണ് ഇരുവരും ഇരുന്നത്.
യാത്രയ്ക്കിടെ നിസാര കാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കം തുടങ്ങി. ഇതിനിടയില്‍ കണവൈപെട്ടി എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് 5മാസം ഗര്‍ഭിണിയായ ഭാര്യ വളര്‍മതിയെ പാണ്ഡ്യന്‍ ബസില്‍നിന്നും തള്ളിയിട്ടത്. ബസിന്റെ പുറകുവശത്ത് മറ്റ് യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ആരും സംഭവം അറിഞ്ഞില്ല. പാണ്ഡ്യന്‍ തന്നെ മുന്നിലെത്തി കണ്ടക്ടറെ വിവരമറിയിക്കുകയായിരുന്നു.കണ്ടക്ടര്‍ അറിയിച്ചതനുസരിച്ച് ചനാര്‍പെട്ടി പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും വളര്‍മതിയുടെ മരണം സംഭവിച്ചിരുന്നു.ദിണ്ഡിഗല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വളര്‍മതിയുടെ ബന്ധുക്കള്‍ക്ക് മാറി. 24കാരനായ പാണ്ഡ്യന്‍ എട്ട് മാസം മുന്‍പാണ് വളര്‍മതിയെ വിവാഹം ചെയ്തത്.

Latest News