Sorry, you need to enable JavaScript to visit this website.

ജിദ്ദ നഗരസഭ സുപ്രധാന പദവികളിൽ നാല് വനിതകളെ നിയമിച്ചു

ജിദ്ദ മേയർ സ്വാലിഹ് അൽതുർക്കി

ജിദ്ദ - ജിദ്ദ നഗരസഭക്കു കീഴിലെ ശാഖാ ബലദിയ മേധാവികളായി വനിതകളെ നിയമിച്ച് മേയർ സ്വാലിഹ് അൽതുർക്കി ഉത്തരവിട്ടു. ജിദ്ദയിൽ ആദ്യമായാണ് ബലദിയ മേധാവികളായി വനിതകളെ നിയമിക്കുന്നത്. ശറഫിയ ബലദിയ മേധാവിയായി ഹിബ ബിൻത് ഹുസൈൻ അൽബലവിയെയും ദഹ്ബാൻ ബലദിയ മേധാവിയായി റശാ ബിൻത് ഗാസി അൽമിഹ്‌നിയെയും വനിതാ ബലദിയ മേധാവിയായി മർയം അബൂൽഐനൈനെയും നിയമിച്ചു. 

http://malayalamnewsdaily.com/sites/default/files/2018/08/28/p2jeddahmayorsalihalthurki.jpg

ജിദ്ദ മേയർ സ്വാലിഹ് അൽതുർക്കി

നഗരസഭക്കു കീഴിലെ വനിതാ സേവന വിഭാഗത്തിന്റെ പേര് വനിതാ ബലദിയ എന്നാക്കിയാണ് മേധാവിയായി മർയം അഹ്മദ് അബൂൽഐനൈനെ നയമിച്ചത്.  ജിദ്ദ നഗരസഭ മാനവശേഷി വിഭാഗം ഡയറക്ടർ ജനറലായി അരീജ് ബിൻ നാസിർ അൽബഖമിയെയും മേയർ നിയമിച്ചിട്ടുണ്ട്. 
സൗദിയിൽ തന്നെ ഒരു നഗരസഭക്കു കീഴിൽ മാനവശേഷി വിഭാഗം മേധാവിയായി നിയമിതയാകുന്ന ആദ്യ വനിതയാണ് അരീജ്. ബലി പെരുന്നാൾ അവധി അവസാനിച്ച ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തിലാണ് നാലു സുപ്രധാന പദവികളിൽ വനിതകളെ നിയമിച്ച് മേയർ ഉത്തരവിട്ടത്. ശാഖാ ബലദിയകളുടെ പ്രവർത്തന നിലവാരം ഉയർത്തുന്നതിനും മികവ് തെളിയിച്ച വനിതകളെ പ്രയോജനപ്പെടുത്തുന്നതിനുമാണ് മൂന്നു ബലിദയ മേധാവികളായി വനിതകളെ നിയമിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജിദ്ദ നഗരസഭ വക്താവ് മുഹമ്മദ് അൽബഖമി പറഞ്ഞു. പുതിയ പദവികളിൽ നിയമിക്കപ്പെട്ട വനിതകൾ രണ്ടു ദിവസത്തിനുള്ളിൽ ചുമതലയേൽക്കും. 
സൗദിയിൽ ആദ്യമായി ശാഖാ ബലദിയ മേധാവിയായി ഒരു വനിതയെ നിയമിച്ചത് മദീനയിലായിരുന്നു. നാലു മാസം മുമ്പ് കഴിഞ്ഞ ഏപ്രിലിലാണ് മദീന വനിതാ ബലദിയ മേധാവിയായി നിഹ്‌ല ബിൻത് സ്വാലിഹ് മുസഹറിനെ നിയമിച്ചത്. ഇതിനു ശേഷം കഴിഞ്ഞ മാസാദ്യം ഉത്തര അതിർത്തി പ്രവിശ്യ നഗരസഭക്കു കീഴിലെ വനിതാ ബലദിയ മേധാവിയായി ദലീൽ ഖലഫ് അൽശമ്മരിയും നിയമിക്കപ്പെട്ടു. മദീനക്കും ഉത്തര അതിർത്തി പ്രവിശ്യക്കും പിന്നാലെയാണ് ജിദ്ദയിൽ വനിതകളെ ബലദിയ മേധാവികളായി നിയമിക്കുന്നത്. മദീനയിലും ഉത്തര അതിർത്തി പ്രവിശ്യയിലും വനിതാ ബലദിയ മേധാവികളായാണ് വനിതകളെ നിയമിച്ചതെങ്കിൽ ജിദ്ദയിൽ പുതുതായി സ്ഥാപിച്ച വനിതാ ബലദിയക്കു പുറമെ സ്ത്രീപുരുഷന്മാരെ ഒരുപോലെ സ്വീകരിക്കുന്ന ശറഫിയ, ദഹ്ബാൻ ബലദിയ മേധാവികളായും വനിതകളെ നിയമിച്ച് ജിദ്ദ നഗരസഭ ചരിത്രം കുറിച്ചു. 
സൗദിയിൽ രാഷ്ട്ര നിർമാണത്തിൽ സജീവ പങ്കാളിത്തം വഹിക്കുന്നതിന് വനിതകൾക്കു മുന്നിലുണ്ടായിരുന്ന പ്രതിബന്ധങ്ങളെല്ലാം ഓരോന്നായി ഭരണാധികാരികൾ എടുത്തുകളഞ്ഞുവരികയാണ്. രണ്ടു മാസം മുമ്പ് സൗദിയിൽ വനിതകൾക്ക് ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വന്നു. രാജ്യത്ത് യാത്രാ വിമാനങ്ങളിൽ ക്യാപ്റ്റന്മാരായി ജോലി ചെയ്യുന്നതിന് അഞ്ചു വനിതാ പൈലറ്റുമാർക്ക് ലൈസൻസ് നൽകിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.  മറ്റു രാജ്യങ്ങളിലെ പോലെ സൗദിയിലെ യാത്രാ വിമാനങ്ങളിലും വനിതാ ക്യാപ്റ്റന്മാരെ വൈകാതെ കാണാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ വിദേശങ്ങളിൽ നിന്ന് പൈലറ്റ് ലൈസൻസ് നേടിയ സൗദി വനിതകൾക്ക് സ്വന്തം രാജ്യത്ത് ജോലി ചെയ്യുന്നതിന് സാഹചര്യമുണ്ടായിരുന്നില്ല. 

Latest News