കോട്ടയം- കേരള കോണ്‍ഗ്രസിന്റെ യോഗം കഴിഞ്ഞ് മടങ്ങവെ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ രണ്ടുപേര്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു. ചങ്ങനാശ്ശേരി സ്വദേശികളായ വര്‍ഗീസ് (69), പരമേശ്വരന്‍ (72) എന്നിവരാണ് മരിച്ചത്. കോട്ടയം- ചങ്ങനാശ്ശേരി റൂട്ടില്‍ കുറിച്ചി ചെറുവേലിപ്പടിയില്‍ ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം.
ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വരികയായിരുന്ന പിക്കപ്പ് വാന്‍ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ ഇരുവരും തല്‍ക്ഷണം മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കുറിച്ചി സ്വദേശിയായ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം കെ എ ഫ്രാന്‍സിസിന്റെ വീട്ടിലെ യോഗം കഴിഞ്ഞാണ് ഇരുവരും മടങ്ങിയത്.

	
	




