ന്യൂദല്‍ഹി- ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും മാപ്പുപറയുകയും നയതന്ത്ര ബന്ധങ്ങള്‍ അനുരഞ്ജനത്തിലൂടെ മെച്ചപ്പെടുത്തുകയും ചെയ്യാന്‍ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസുവിന് ഉപദേശം. മാലദ്വീപിലെ ജംഹൂരി പാര്‍ട്ടി നേതാവ് ഗസൂയിം ഇബ്രാഹിമാണ് പ്രസിഡന്റിനോട് ഇപ്രകാരം ആവശ്യപ്പെട്ടത്.
ഇന്ത്യയെ കുറ്റപ്പെടുത്തി മുഇസു സ്വീകരിച്ച നിലപാടിനെ അദ്ദേഹം തള്ളിപ്പറഞ്ഞു. ചൈന സന്ദര്‍ശനത്തിന് ശേഷം മടങ്ങവേയായിരുന്നു മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യ വിരുദ്ധ പരാമര്‍ശം. ഞങ്ങള്‍ ചെറിയ രാജ്യമാണെങ്കിലും എന്നാല്‍ തങ്ങളെ നിയന്ത്രിക്കാന്‍ ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നുമായിരുന്നു ഇന്ത്യയുടെ പേരെടുത്ത് പറയാതെയുള്ള വിമര്‍ശം.
മാലദ്വീപ് മന്ത്രിമാര്‍ പ്രധാനമന്ത്രി മോഡിക്കെതിരെ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളും വിവാദമായിരുന്നു. ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിമാരെ പുറത്താക്കിയെങ്കിലും മാലദ്വീപിനെതിരെ രൂക്ഷമായ പ്രചാരണം ഇന്ത്യ അഴിച്ചുവിട്ടു. ഇതോടെ ടൂറിസ്റ്റ് രാജ്യം പ്രതിസന്ധിയിലാണ്.
വിവാദപരമായ പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യയോടും മോഡിയോടും മാപ്പു പറയണമെന്ന് പാര്‍ട്ടി യോഗത്തിന് ശേഷമാണ് ഗസൂയിം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.