Sorry, you need to enable JavaScript to visit this website.

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; നാലുപേര്‍ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്- ബലൂചിസ്ഥാന്‍ മേഖലയിലുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരുക്കേറ്റു. 

ഇമ്രാന്‍ ഖാനെ 10 വര്‍ഷം തടവിന് ശിക്ഷിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടി പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് (പി. ടി. ഐ) സംഘടിപ്പിച്ച റാലിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പി. ടി. ഐ അംഗങ്ങള്‍ ഉള്‍പ്പെടെയാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. 

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പാര്‍ട്ടി പിന്തുണയുള്ള സ്ഥാനാര്‍ഥി സദ്ദാം തരീന്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലാണ് സ്ഫോടനമുണ്ടായതെന്ന് പി. ടി. ഐ നേതാവ് സലാര്‍ ഖാന്‍ കാക്കര്‍ പറഞ്ഞു.

ഹൃദയഭേദകമായ സംഭവത്തെ അപലപിക്കുന്നതായും പി. ടി. ഐ പ്രവര്‍ത്തകര്‍ക്ക് പകരം തീവ്രവാദികളെ അടിച്ചമര്‍ത്തുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്നും കാക്കര്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി എട്ടിനാണ് പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ്. ബലൂചിസ്ഥാന്‍ ചീഫ് സെക്രട്ടറിയില്‍ നിന്നും പോലീസ് മേധാവിയില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Latest News