Sorry, you need to enable JavaScript to visit this website.

കരിപ്പൂരിലെ ഇരട്ടി നിരക്ക്; തീർഥാടകരോടുള്ള വെല്ലുവിളി -സൗദി കെ.എം.സി.സി

റിയാദ്- ഹജ് യാത്രയ്ക്ക് ഇരട്ടി നിരക്ക് ഈടാക്കി കരിപ്പൂർ വഴി സഞ്ചരിക്കുന്ന തീർഥാടകരോട് കാട്ടുന്ന കൊടും ക്രൂരത വിശ്വാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇക്കൊല്ലം കേരളത്തിൽ നിന്ന് ഹജിന് അവസരം ലഭിച്ചവരിൽ പകുതിയിലധികവും കോഴിക്കോട് വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. 
അടിയന്തര ഇടപെടലുകൾ നടത്തി ഈ ദുരിതം നീക്കുന്നതിന് പകരം കേന്ദ്ര-സംസ്ഥാന ഹജ് കമ്മിറ്റികൾ നിരുത്തരവാദപരമായ പ്രസ്താവനകൾ ഇറക്കി തീർഥാടകരെ അവഹേളിക്കുകയാണ്. പരിഹാരം കാണാത്ത പക്ഷം മാതൃസംഘടനയായ മുസ്‌ലിം ലീഗ് ഇക്കാര്യത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ശക്തമായ പ്രതിഷേധ പരിപാടികൾക്കൊപ്പം പ്രവാസി സമൂഹം അണിനിരക്കുമെന്നും ബന്ധപ്പെട്ടവർ കണ്ണ് തുറക്കാത്ത പക്ഷം പാർട്ടിയുമായി ആലോചിച്ച് നിയമ നടപടികളെ കുറിച്ച് ആലോചിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.  
കരിപ്പൂരിനെ തകർക്കുകയെന്ന ഗൂഢ ലക്ഷ്യമാണ് ഇത്തരം നീക്കത്തിന് പിന്നിലുള്ളതെന്ന് എല്ലാവർക്കുമറിയാം. ഈ വിമാനത്താവളത്തിന്റെ ചിറകരിയാൻ വിമാനത്താവള നിർമാണം മുതൽ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് യാത്രക്കാരുടെയും തീർഥാടകരുടെയും കഴുത്തിന് പിടിക്കാനുള്ള ശ്രമം. ഇത് വിലപോവില്ലെന്നും ഇക്കാര്യത്തിൽ ന്യായമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയവും ന്യൂനപക്ഷ മന്ത്രാലയവും കേന്ദ്ര ഹജ് കമ്മിറ്റിയും സംസ്ഥാന സർക്കാരും തയാറാവണമെന്നും കെ.എം.സി.സി നേതാക്കൾ ആവശ്യപ്പെട്ടു.
കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് 85,000 രൂപക്ക് ഹജ് യാത്രക്കുള്ള സൗകര്യം ലഭിക്കുമ്പോൾ കോഴിക്കോട് വിമാനത്താവളം വഴി യാത്രക്ക് ഒരുങ്ങുന്നവരോട് ഇരട്ടി തുക ഈടാക്കുകയാണ്. 
കോർപറേറ്റ് ഭീമന്മാരുടെ കൈകളിലെത്തിയ എയർ ഇന്ത്യയുടെ ഈ പകൽകൊള്ളയെ തടയേണ്ട ഭരണാധികാരികൾ മൗനം പാലിക്കുന്നതും ദുരൂഹമാണ്. സാധാരണക്കാരായ ഹജ് തീർഥാടകർ ജീവിതാഭിലാഷം നിറവേറ്റാനായി കാലങ്ങളായി ഒരുക്കി വെക്കുന്ന സമ്പാദ്യമാണ് ഇതുവഴി ഊറ്റികുടിക്കാൻ ശ്രമിക്കുന്നത്.
നിരക്കിലെ ഈ വലിയ അന്തരം തുടർന്നാൽ കോഴിക്കോട് എംബാർക്കേഷൻ പോയന്റ് ഒഴിവാക്കി കൊച്ചിയും കണ്ണൂരും മാത്രമാക്കുമെന്ന സംസ്ഥാന ഹജ് കമ്മിറ്റിയുടെ മുൻവിധിയോടെയുള്ള സമീപനം ഭരിക്കുന്നവർക്കുള്ള ഓശാന പാടലാണ്. പരിഹാര സാധ്യതകൾ തേടുന്നതിന് പകരം വിശ്വാസി സമൂഹത്തെ പരിഹസിക്കുന്ന നിലപാടാണ് കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എന്ന് പറയുന്ന വ്യക്തിയിൽ നിന്നുണ്ടായത്. 
അദ്ദേഹത്തിന്റെ ലക്ഷ്യം ഭരിക്കുന്നവരെ സുഖിപ്പിക്കലും അൽപ കാലം കൂടി എങ്ങിനെയെങ്കിലും എവിടെയെങ്കിലും ഇരിപ്പിടം ഉറപ്പിക്കലുമാണ്. ഇത്തരം അവഹേളനപരമായ പ്രസ്താവനകൾ കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനെന്ന മഹത്തായ പദവിയോടുള്ള അനാദരവ് കൂടിയാണ്.
കോഴിക്കോട് നിന്ന് ചെറിയ വിമാനങ്ങൾ ഉപയോഗിച്ചും മറ്റ് വിമാനത്താവളങ്ങളിൽനിന്ന് വലിയ വിമാനങ്ങൾ ഉപയോഗിച്ചും സർവീസ് നടത്തുന്നതാണ് നിരക്കിലെ ഭീമമായ അന്തരത്തിന് കാരണമെന്നാണ് വാദമെങ്കിലും ഇത് വസ്തുതാപരമായി ശരിയല്ലെന്നാണ് മുൻ വർഷങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം വലിയ വിമാനങ്ങൾ ഉപയോഗിച്ച് ഹാജിമാരെ കൊണ്ട് പോയ കൊച്ചിയിലെ നിരക്ക് കോഴിക്കോടിനേക്കാൾ താരതമ്യേന കൂടുതലായിരുന്നു.
വലിയ വിമാന സർവീസ് ഉടനെ പുനരാരംഭിക്കുകയോ, ഹജിനായി പ്രത്യേക തീരുമാനമെന്നോണം വലിയ വിമാന സർവീസുകൾക്ക് അനുമതി നൽകുകയോ, നിലവിലെ ഭീമമായ തുക കുറക്കാൻ കോഴിക്കോട് നിന്നുള്ള ഹജ് ഓപറേഷന് കൂടുതൽ ഇന്ത്യൻ, സൗദി വിമാന കമ്പനികളെ ഉൾപ്പെടുത്തി റീ ടെണ്ടർ വിളിക്കുകയോ ചെയ്ത് വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്ന് സൗദി കെ.എം.സി.സി നേതാക്കളായ കെ.പി. മുഹമ്മദ്കുട്ടി, കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള എന്നിവർ ചൂണ്ടിക്കാട്ടി.
 

Latest News