ദോഹ-ഗാസയില്‍നിന്ന് പൂര്‍ണമായും ഇസ്രായില്‍ സൈന്യത്തെ പിന്‍വലിക്കാതെ ബന്ദി മോചനം സംബന്ധിച്ച ഒരു ധാരണയുമുണ്ടാക്കില്ലെന്ന് ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് അറിയിച്ചു.
രണ്ടു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് ജിഹാദ് ഗ്രൂപ്പിന്റെ സെക്രട്ടറി ജനറല്‍ സിയാദ് നഖലെഹ് നിലപാട് വ്യക്തമാക്കിയത്.
അതിനിടെ, ഗാസയില്‍ വെടിനിര്‍ത്തലിനായി മുന്നോട്ട് വെച്ച കരട് ധാരണയിലെ വ്യവസ്ഥകള്‍ പഠിച്ചുവരികയാണെന്ന് ഹമാസ്. പാരീസില്‍ നടന്നുവരുന്ന ചര്‍ച്ചകളില്‍ ബന്ധപ്പെട്ടവെര്‍ക്കായി നല്‍കിയ കരട് നിര്‍ദേശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായും അവയുടെ സാധ്യതകളും പ്രതികരണങ്ങളുമെല്ലാം പരിശോധിക്കുകയാണെന്നും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ ടെലിഗ്രാമില്‍ അറിയിച്ചു.
അമേരിക്കയുടെയും, ഈജിപ്തിന്റെയും, ഖത്തറിന്റെയും മധ്യസ്ഥതയിലാണ് പാരീസില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതിന് രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ഇതിന് പകരമായി ആയിരക്കണക്കിന് ഫലസ്തീനി തടവുകാരെ ഇസ്രായിലും മോചിപ്പിക്കും. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
സെലിബ്രിറ്റികളില്‍ പലരും പോയത് അയോധ്യയിലേക്ക്, നടി തമന്നയുടേത് വേറിട്ട സന്ദര്‍ശനം
ചര്‍ച്ചകള്‍ക്കായി പാരീസില്‍ എത്തിയ സി.ഐ.എ മേധാവി വില്യം ബേണ്‍സ് ഈജിപ്ത്, ഖത്തര്‍, ഇസ്രായില്‍ ഉദ്യോഗസ്ഥരുമായി കൂടിയാലോചന തുടരുകയാണ്. ചര്‍ച്ചകള്‍ ക്രിയാത്മകമാണെന്നും, ബന്ധപ്പെട്ട കക്ഷികള്‍ക്കിടയിലുള്ള ചില പ്രധാന വിയോജിപ്പുകളെ കുറിച്ചാണ് ചര്‍ച്ചയന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ഥാനി പറഞ്ഞു.
അതേസമയം, താല്‍ക്കാലിക വെടിനിര്‍ത്തലിനോട് ഹമാസ് യോജിക്കുന്നില്ല. സമ്പൂര്‍ണവും സമഗ്രവുമായ വെടിനിര്‍ത്തലാണ് ആവശ്യമെന്ന് ഹമാസ് വക്താവ് താഹിര്‍ അല്‍ നുനു വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഇസ്രായില്‍ സൈന്യം പൂര്‍ണമായും ഗാസ വിട്ടുപോകണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യം പക്ഷെ ഇസ്രായില്‍ അംഗീകരിച്ചിട്ടില്ല.
ഘട്ടം ഘട്ടമായി ബന്ദികളെ മോചിപ്പിക്കുന്നതിന്റെ സാധ്യതകളാണ് ഇപ്പോള്‍ ചര്‍ച്ചയെന്ന് ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി 45 ദിവസത്തേക്ക് വെടിനിര്‍ത്തലുണ്ടാവും. ഈ ഘട്ടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 35-40 ഇസ്രായിലി ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം നാലായിരം ഫലസ്തീന്‍ തടവുകാരെ ഇസ്രായിലും മോചിപ്പിക്കും. അടുത്ത ഘട്ടത്തില്‍ ഹമാസിന്റെ കസ്റ്റഡിയിലുള്ള ഇസ്രായിലി സൈനികരുടെ മോചനമാണ്. അവസാന ഘട്ടത്തില്‍ ഇസ്രായിലി സൈനികരുടെ മൃതദേഹങ്ങളും. ഇതിനുപകരം എത്ര ഫലസ്തീനികളെ മോചിപ്പിക്കണമെന്നും എത്ര സമയം വേണ്ടിവരുമെന്നുമുള്ള കാര്യങ്ങള്‍ പിന്നീട് കൂടിയാലോചനകളിലൂടെ തീരുമാനിക്കുമെന്നും ഇസ്രായിലി മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ ഗാസയില്‍നിന്ന് പിന്മാറുകയോ, ആയിരക്കണക്കിന് ഫലസ്തീനികളെ വിട്ടയക്കുകയോ ചെയ്യില്ലെന്നാണ് നെതന്യാഹു പറഞ്ഞത്. ഗാസയിലേക്ക് കുടിയേറ്റം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായിലിലെ തീവ്രവലതുപക്ഷ വിഭാഗവും സമ്മര്‍ദം ശക്തമാക്കുന്നുണ്ട്.
അതിനിടെ, വെടിര്‍ത്തല്‍ ചര്‍ച്ച പുരോഗമിക്കുമ്പോഴും ഗാസയില്‍ ഇസ്രായില്‍ ആക്രമണം രൂക്ഷമായി തുടരുന്നു. ഗാസ സിറ്റിയിലെ സാബ്ര, തുഫ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഡസന്‍കണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ ഏഴിനുശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26751 ആയി. പരിക്കേറ്റവര്‍ 65,636. അതേസമയം ഗാസയില്‍ രണ്ടായിരത്തോളം ഭീകരന്മാരെ വധിച്ചുവെന്ന് ഇസ്രായില്‍ സേന പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ ആശുപത്രിയില്‍ സിവിലിയന്‍ വേഷത്തിലെത്തിയ ഇസ്രായില്‍ പോലീസ് മൂന്ന് ഫലസ്തീനികളെ വെടിവെച്ചുകൊന്നു. ജനിനിലെ ഇബ്‌ന് സിന ആശുപത്രിയില്‍ രോഗികളായും സിവിലിയന്മാരായും വേഷമിട്ടെത്തിയാണ് ഇസ്രായില്‍ പോലീസ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവര്‍ ഭീകരാക്രമണം നടത്താന്‍ പദ്ധയിട്ടിരുന്നുവെന്നാണ് ഇസ്രായില്‍ പോലീസ് പറയുന്നത്.
അതിനിടെ, ഗാസയിലെ യു.എന്‍ അഭയാര്‍ഥി ഏജന്‍സി യു.എന്‍.ആര്‍.ഡബ്ല്യു.എക്കുള്ള സഹായം നിര്‍ത്തിവെച്ച വിവിധ രാജ്യങ്ങളുടെ നടപടിയെ റഷ്യ അപലപിച്ചു. ഇത് കൂട്ടശിക്ഷാ നടപടിയാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ യു.എന്‍.ആര്‍.ഡബ്ല്യു.എ അംഗങ്ങള്‍ക്കും പങ്കുണ്ടെന്ന ഇസ്രായില്‍ വാദം മുഖവിലക്കെടുത്താണ് അമേരിക്കയും, ജപ്പാനും, ജര്‍മനിയും, ബ്രിട്ടനുമടക്കം നിരവധി രാജ്യങ്ങള്‍ സഹായം നിര്‍ത്തിവെച്ചത്. എന്നാല്‍ ആരോപണം നിഷേധിച്ച സംഘടന ഇതേകുറിച്ച് അന്വേഷണം നടത്തുമെന്നറിയിച്ചിട്ടുണ്ട്.